
സമ്പൂര്‍ണ വിഷുഫലം
മേടപ്പൊൻപുലരി: വിഷുക്കൈനീട്ടമായി ഈ വർഷത്തെ ലോകജനത അനുഭവിക്കുന്ന ഫലങ്ങൾ
തയ്യാറാക്കിയത്: ജോത്സ്യൻ തെങ്കര സുബ്രഹ്മണ്യൻ
പ്രധാന മുഹൂര്‍ത്തങ്ങള്‍:
മേഷ രവി സംക്രമം: 1201 മേടം 2, വിഷു (14 ഏപ്രില്‍ 2026), പകല്‍ 09:32-ന് (ചൊവ്വാഴ്ച, ചതയം നക്ഷത്രം).
വിഷുക്കണി ദര്‍ശനം: 1201-ാമാണ്ട് മേടം 2-ന് (2026 ഏപ്രില്‍ 15, ബുധനാഴ്ച) പുലര്‍ച്ചെ 04:30 മുതല്‍ 06:30 വരെ ശുഭമാണ്.
ലോക സാഹചര്യങ്ങളും പൊതുഫലങ്ങളും
പുതുവര്‍ഷത്തിന്റെ തുടക്കമായ മേടം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുമ്പോഴും, ഏപ്രില്‍ 14-ന് വരുന്ന സൂര്യന്റെ സംക്രമവും, ഏപ്രില്‍ 2-ലെ ചൊവ്വാ-ശനി യോഗവും ലോകത്ത് പലവിധ മാറ്റങ്ങള്‍ക്ക് കാരണമാകും. ഈ ഗ്രഹനിലയുടെ ഫലമായി നാശനഷ്ടങ്ങള്‍ വര്‍ദ്ധിക്കാനും, നിലവില്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ ലോകജനതയെ മൊത്തത്തില്‍ ബാധിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ജൂണ്‍ 2-ലെ വ്യാഴമാറ്റത്തിന് ശേഷം ലോകം സാവധാനം സമാധാനത്തിലേക്ക് നീങ്ങുന്നതാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തിന് ബുദ്ധിമുട്ടുകള്‍ കുറയാനും, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒരു വന്‍ശക്തിയായി മാറാനും ഈ കാലയളവില്‍ സാധ്യത കാണുന്നു.
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ മാറ്റങ്ങളും:
ശനിയുടെയും ചൊവ്വയുടെയും സ്വാധീനം ഭൗമാന്തര്‍ഭാഗത്തുള്ള വാതകങ്ങളെയും (പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ – ചൊവ്വ), വരണ്ട മരുഭൂമി പ്രദേശങ്ങളെയും (ശനി) ബാധിക്കും. ഇത്തരം സ്ഥലങ്ങളില്‍ സ്‌ഫോടനങ്ങള്‍ക്കും പ്രകൃതിവാതക ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിന്റെ പരിണിതഫലമായി ലോകത്തില്‍ ഭൂമികുലുക്കവും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മദീന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശനിയുടെ സ്വാധീനത്താല്‍ അറബ് രാജ്യങ്ങളില്‍ കൊടുങ്കാറ്റിനും, അഗ്‌നി-മാരുത യോഗം ഉള്ളതിനാല്‍ അഗ്‌നിബാധയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ വ്യോമഗതാഗതത്തിന് കൊടുംകാറ്റ് തടസ്സം സൃഷ്ടിച്ചേക്കാം.
ശനി ജലാശയ രാശിയായ മീനം രാശിയില്‍ നില്‍ക്കുന്നതിനാല്‍, ജലസമ്മര്‍ദ്ദം കാരണം കാലപ്പഴക്കം ചെന്ന ജലാശയങ്ങള്‍ (ഡാമുകള്‍) തകരാനും ദുരന്തങ്ങള്‍ ഉണ്ടാകാനും ഇടയുണ്ട്. ഈ വര്‍ഷം അകാലമഴയും കൃഷിനാശവും പ്രതീക്ഷിക്കാം. അതുപോലെ കുംഭം രാശിയിലെ രാഹുവിന്റെ സ്ഥിതി ഭക്ഷ്യവിഷബാധയ്ക്കും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകാം.
സമ്പദ്വ്യവസ്ഥയും സാങ്കേതികവിദ്യയും:
മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ലോകത്തിന്റെ സമ്പദ്വ്യവസ്ഥ തകിടം മറിയാനും, അതുമൂലം രാജ്യങ്ങള്‍ തമ്മില്‍ നിലവിലുള്ള ആഗോള പണവ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് പ്രാധാന്യമേറും. ബുധനെയും ശുക്രനെയും വിലയിരുത്തുമ്പോള്‍, ഉയര്‍ന്ന സാങ്കേതികവിദ്യയുടെ ദുരുപയോഗം മനുഷ്യനാശത്തിന് കാരണമായേക്കാം.
