
സമ്പൂര്‍ണ വിഷുഫലം; ഈ നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം | Vishuphalam 2025
സൂര്യന്‍ മീനംരാശിയില്‍ നിന്ന് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സംക്രമ ദിനവും ഭൂമിയില്‍ എല്ലായിടത്തും രാവും പകലും തുല്യമാകുന്ന ദിനവും അതുപോലെ മലയാളികളുടെ കാര്‍ഷികവര്‍ഷാരംഭദിനവും കൂടിയാണ് വിഷുവായിട്ട് നാം ആഘോഷിക്കുന്നത്. മലയാളികളുടെ കാര്‍ഷിക സംസ്‌ക്കാരം വിഷു ആഘോഷവുമായി ബന്ധപ്പെട്ടതാണ്. ഞാറ്റുവേലയുടെ ആരംഭവും ചാലു കീറല്‍, കൈക്കോട്ട് ചാല്‍, വിത്ത് നടീല്‍ തുടങ്ങിയവയെല്ലാം വിഷു ദിവസം തന്നെ വളരെ ശുഭസൂചകമായി തുടങ്ങുന്നു. മലയാളിയെ സംബന്ധിച്ച് വിഷുഫലമാണ് ഒരു വര്‍ഷത്തെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും കര്‍മ്മഫലങ്ങള്‍ക്കും അടിസ്ഥാനമായി കണക്കാക്കുന്നതും വിശ്വസിക്കുന്നതും. വിഷുക്കണിയില്‍ ഒരുക്കുന്ന കൊന്നപ്പൂ ,ധന ധാന്യ വസ്ത്ര ആഭരണങ്ങള്‍, കാര്‍ഷിക ഫലങ്ങള്‍,പഴങ്ങള്‍, വിശിഷ്ടഗ്രന്ഥം, വാല്‍ക്കണ്ണാടി, താംബൂലാദികള്‍ എന്നിവയോടൊപ്പം ഭഗവദ് ദര്‍ശനവും വീട്ടിലെ മുതിര്‍ന്നവര്‍ തരുന്ന വിഷുക്കൈനീട്ടവും തനതുവര്‍ഷത്തിന്റെ ശുഭഫലത്തിന്റെയും അനുഗ്രഹത്തിന്റെയും പ്രതീകമാണ്. ഈ വര്‍ഷത്തെ വിഷുഫലം എങ്ങനെ എന്ന് നോക്കാം. മീനശനി ഇടവവ്യാഴം കൊല്ലവര്‍ഷം 1200-ാമാണ്ട് മീനമാസം 30-ാം തിയ്യതി (14.4.2022 ഞായറാഴ്ച പുലര്‍ച്ചെ 3 മണി 22മിനിറ്റ്) ചോതി നക്ഷത്രത്തില്‍ കൃഷ്ണപക്ഷ പ്രഥമ തിഥിയും വരാഹകരണവും വജ്ര നാമനിത്യയോഗവും കൂടിയ സമയത്ത് കുംഭം രാശി ഉദയ സമയം ഭൂമി ഭൂദോദയം കൊണ്ട് മേഷ വിഷു സംക്രമം.
