ക്ഷേത്ര വാർത്തകൾ
ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കടകത്തിലെ ഭഗവതിസേവ ബുക്കിംഗ് ആരംഭിച്ചു

തൃപ്പൂണിത്തുറ: അസാധ്യകാര്യങ്ങളുടെ ദേവതയെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ കര്‍ക്കടകമാസ ഭഗവതിസേവയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചു. കര്‍ക്കടകം ഒന്ന് (ജൂലൈ 17) മുതല്‍ ക്ഷേത്രത്തില്‍ അതിവിശേഷമായ ഭഗവതിസേവ ആരംഭിക്കും. ദുരിതമോചനത്തിനും ആഗ്രഹസാഫല്യത്തിനുമായി കര്‍ക്കടകമാസത്തില്‍ വെട്ടിക്കാവിലമ്മയ്ക്ക് ഭഗവതിസേവ നടത്തുന്നത് അത്യുത്തമമാണെന്നാണ് വിശ്വാസം.

ആശ്രിതവത്സലയും അഭീഷ്ടവരദായിനിയുമായ ഭഗവതിയുടെ ശക്തിചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള വേദക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ്വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം അശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയസങ്കേതമാണ്.

ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന ഭാവം

പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ മഹിഷാസുരമര്‍ദ്ദിനീ ഭാവത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മഹിഷാസുരന്റെ തലയില്‍ ചവുട്ടിനിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന രൂപമാണെങ്കിലും, ഉഗ്രകോപിയായ ഭാവത്തിന് പകരം ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണ് വെട്ടിക്കാവിലമ്മയുടേത്.

പ്രശസ്തമായ ഭഗവതിസേവ വഴിപാട്

അധര്‍മ്മസംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും അകറ്റാന്‍ ഇവിടുത്തെ ഭഗവതിസേവയിലൂടെ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. വേദഭൂമിയായ വെട്ടിക്കാവിലെ ഭഗവതിസേവയുടെ മഹാത്മ്യം അറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്ന് പോലും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തുന്നത്.

‘ജീവിതത്തിലൊരിക്കലെങ്കിലും വെട്ടിക്കാവ് ക്ഷേത്രത്തില്‍ ഭഗവതിസേവ നടത്താന്‍ സാധിക്കുകയെന്നത് ഭഗവതിയുടെ സവിശേഷമായ അനുഗ്രഹമായാണ് കണക്കാക്കപ്പെടുന്നത്.’

കര്‍ക്കടകമാസത്തെ ഭഗവതിസേവ ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547178755, 9249796100

 

Related Posts