പ്രവാസികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
പ്രകൃതിക്ക് വിരുദ്ധമായ കര്‍മ്മങ്ങള്‍ കാരണം ലോകത്തിന് ആപത്തുണ്ടാകുമെന്ന് മുന്‍കൂട്ടി മനസ്സിലാക്കി, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ (സൗദി അറേബ്യ, ഒമാന്‍, യെമന്‍, ഇറാന്‍, ഇറാഖ്, ഇസ്രായേല്‍, ഖത്തര്‍) ജോലിയെടുക്കുന്നവര്‍ ശ്രദ്ധിക്കുക. പാക്കിസ്ഥാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലുള്ളവരും സുരക്ഷിത മേഖലകളായ ജര്‍മ്മനി, ഓസ്‌ട്രേലിയ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറിത്താമസിക്കുന്നത് ഗുണപ്രദമായിരിക്കും.
പരിഹാരങ്ങള്‍:
പറയപ്പെട്ട ആപത്തുകളില്‍ നിന്ന് രക്ഷ നേടാനും, സര്‍വ്വേശ്വരകാരകനായ വ്യാഴത്തിന്റെ അനുഗ്രഹം ലഭിക്കാനുമായി ധ്യാനം, യാഗം, യജ്ഞം, ഹോമം, തപം, നാമപാരായണം, ദാനധര്‍മ്മാദികള്‍, സത്കര്‍മ്മങ്ങള്‍, ഈശ്വരപ്രാര്‍ത്ഥനകള്‍ എന്നിവ അനുഷ്ഠിക്കുന്നത് അത്യുത്തമമായിരിക്കും.
1201 വിഷുഫലം (2026 ഏപ്രില്‍ മുതല്‍ 2027 ഏപ്രില്‍ 15 വരെ)
ജ്യോതിഷ ശാസ്ത്രപ്രകാരമുള്ള ഗ്രഹനില അനുസരിച്ച് ഓരോ കൂറുകാര്‍ക്കുമുള്ള പൊതുവായ ഫലങ്ങള്‍ താഴെ നല്‍കുന്നു. വ്യക്തിപരമായ ഗ്രഹനില അനുസരിച്ച് ഫലങ്ങളില്‍ മാറ്റങ്ങള്‍ വരാം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4):
ഈ വര്‍ഷം സമ്മിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കുന്നത്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയമാണ്. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പുതിയ അവസരങ്ങള്‍ ഉണ്ടാകും. മത്സര പരീക്ഷാദികളില്‍ വിജയം കണ്ടെത്തും. ആരോഗ്യത്തിന് ആശ്വാസം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക ചെലവുകള്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസം, സ്ഥാനമാനങ്ങള്‍, സ്ഥാനമാറ്റങ്ങള്‍, പുണ്യതീര്‍ത്ഥയാത്രകള്‍ എന്നിവ ഉണ്ടാകും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി, സന്താന ഗുണഫലം എന്നിവ ലഭിക്കും. തര്‍ക്കവിഷയങ്ങള്‍ക്ക് പരിഹാരം കാണാനും കേസ് വ്യവഹാരങ്ങളില്‍ തീര്‍പ്പുകല്പിക്കാനും സാധിക്കും. ജോലിമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2):
തൊഴില്‍ രംഗത്ത് മികച്ച പുരോഗതി ഉണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കും. ദൂരയാത്രകള്‍ ഗുണകരമാകും. വിദ്യാഭ്യാസ ഭംഗം ഉണ്ടാകാം (ആഗ്രഹിക്കുന്ന വിദ്യാഭ്യാസത്തിന് തടസ്സം). വിദേശ ജോലിയില്‍ തടസ്സം, വര്‍ഷാവസാനം ജോലിയില്‍ സ്ഥിരതാമാറ്റം എന്നിവ ഉണ്ടാകാം. നിത്യരോഗങ്ങള്‍ അധികരിക്കും. ഓഹരിക്കമ്പോളത്തില്‍ നഷ്ടത്തിന് സാധ്യത. ഐ.ടി (IT) രംഗത്ത് ഉയര്‍ച്ചയുണ്ടാകും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4):
ഈ വര്‍ഷം ചില തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. സംസാരത്തില്‍ മിതത്വം പാലിക്കുന്നത് ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചെലവുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സാമ്പത്തിക അച്ചടക്കം പാലിക്കുക. കൂട്ടുകച്ചവടം ശ്രദ്ധിക്കണം. മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും. സാമ്പത്തിക, ബാങ്കിംഗ്, വ്യാപാര മേഖലകളില്‍ ഉള്ളവര്‍ക്ക് അനുകൂലം. അപ്രതീക്ഷിത രോഗങ്ങള്‍, ആരോഗ്യ ബുദ്ധിമുട്ടുകള്‍ എന്നിവ അലട്ടാം. നാമജപവും ഈശ്വര പ്രാര്‍ത്ഥനകളും പുണ്യതീര്‍ത്ഥയാത്രകളും പരിഹാരമാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം):