സംക്രമഫലം
പൊതുവെ വര്‍ഷാധിക്യവും തന്‍മൂലം കൃഷിനാശവും ഫലം. ദേവത ഘോരയാകയാല്‍ രാജ്യത്ത് ജാതിസ്പര്‍ദ്ധയും കലഹങ്ങളും ഉണ്ടാവാന്‍ സാധ്യത. ഭാരതീയര്‍ക്ക് അഭിവൃദ്ധിയും ആചാരാനുഷ്ഠാനങ്ങള്‍ക്ക് സ്ഥിരതയും കുടിയേറ്റക്കാര്‍ക്കും ഭീകരവാദികള്‍ക്കള്‍ക്കും സര്‍വ്വനാശവും ഫലം. വാഹനം സൂകരമാകയാല്‍ കാര്‍ഷികവിളനാശവും ചിത്രവര്‍ണ്ണമാകയാല്‍ സ്വല്പം ധാന്യസമൃദ്ധിയും പുഷ്പം ഇലഞ്ഞിയാകയാല്‍ ഉദരപീഢയും ഫലം. അലങ്കാരം രജതമാകയാല്‍ വെള്ളിക്ക് നാശവും ലേപനം ചന്ദനമാകയാല്‍ നല്ലമഴയും ലോകത്തിന് അഭിവൃദ്ധിയും ആയുധം ഖഡ്ഗം ആകയാല്‍ കലഹവും ദുര്‍മ്മരണവും ഫലം. സ്‌നാനജലം അഗരു ആകയാല്‍ രാജഭയവും അനാവൃഷ്ടിയും ഫലം. ഭോജനപാത്രം ചെമ്പുപാത്രമാകയാല്‍ നല്ലമഴയുംമഘം നീലമേഘമാകയാല്‍ ഈ വര്‍ഷം രാജ്യത്ത് ധാരാളം മഴലഭിക്കാന്‍ സാധ്യത ഉണ്ട്. ഇത് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കാം. കൂടാതെ രാജ്യത്തിന് കാര്‍ഷിക വിളകള്‍ക്കായി അന്യദേശങ്ങളെ ആശ്രയിക്കേണ്ടതായും വരും. സംക്രമം ചോതിനക്ഷത്രത്തില്‍ ആകയാല്‍ വ്യാപാരാഭി ഭോജനം സത്തു ആകയാല്‍ ഭക്ഷ്യസ്വയം പര്യാപ്തതക്കുറവും ഫലം.
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ പാദം )
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിനും വിജയത്തിനും അനുകൂലമാണെങ്കിലും കഠിന പ്രയത്‌നം ചെയ്യേണ്ടിവരും. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് സമയം അനുകൂലം. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും വസ്ത്രവ്യാപാരം, സൗന്ദര്യവര്‍ദ്ധകവസ്തു എന്നിവയുടെ ഉല്‍പ്പാദന രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക പുരോഗതിയും ഉണ്ടാകും.ഓഹരി കമ്പോളത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിത ധനച്ചെലവും പ്രതീക്ഷിക്കാം.
കല, സാഹിത്യം എന്നീ രംഗങ്ങളിലെ എഴുത്തുകാര്‍ക്കും ശില്പികള്‍ക്കും അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് തടസ്സങ്ങളും സാമ്പത്തിക നഷ്ടവും ഉണ്ടാകാം. സന്താന ലബ്ധി, വിവാഹാനുകൂലം,പ്രേമ നൈരാശ്യം, സന്താനങ്ങളുമായുള്ള കൂടിച്ചേരല്‍,ദാമ്പത്യകലഹം, ജോലിഭാരം, മാതൃജനങ്ങള്‍ക്ക് അരിഷ്ട, സ്വജനങ്ങള്‍ക്കായി സാമ്പത്തികച്ചെലവ് എന്നിവയും ഫലം. വൈദ്യശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ഭാരം കൂടാം. രാജ്യരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധചെലുത്തണം. വാഹന കൈകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ത്വക്ക് അലര്‍ജി, വൈറസ് ബാധ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക. രക്തജന്യങ്ങളായ അസുഖങ്ങള്‍ പ്രത്യേകിച്ച് രക്താര്‍ബുദ രോഗികള്‍, രക്ത സമ്മര്‍ദ്ദം, ഹൃദയ പീഡ എന്നിവ അലട്ടുന്നവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും ശരിയായ വൈദ്യപരിശോധന തേടേണ്ടതും ആണ്.
ഇടവക്കൂറ് (കാര്‍ത്തിക അവസാന മൂന്നു പാദം രോഹിണി, മകയിരംആദ്യ രണ്ടു പാദം)
വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, ഐടി സാങ്കേതിക വിദഗ്ദ്ധര്‍ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകും. മുടങ്ങിക്കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. അപ്രതീക്ഷിത ധന ലാഭം.
ഇരുമ്പുരുക്കു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വൈദ്യം,ചിത്രകല,സിനിമ നൃത്തം,സംഗീതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഭിവൃദ്ധി. കാര്‍ഷികരംഗം മെച്ചപ്പെടുകയും കൃഷിയില്‍ നിന്ന് നേട്ടം ലഭിക്കാനും സാധ്യത. സുഗന്ധദ്രവ്യങ്ങളില്‍ നിന്ന് ലാഭം. സ്വര്‍ണ്ണാഭരണങ്ങളും വിശേഷ വസ്ത്രങ്ങളും വാങ്ങാനിടവരും. വസ്തു, വാഹനാദികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. പുണ്യതീര്‍ത്ഥയാത്രകള്‍, ഉല്ലാസയാത്രകള്‍ എന്നിവ നടത്തും. അസുഖങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിവാഹാലോചനകള്‍ക്ക് തീരുമാനമാകും. പൊതുവെ കുടുബത്തില്‍ ഐക്യവും സമാധാനവും ഉണ്ടാകും.
മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ആകുലത ഉണ്ടാവും. പൊതു പ്രവര്‍ത്തകര്‍ക്ക് അപവാദ ആരോപണങ്ങള്‍ നേരിടും. ശ്വാസസംബന്ധമായതും കര്‍ണ്ണസംബന്ധമായതും കഫ സംബന്ധവുമായ രോഗങ്ങള്‍ക്ക് ചികിത്സ തേടണം. മാനസിക അസ്വാസ്ഥ്യങ്ങള്‍ നേരിടാം. അമിത മൊബൈല്‍ ഉപയോഗം കലഹത്തിനിടയാക്കും. അസമയത്തെ നടത്തം, അമിത ലഹരി ഉപയോഗം, അനാവശ്യ കൂട്ടുകെട്ട്, അനധികൃത സമ്പാദ്യം എന്നിവ കുടുംബത്തില്‍ അസ്വസ്ഥത സൃഷ്ടിക്കും.
മിഥുനക്കൂറ് (മകീരം അവസാന രണ്ടു പാദം തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദം )
സന്താനങ്ങളെ കൊണ്ട് ഗുണാനുഭവം. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. ജോലിഭാരം വര്‍ദ്ധിക്കും. അനാവശ്യ യാത്രകള്‍ ചെയ്യേണ്ടി വരും. ധനനഷ്ടം, മാനഹാനി, ദാമ്പത്യകലഹം എന്നിവ അലട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടുപണി നീണ്ടുപോകും. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ പണം കടമെടുക്കേണ്ടിവരും. ലോണുകള്‍ എടുത്തത് തിരിച്ചടക്കാന്‍ ബുദ്ധിമുട്ടും. കൃഷിനാശം ഉണ്ടാകാം. ആലോചിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ സാമ്പത്തിക നഷ്ടം, മനോ ദുഃഖം എന്നിവ ഉണ്ടാക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കുന്നതിനായി കേസ് വ്യവഹാരങ്ങള്‍ എന്നിവ നടത്തേണ്ടി വരും. ഓഹരി കമ്പോളം നഷ്ടത്തിലാകും. രേഖയില്ലാത്തേ നടത്തുന്ന ഇടപാടുകളില്‍ വിശ്വാസവഞ്ചന നേരിടാം.
ഉദരപീഡ, വാത കോപം രക്തജന്യ രോഗം എന്നിവ പിടി പെടാം. കിഡ്‌നി,കരള്‍ പ്രമേഹം രോഗബാധിതര്‍ക്ക് രോഗാവസ്ഥ മൂര്‍ച്ഛിക്കാനിടയുണ്ട്. ഭക്ഷ്യവിഷബാധ ഏല്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ ആഹാരകാര്യങ്ങളില്‍ കരുതല്‍ വേണം.
അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. സര്‍ക്കാരില്‍ നിന്നും പ്രതികൂല നടപടികള്‍ ഉണ്ടാകാം. ഭൂമി വ്യവഹാരങ്ങള്‍ തടസ്സപ്പെടാം. അന്യായ സ്വത്തുസമ്പാദനം കര്‍മ്മ മേഖലയെ ബാധിച്ച് അപവാദങ്ങളില്‍ പെടാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ പല തടസ്സങ്ങളും ഉണ്ടാകും. കൂട്ടുകെട്ടിലൂടെ ലഹരിക്ക് അടിമപ്പെടാതിരിക്കാന്‍ ശ്രമിക്കണം. മയക്കുമരുന്നുപയോഗം ഗൃഹാന്തരീക്ഷത്തെ വഷളാക്കുമെന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പുണ്യതീര്‍ത്ഥയാത്രകള്‍ ആശ്വാസമേകും. ദൈവാധീനം ഉണ്ടാവാന്‍ ജപങ്ങള്‍, പ്രാര്‍ത്ഥനകള്‍, ക്ഷേത്ര ദര്‍ശനം എന്നിവ ചെയ്യേണ്ടതാണ്.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാനപാദം, പൂയം,ആയില്യം)
പൊതുവെ പറഞ്ഞാല്‍ ഈ കൂറുകാര്‍ക്ക് വിദേശഭാഗ്യാനുഭവങ്ങള്‍ ലഭിക്കാനുള്ള സമയം ആണ്.
