സ്പെഷ്യല്‍
അഭീഷ്ടസിദ്ധിയുടെ വെട്ടിക്കാവ് ഭഗവതി

ഐതിഹ്യപ്പെരുമയുടെ ചേരുവകളില്ല. എന്നാല്‍, സദാ വേദമന്ത്രങ്ങളും മുറജപവും ഉയരുന്ന, ആചാരവിധിപ്രകാരമുള്ള പൂജയുള്ള കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. ഭഗവതിയുടെ ശക്തിയും ചൈതന്യവും കൊണ്ട് പരിപാവനമാണ് ഇവിടം.

ദേവിയുടെ ശക്തി വൈഭവം അനുഭവിച്ചറിയാനും ജീവിതത്തിലെ ദോഷങ്ങള്‍ നീങ്ങിക്കിട്ടാനും ദേശാന്തരങ്ങള്‍ക്കപ്പുറത്തുനിന്നുപോലും ഭഗവതിയുടെ സന്നിധിയിലെത്തുന്നവര്‍ അനവധിയാണ്. ദേവിയോടു നൊന്തുപ്രാര്‍ഥിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നാണ് ഇവിടെയുള്ള വിശ്വാസം. ഏത് അസാധ്യകാര്യം പോലും ഭക്തര്‍ക്കായി നടത്തിക്കൊടുക്കുന്ന കാരുണ്യമൂര്‍ത്തിയാണ് വെട്ടിക്കാവിലമ്മ.

തൃപ്പൂണിത്തുറ സീപോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡില്‍ പടിഞ്ഞാറ് ദര്‍ശനം നല്‍കിയാണ് ക്ഷേത്രമുഖം. നഗരത്തിരക്കിലും ഭക്തിയുടെ പഴമയും വേദോപാസനയും ചോരാതെ നിലനില്‍ക്കുന്നതും വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ പ്രത്യേകതയുമാണ്.

ശക്തിവൈഭവത്തിന്റെ മഹിഷാസുര മര്‍ദ്ദിനി

മഹിഷമാകുന്ന മഹാ വിപത്തില്‍ നിന്നും ലോകരെ രക്ഷിക്കാന്‍വേണ്ടി അവതരിച്ച ദേവിയാണ് മഹിഷാസുരമര്‍ദ്ദിനി. ഈ ഭാവത്തില്‍ ആരാധിക്കുന്നതാണ് ഭദ്രകാളി ഭഗവതിയുടെ വിഗ്രഹരൂപം. മഹിഷാസുരന്റെ തലയില്‍ ചവിട്ടിനിന്ന് കുന്തംകൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഇവിടെ ഉഗ്രകോപിയുടേതല്ല. അത് ധ്യാനാത്മകമാണ്.

ഭദ്രകാളിയാണെങ്കിലും ഭക്തിയുടെ സാന്ദ്രതയും സാത്വികവുമായ മുഖം വേദമന്ത്രങ്ങളുടെ മുഖരിതയില്‍ വര്‍ണനകള്‍ക്കും അപ്പുറമാണ്. അമ്പാട്ടുമനയുടെ കുടുംബക്ഷേത്രമാണിത്. എന്നാല്‍, കുടുംബക്ഷേത്രത്തിനപ്പുറം അത് ഒരു ദേശത്തിന്റെ വിശ്വാസസംരക്ഷണ ആരാധനാലയംകൂടിയാണ്.

ഐതിഹ്യങ്ങള്‍ക്ക് ഇവിടെ വലിയ കേട്ടുകേള്‍വി ഇല്ലെങ്കിലും അമ്പാട്ടുമനയ്ക്കലെ പൂര്‍വസൂരികളുടെ കാലംമുതലേ ഭഗവതിയുടെ ശക്തിയും ചൈതന്യവും പ്രശസ്തമാണ്. ഇതുതന്നെയാണ് ഭക്തരെ എന്നും എപ്പോഴും ഇവിടേക്ക് എത്തിക്കുന്നത്.

വേദോപാസനയുടെ ശ്രീകോവില്‍

അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.

ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ മനയിലെ അംഗമാണ് ക്ഷേത്രത്തിന്റെ തന്ത്രി. നിത്യവും ജപിക്കുന്ന വേദമന്ത്രങ്ങളും വെട്ടിക്കാവ് ക്ഷേത്രത്തിന്റെ ശക്തി വൈഭവത്തെ പുറംലോകമറിയിക്കുന്നു.

ക്ഷേത്രത്തിലെ വഴിപാടുകള്‍

ദുരിത നിവാരണത്തിന് ഗുരുതി

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് വിശേഷാല്‍ അവസരങ്ങളില്‍. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

വിശേഷാല്‍ വഴിപാടുകളില്‍ ഗുരുതിയും 12 പാത്രം ഗുരുതിയും (വലിയ ഗുരുതി) പ്രശസ്തമാണ്. എല്ലാ ഗുരുതിയും സാത്വികവുമാണ്.നിത്യജീവിതത്തിലെ ദുരിതങ്ങളില്‍നിന്നുള്ള മോചനത്തിനായി നേരുന്ന വഴിപാടാണ് ഗുരുതി. ഇതിന്റെ നിവേദ്യമാണ് തീര്‍ഥമായി ഭക്തര്‍ക്ക് നല്‍കുന്നതും. കൈവട്ടക ഗുരുതിയുടെ തീര്‍ഥം എല്ലാവര്‍ക്കും നല്‍കും.രോഗങ്ങളില്‍ നിന്നുള്ള സുഖപ്രാപ്തിക്കും ഗുരുതി വഴിപാടായി നേരുന്നവര്‍ അനവധിയാണ്.