മാനസികമായി വലിയ ആശ്വാസം ലഭിക്കുന്ന മാസമായിരിക്കും ഇത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. വിദ്യാഭ്യാസ രംഗം പ്രത്യേകം ശ്രദ്ധിക്കണം. പുണ്യയാത്രകള്‍, വിദേശയാത്രകള്‍, കര്‍മ്മരംഗത്തെ യാത്രകള്‍ എന്നിവ അനുകൂലമാണ്. അപ്രതീക്ഷിത വൈറസ് ബാധകള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ അലട്ടുന്നവരും, കിഡ്‌നി, കരള്‍ രോഗങ്ങളുള്ളവരും ശ്രദ്ധിക്കണം. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4):
ബിസിനസ്സില്‍ ശ്രദ്ധിക്കണം. കലാ, സിനിമാ, ഐ.ടി/എ.ഐ, വൈദ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാധിക്യവും അംഗീകാരങ്ങളും ലഭിക്കും. കാര്‍ഷികരംഗത്ത് പ്രതീക്ഷിത ലാഭക്കുറവുണ്ടാകും. വീടുപണി പൂര്‍ത്തിയാക്കാന്‍ സാധിക്കും. എന്നാല്‍ അനാവശ്യ തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2):
കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന മാസമാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വസ്തുക്കളോ വാഹനങ്ങളോ വാങ്ങാന്‍ യോഗമുണ്ട്. നൂതന ഗൃഹനിര്‍മ്മാണം, പരീക്ഷാവിജയം, സന്താനഗുണം, വിശേഷ വസ്ത്രാഭരണ ലാഭം എന്നിവയ്ക്ക് അനുകൂലം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4):
സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുമെങ്കിലും അമിതവ്യയം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ ആവശ്യമായി വരും. പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തുന്നത് മനഃശാന്തി നല്‍കും. കര്‍മ്മരംഗത്ത് മാറ്റം, മാനസിക ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം. സുഹൃത് ജനങ്ങളില്‍ നിന്ന് തിരിച്ചടി നേരിടാം. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമപ്പെടരുത്. അന്യായ പ്രവര്‍ത്തികളിലും അപവാദങ്ങളിലും പെടാതെ ശ്രദ്ധിക്കുക.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട):
കര്‍മ്മരംഗത്ത് ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ പരിശോധനകള്‍ നടത്തുക. പുതിയ സൗഹൃദങ്ങള്‍ വഴി ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണം ലഭിക്കും. സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താനയോഗവും, അവിവാഹിതര്‍ക്ക് വിവാഹയോഗവും കാണുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4):
അപ്രതീക്ഷിത ധനവ്യയം, കുടുംബത്തില്‍ അകാരണ കലഹങ്ങള്‍, രോഗാധിക്യം, മാനസിക ബുദ്ധിമുട്ട്, സ്ഥാനമാറ്റങ്ങള്‍ എന്നിവ ഉണ്ടാകും. ഓഹരിക്കമ്പോളങ്ങളില്‍ ശ്രദ്ധ വേണം. സംസാരം ശ്രദ്ധിക്കണം. വിദ്യാഭ്യാസം, കര്‍മ്മമേഖല എന്നിവയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
ധനപരമായി മികച്ച സമയമാണ്. കടബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കും. സഹോദരങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ഈശ്വര പ്രാര്‍ത്ഥന നടത്തണം. വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുയോജ്യമായ സമയമാണ്. ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക. സത്സംഗങ്ങളിലും പുണ്യതീര്‍ത്ഥയാത്രകളിലും പങ്കെടുക്കുക. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അനുകൂല സമയം.
കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4):
ജോലിയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. എങ്കിലും ബുദ്ധിപരമായ നീക്കങ്ങളിലൂടെ അവ തരണം ചെയ്യാന്‍ സാധിക്കും. ദൂരസ്ഥലങ്ങളിലേക്ക് ജോലി മാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. മാനസിക ബുദ്ധിമുട്ട് ഉണ്ടാകാം. വിദ്യാഭ്യാസത്തില്‍ ആദ്യം തടസ്സങ്ങള്‍ നേരിട്ടാലും പിന്നീട് മെച്ചപ്പെടുന്നതാണ്.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മരംഗം ശോഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്.
തയാറാക്കിയത് : ജോല്‍സ്യന്‍ തെങ്കര സുബ്രഹ്‌മണ്യ ന്‍.
(ഫോണ്‍: 73066 45694.