വിദേശ ജോലി, പഠനം, പഠനത്തോടൊപ്പം ജോലി,സ്ഥിരവിസ എന്നിവ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സംഗീതനൃത്തകലാരംഗത്ത് അഭിവൃദ്ധി,സ്ഥാനപദവി, അംഗീകാരം എന്നിവ ലഭിക്കും. സാമ്പത്തിക സഹായങ്ങള്‍ ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള ആഗ്രഹം സഫലമാകും. അശ്രാന്ത പരിശ്രമം വിജയത്തിലെത്തിക്കും. മേലുദ്യോഗസ്ഥര്‍ക്ക് കീര്‍ത്തി ഉണ്ടാകുന്നതിനോടൊപ്പം ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കാം.
കടം വീട്ടാന്‍ സാധിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഗൃഹോപരണങ്ങള്‍, വസ്ത്രാഭരണങ്ങള്‍ എന്നിവ വാങ്ങും. കുടുംബത്തില്‍ ഐക്യം ഉണ്ടാകും. ജോലിയില്‍ സ്ഥിരത ലഭിക്കും. നിയമവിദ്യാര്‍ത്ഥികള്‍ക്ക് കാലം അനുകൂലമാണ്. അധ്യാപകര്‍, അഭിഭാഷകര്‍, വൈദ്യശാസ്ത്രരംഗത്തുള്ളവര്‍, ആധാരമെഴുത്തുകാര്‍, ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് സാമ്പത്തിക ഉയര്‍ച്ചയും ഗുണാനുഭവങ്ങളും ഫലം. തോട്ട കൃഷികളില്‍ നിന്ന് ആദായം, പലവ്യഞ്ജന വ്യാപാരാഭിവൃദ്ധി എന്നിവ ഉണ്ടാകും.
വാഹനം മാറ്റുകയോ പുതിയത് വാങ്ങുകയോ ചെയ്യും. വിവാഹങ്ങള്‍ക്ക് തീരുമാനമാകും.
സന്താന ലബ്ധി, മനസന്തോഷം എന്നിവ ഉണ്ടാകും. പാദരോഗങ്ങള്‍ ,തേയ്മാനങ്ങള്‍,കൊളസ്‌ട്രോള്‍, രക്ത സമ്മര്‍ദ്ദം എന്നിവയ്ക്ക് ചികിത്സ തേടും. നീര്‍ദോഷങ്ങള്‍, ജ്വരം എന്നിവ പിടി പെടാം.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രത്തിന്റെ ആദ്യ പാദം )
വിദ്യാഭ്യാസത്തില്‍ തടസ്സം നേരിടുമെങ്കിലും വിജയം കൈവരിക്കാന്‍ സാധിക്കും.
ഈ വര്‍ഷം പലവിധ പരീക്ഷണങ്ങളിലൂടെയും മാനസിക ബുദ്ധിമുട്ടിലൂടെയും കടന്ന് പോകേണ്ടിവരും. മെയ് 14 ന് ശേഷം ദോഷാധിക്യം കുറയും.
വൈദ്യശാസ്ത്ര സാങ്കേതികരംഗത്തുള്ളവര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ദാമ്പത്യ ഐക്യം ഉണ്ടാവും. ഭൂമിവ്യവഹാരം മെച്ചപ്പെടും. സന്താനങ്ങള്‍ക്ക് അനുകൂല സമയം, അവര്‍ മുഖേന അഭിമാനം, മനസന്തോഷം ഉണ്ടാകാനുള്ള അവസരങ്ങള്‍ ഉണ്ടാകും.
നിലവിലുള്ള കേസ് വിജയിക്കാം.
യന്ത്രസാമഗ്രികള്‍ കൈകാര്യം ചെയ്യുന്ന കര്‍മ്മ രംഗത്തും കാര്‍ഷിക മേഖലയിലും നേട്ടം. നവീന കലകള്‍ അഭ്യസിക്കാനും തുടക്കം കുറിക്കാനും കുട്ടികള്‍ക്ക് അനുകൂല സമയം.
വാതപിത്ത കഫ ദന്ത ഉദര മാനസിക അസുഖങ്ങള്‍ മൂര്‍ച്ഛിക്കാം. മറ്റുള്ളവര്‍ക്കു വേണ്ടി ആശുപത്രിവാസം അനുഭവിക്കേണ്ടി വരും. സാമ്പത്തിക നഷ്ടം ഉണ്ടാകും. മാനസിക പിരിമുറുക്കങ്ങള്‍ അലട്ടും. സാമ്പത്തിക ക്രമക്കേടു മൂലം അപവാദങ്ങള്‍ നേരിടേണ്ടി വരാന്‍ സാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. ഓഹരിക്കമ്പോളം പണമിടപാടുകളില്‍ കരുതല്‍ ആവശ്യമാണ്. വാഹനാപകടങ്ങള്‍ ശ്രദ്ധിക്കുക. വരവിലധികം ചെലവ് ഉണ്ടാകും.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാന മൂന്നു പാദം അത്തവും ചിത്തിര ആദ്യ രണ്ടു പാദം )
വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയരും. പഠനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക. മത്സര പ്രവേശന പരീക്ഷകള്‍ക്കായി കൂടുതല്‍ പരിശ്രമിക്കേണ്ടിവരും. നിശ്ചയിച്ച വിഷയത്തിലുള്ള ഉപരിപഠനത്തിന് തടസ്സം നേരിടാം. വിദ്യാഭ്യാസത്തിന് കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും.
സാമ്പത്തിക നേട്ടം ഉണ്ടാവും. വിദേശത്ത് ജോലിയുള്ളവര്‍ ജോലി നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജോലിഭാരം വര്‍ദ്ധിക്കും. പ്രേമബന്ധം ഊഷ്മളമാകും. വീഴ്ചകള്‍, അസ്ഥിഭംഗം ഇവ മൂലവും അപ്രതീക്ഷിതയാത്രകള്‍ക്കായും വസ്ത്രാഭരണങ്ങള്‍ വാങ്ങുന്നതിനായും ധനചെലവ് ഉണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. മാതാവിന്റെ ആരോഗ്യനില മെച്ചപ്പെടും.
മക്കളെക്കുറിച്ച് വ്യാകുലത ഉണ്ടാവും. ലഹരി ഉപയോഗം, കൂട്ടുകെട്ട് എന്നിവയില്‍ ശ്രദ്ധ വേണം.
ലഹരി ഉപയോഗം ഗൃഹാന്തരീക്ഷത്തില്‍ അസ്വസ്ഥത ഉണ്ടാക്കാം. തസ്‌ക്കര ഭയം ഉള്ളതിനാല്‍ സാമ്പത്തിക രേഖകളും പ്രമാണങ്ങളും സൂക്ഷിക്കണം.
സന്താന ലബ്ധിക്കായി ചികിത്സ തേടേണ്ടി വരും. ഗര്‍ഭാശയ രോഗങ്ങള്‍, സ്ത്രീജന്യരോഗങ്ങള്‍ എന്നിവ ശ്രദ്ധിക്കണം. മനസുഖം കുറവായിരിക്കും. ആരോഗ്യക്ഷയം, ക്ഷീണം, എന്നിവ അലട്ടാം. നേത്രരോഗം, നാഡീരോഗം, ഹൃദയ സംബന്ധ രോഗം, മജ്ജ, സന്ധി വേദന എന്നിവക്കും ചികിത്സ തേടേണ്ടതായി വരും.
തുലാക്കൂറ് (ചിത്തിര അവസാന രണ്ടു പാദം, ചോതി, വിശാഖം ആദ്യ മൂന്നു പാദം)
ദൈവാധീനം ഉള്ള സമയമാണ്. തീര്‍ത്ഥയാത്രകള്‍ നടത്തും. മാനസിക പിരിമുറുക്കം കുറയും. സുഹൃദ്ബന്ധങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകും. തൊഴില്‍ മേഖലയില്‍ സ്ഥാനമാറ്റം ഉണ്ടാവും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ശത്രു ജയം ഉണ്ടാവും. വിവാഹം തീരുമാനമാകും. ദാമ്പത്യസുഖം ഉണ്ടാവും. കേസുകളില്‍ വിജയിക്കും. കയറ്റുമതി ഇറക്കുമതി വ്യാപാരികള്‍ക്ക് ഗുണകരമായ കാലമാണ്. വിദേശത്ത് ജോലി സാധ്യത. വിസ ലഭിക്കും.
സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനുള്ള അവസരം ഉണ്ടാകും. കൃഷിയില്‍ ലാഭം. ഉദ്യോഗത്തില്‍ ഉയര്‍ച്ചയും ശമ്പള വര്‍ദ്ധനവും പ്രതീക്ഷിക്കാം. ഗവണ്‍മെന്റ് ആനുകൂല്യങ്ങളും നൃത്ത സംഗീതകലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങളും നേട്ടങ്ങളും ലഭിക്കും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടാം. പ്രമേഹം വര്‍ദ്ധിക്കാം. പ്രകൃതിക്ഷോഭം മൂലം വസ്തു നഷ്ടം, ധനനഷ്ടം എന്നിവ അലട്ടാം. ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രത്യേകം ചികിത്സ തേടേണ്ടതാണ്. ഉറക്കമില്ലായ്മ മൂലം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട)
ജോലിയില്‍ ഉയര്‍ച്ച ഉണ്ടാകാം. ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ട് കുറയുമെങ്കിലും വര്‍ഷാവസാനം വര്‍ദ്ധിക്കാന്‍ സാധ്യത ഉണ്ട്. വരവ് കുറയുകയും ചെലവ് കൂടുകയും
സാമ്പത്തിക നില മോശമാകുകയും കടബാധ്യതകള്‍ കൂടുകയും ചെയ്യും. പഠന വിജയത്തിന് കൂടുതല്‍ പരിശ്രമം ആവശ്യമായി വരും. ലഹരി ഉപയോഗം, കൂട്ടുകെട്ടുകള്‍ എന്നിവ ശ്രദ്ധിക്കണം. തുടങ്ങി വെച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പാടുപെടും. ഓഹരിക്കച്ചവടത്തില്‍ വിജയ സാധ്യത കുറവാകും. രക്തദൂഷ്യമായ രോഗങ്ങള്‍ അലട്ടാം. രാജ്യരക്ഷാ ഉദ്യോഗസ്ഥന്മാര്‍ക്ക് അപകടസാധ്യത ഉള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രകൃതിക്ഷോഭം മൂലം നാശനഷ്ടം സംഭവിക്കാം. ദാമ്പത്യദുഃഖം അനുഭവപ്പെടാം. വേണ്ടപ്പെട്ടവരുടെ വിയോഗം ദുഃഖമുണ്ടാക്കും. അപകടസാധ്യതയുള്ളതു കൊണ്ട് ശ്രദ്ധിക്കണം. ആഘോഷങ്ങള്‍ക്കു വേണ്ടിയും മക്കള്‍ക്കുംകുടുംബാംഗങ്ങള്‍ക്കും വേണ്ടിയും ധനം ചെലവഴിക്കും. വിശ്വാസവഞ്ചനയില്‍ അകപ്പെടാം. അപവാദ ആരോപണങ്ങള്‍ നേരിടേണ്ടതായി വരും.
ധനു കൂറ് (മൂലം,പൂരാടം, ഉത്രാടം ആദ്യ പാദം )
തൊഴില്‍പരമായി ആദ്യകാലങ്ങളില്‍ ബുദ്ധിമുട്ടു അലട്ടുമെങ്കിലും വര്‍ഷാവസാനം ഗുണകരമാകും. വിദ്യാര്‍ത്ഥികളിലെ അലസത മനോഭാവം മത്സര പരീക്ഷയെ പ്രതികൂലമായി ബാധിച്ചേക്കും. പഠനകാര്യങ്ങളെക്കാളും മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാം. സുഹൃത്തുക്കളുടെ കാര്യങ്ങളില്‍ ഇടപെട്ടു ബുദ്ധിമുട്ടു അലട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം .
ഗൃഹനവീകരണത്തിന് ശ്രമിക്കുകയും അതില്‍ തടസ്സങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വിദേശത്തു ജോലി അന്വേഷിക്കുന്നവര്‍ക്ക് ലഭിക്കുന്ന തൊഴിലില്‍ ഇപ്പോള്‍ തൃപ്തനായി തുടാരാനുള്ള യോഗവും ഉണ്ട് . കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കലയില്‍ ആധുനിക ശൈലി കൊണ്ടു വരാന്‍ കഴിയും.
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് ശുഭകരമായ ഫലങ്ങള്‍ കാണാന്‍ കഴിയും. സ്വത്തുസംബന്ധമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍, സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ അത് പരിഹരിക്കപ്പെടും. കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം അനുകൂലമാകാം. കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ഭാഗ്യം നേടാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിവാഹം നടക്കും. പുണ്യ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയും. വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്ക് അത് ലഭിക്കും. ഏറെ കാലമായി അലട്ടികൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. അന്താരാഷ്ട്ര കമ്പനിയിലോ ബഹുരാഷ്ട്ര കമ്പനിയിലോ ജോലി ഉള്ളവര്‍ക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ സാധ്യത ഉണ്ട് . കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ഗൃഹനിര്‍മാണത്തില്‍ പുരോഗതിയും ഉണ്ടാകും. ആരോഗ്യ വിഷമതകള്‍ കുറയും. കടമിടപാടുകള്‍ കുറക്കാന്‍ സാധിക്കും.
മകരക്കൂറ് (ഉത്രാടം അവസാന മൂന്ന് പാദം,തിരുവോണം, അവിട്ടം ആദ്യ രണ്ടു പാദം )
ജീവിത പങ്കാളിക്ക് നേട്ടങ്ങള്‍ ഉണ്ടാകും. മനസന്തോഷം വര്‍ദ്ധിക്കും. കലാരംഗത്ത് ഉള്ളവര്‍ക്കു പ്രശസ്തി ലഭിക്കും. കയറ്റുമതി ഇറക്കുമതിമേഖലയില്‍ നേട്ടം ഉണ്ടാകും.
തൊഴിലിനുള്ള ശ്രമം വിജയിക്കും. സര്‍ക്കര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അനുകൂല കാലമാണ്.
ഉദ്യോഗത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ അവസരം ലഭിക്കും. തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ സാധിക്കും. വിവാഹ ആലോചനകള്‍ക്കു തീരുമാനം ആകും. സന്താനഗുണം വര്‍ദ്ധിക്കും. മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങും. പ്രേമ ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകും. ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടും.സ്വജനങ്ങള്‍ക്കായി ധനം ചിലവഴിക്കേണ്ടതായി വരും. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിക്കുമെങ്കിലും ലാഭം കുറയും. പുതിയ ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണ്ടതാണ്. ബാങ്ക് വായ്പ ലഭിക്കും. ഭൂമി വാങ്ങാനായി കടമെടുക്കേണ്ടതായി വരും. ശത്രുക്കള്‍ ഉടലെടുക്കും. വ്യാപാരത്തില്‍ ഏറ്റക്കുറച്ചില്‍ അനുഭവപ്പെടും. നിരവധി യാത്രകള്‍ ആവശ്യമായി വന്നേക്കാം. അലര്‍ജി, പിത്താശയ രോഗങ്ങള്‍,തൈറോയ്ഡ് തുടങ്ങിയവക്ക് ചികിത്സ തേടേണ്ടതായി വരും . വിദേശത്തു ഉള്ള ജോലിയില്‍ തന്നെ
തുടരുന്നത് ഗുണം ചെയ്യും. സഹപ്രവര്‍ത്തകരില്‍ നിന്ന് സാമ്പത്തിക ക്രമക്കേടുകള്‍ ഉണ്ടാകാം.സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധവേണം. കുടുംബ ഐക്യത്തിനായി ശ്രമിക്കും.
കുംഭ കൂറ് (അവിട്ടം അവസാന രണ്ടു പാദം, ചതയം, പൂരോരുട്ടാതി ആദ്യ മൂന്നു പാദം)
വിദേശത്തു ജോലി സാധ്യത, കര്‍മ്മഗുണം, ഉന്നത വിദ്യാഭ്യാസം, ഗൃഹ നവീകരണം, സാമ്പത്തികഭദ്രത, വിശേഷ വസ്ത്രാഭരണലബ്ധി, വിവാഹ യോഗം, ദാമ്പത്യ സൗഖ്യം,സന്താന ലബ്ധി, വ്യവഹാര വിജയം, അപ്രതീക്ഷിത ധനലാഭം, മനസന്തോഷം, ഉന്നത സ്ഥാനമാനങ്ങള്‍, അംഗീകാരങ്ങള്‍ ഇവ ഫലം.
വ്യാപാരവ്യവസായ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. നൃത്ത സംഗീതാദി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും. അന്യദേശ വശം പുണ്യ തീര്‍ത്ഥ യാത്രകള്‍ക്ക് അവസരം ലഭിക്കും. കുടുംബത്തില് ഐക്യം ഉണ്ടാകും.
പ്രകൃതി ക്ഷോഭം നിമിത്തം നാശങ്ങള്‍ സംഭവിക്കാം. കൃഷിയിലും നഷ്ടങ്ങള്‍ ഉണ്ടാകാം.
സാമ്പത്തിക തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ രേഖകള്‍ കൃത്യമാക്കേണ്ടതുണ്ട്.
മീനക്കൂറ് (പൂരോരുട്ടാതി അവസാന പാദം, ഉത്രട്ടാതി,രേവതി )
ജോലിയില്‍ അര്‍ഹതയ്ക്കനുസരിച്ചുള്ള പദവി ലഭിക്കുന്നതാണ്. സാമ്പത്തിക ക്ലേശങ്ങളില്‍ നിന്നും മുക്തനാവും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നതാണ്. ഉപരിപഠനത്തിന് ആഗ്രഹിച്ച വിഷയത്തില്‍ പ്രവേശനം നേടാന്‍ കഴിയും.
കലാപരമായ സിദ്ധികള്‍ക്ക് സത്ജനങ്ങളില്‍ നിന്നും അംഗീകാരം കൈവരുന്നതാണ്.
ബിസിനസ്സ് വളരുന്നതിന് സാഹചര്യം ഉണ്ടാകും. നവസംരംഭങ്ങള്‍ തുടങ്ങാനാവും. വ്യക്തിസ്വാതന്ത്ര്യം അനുഭവപ്പെടും. ഭൗതിക സംതൃപ്തിക്കൊപ്പം ആത്മീയമായ സൗഖ്യവും പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
പ്രണയത്തിലേര്‍പ്പെട്ടവര്‍ക്കു ആദ്യത്തെ തടസ്സങ്ങളെ മറികടന്ന് ഒന്നിക്കാനാവും.
അന്യദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഉണ്ടാകും. മാനസികോല്ലാസത്തിന് സാഹചര്യം അനുകൂലമാവുന്നതാണ്. സമൂഹത്തിന്റെ അംഗീകാരം അനായാസം കൈവന്നേക്കാം. സര്‍ക്കാരില്‍ നിന്നും നേട്ടങ്ങള്‍ / ആനുകൂല്യങ്ങള്‍ ഇവ പ്രതീക്ഷിക്കാം. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ ഭവിക്കും.
ജോലിസ്ഥലത്ത് നല്ല സ്വാധീനം ചെലുത്താനാകും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വര്‍ധനയും ഉണ്ടായേക്കും. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ധാരാളം നേട്ടങ്ങള്‍, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താന്‍ കഴിയുന്ന നിരവധി വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ലക്ഷ്യം നേടാനുള്ള ശക്തമായ ആഗ്രഹം നിങ്ങളുടെ ഉള്ളില്‍ ഉണര്‍ന്നേക്കാം. വലിയ വിജയം നേടാന്‍ കഴിയുന്നതാണ്..പുതിയ നൂതന ആശയങ്ങള്‍ നിങ്ങളില്‍ ഉദിക്കും. ജോലി വേഗത്തില്‍ പുരോഗമിക്കും. വ്യവഹാരങ്ങളില്‍ നിന്നും നഷ്ടങ്ങള്‍ ഉണ്ടാകാം. ഉദര രോഗം,ദന്ത രോഗം , കഫജന്യങ്ങളായ രോഗങ്ങള്‍, സന്ധി വേദന എന്നിവ അലട്ടാം.
തയാറാക്കിയത്:
ജ്യോത്സ്യന്‍ തെങ്കര സുബ്രഹ്‌മണ്യന്‍
ശ്രീഹരി ജ്യോതിഷാലയം
ഗുരുവായൂര്‍
മമ്മിയൂര്‍
9447840774