ഗുരുതികളില്‍ പന്ത്രണ്ട് പാത്രം ഗുരുതി വിശേഷാല്‍ ആചാരങ്ങളില്‍ പ്രസിദ്ധമാണ്. അഭീഷ്ട സിദ്ധിക്കും ദുരിതമോചനത്തിനും വലിയ ഗുരുതി അര്‍പ്പിക്കുന്നു. പന്ത്രണ്ട് ഉരുളിയില്‍ ഗുരുതി നിറച്ച് പോളപ്പതത്തില്‍ തര്‍പ്പിക്കുന്ന വിശേഷാല്‍ വഴിപാട് ക്രമമാണിത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈ വഴിപാട്.

അതാത് ദിവസങ്ങളില്‍ വഴിപാടായി വരുന്ന ഗുരുതി നിര്‍വഹിക്കലുമുണ്ട്. സകലഭൂതങ്ങളേയും ദേവിയുടെ ചിലമ്പിന്റെ താളത്തിനൊപ്പം ഒതുക്കിനിര്‍ത്തുന്ന മഹാപ്രക്രിയയാണ് വലിയ ഗുരുതി. ഇതിലൊതുങ്ങാത്ത ഒരു ബാധയുമില്ലത്രെ.

നവരാത്രി, മണ്ഡലകാല മഹോത്സവത്തിനും ദേവിയുടെ താലപ്പൊലി ആഘോഷിക്കുന്ന മീനമാസത്തിലെ ആയില്യം നാളിലും പ്രധാന വഴിപാടുകളുണ്ട്. മീനപൂരത്തിലെ ഉദരക്കലം നിവേദ്യവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.

താലപ്പൊലി ആഘോഷിക്കുന്ന മീന പൂരത്തിലാണ് ഉദരക്കലം നിവേദ്യം. മണ്‍കലത്തിലുണ്ടാക്കുന്ന നിവേദ്യം കലത്തോടുകൂടി ശ്രീകോവിലിനുള്ളില്‍ കൊണ്ടുപോയി നിവേദിക്കുക എന്നതാണ് ഈ വഴിപാട്.

ആയിരംമുറജപം പിന്നിട്ട ക്ഷേത്രം

ആയിരംമുറംജപം പിന്നിട്ട അപൂര്‍വ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. ചോറ്റാനിക്കര ക്ഷേത്രംപോലെ പ്രസിദ്ധമായ ഏതാനും ക്ഷേത്രങ്ങളേ മുമ്പ് ആയിരംമുറജപം പിന്നിട്ടിട്ടുള്ളൂ.

മുടങ്ങാതെ വര്‍ഷങ്ങളായി തുടരുന്ന ജപസാധനയാണ് ആയിരം ഉരു ഋഗ്വേദ മുറജപം. പന്ത്രണ്ട് വര്‍ഷത്തിലധികമായി എല്ലാവര്‍ഷവും ഇവിടെ ഋഗ്വേദമുറജപം തുടര്‍ന്നുവരുന്നു. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകൂടിയാണ് ഋഗ്വേദ ലക്ഷാര്‍ച്ചന.

കേരളത്തിലെ പ്രശസ്തമായ പല വേദപണ്ഡിതരും താന്ത്രികരും ഇവിടുത്തെ ഋഗ്വേദലക്ഷാര്‍ച്ചനയില്‍ പങ്കെടുക്കുന്നത് വലിയ പുണ്യമായി കാണുന്നു. ഋഗ് നു പുറമെ യജുര്‍, സാമവേദമന്ത്രങ്ങളിലും അര്‍ച്ചന നടത്തിവരുന്നുണ്ട്. ഇതെല്ലാംകൂട്ടിയാല്‍ രണ്ടായിരത്തിലധികം മുറജപം പിന്നിട്ട നേട്ടവും വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തിനുണ്ട്. ഋഗ്വേദ ലക്ഷാര്‍ച്ചന ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് ഒന്നുവരെയുള്ള എട്ടുദിവസമാണ് നടക്കുന്നത്.

പുണ്യം ലഭിക്കാന്‍ പൂരം നാളിലെ ദര്‍ശനം

ദേശം മുഴുവന്‍ കൊണ്ടാടുന്ന മീനമാസത്തിലെ ആയില്യം നാളിലാണ് ഭഗവതിയുടെ താലപ്പൊലി. അതുപൊലെ മീനത്തിലെ പൂരംനാളില്‍ ദേവിയെ ദര്‍ശിക്കുന്നത് പുണ്യമായി കാണുന്നു. ഈ വര്‍ഷത്തെ താലപ്പൊലി ഏപ്രില്‍ രണ്ടുമുതല്‍ ഏഴുവരെയാണ് ആഘോഷിക്കുക. ഏപ്രില്‍ നാലിനാണ് പ്രധാന താലപ്പൊലി.

ആറിന് (മീനമാസത്തിലെ പൂരം നക്ഷത്രം) ദേവിയുടെ തിരുനാളായി ആഘോഷിക്കുന്നു. ഈ ദിവസങ്ങളില്‍ ആയിരങ്ങള്‍ക്ക് അന്നദാനവും നടക്കും.
നവരാത്രിദിവസങ്ങളിലെല്ലാം വിശേഷാല്‍ വഴിപാടുകളും പരിപാടികളും നടത്തിവരുന്നു. പൂജകള്‍ക്ക് പുറമെ കുരുന്നുകള്‍ക്ക് ആദ്യാക്ഷരംകുറിക്കല്‍, കുട്ടികളുടെ കലാരംഗത്തെ അരങ്ങേറ്റം തുടങ്ങിയവയ്ക്കും ക്ഷേത്രം ആതിഥ്യം വഹിക്കുന്നു.

മണ്ഡലകാല മഹോത്സവത്തിലെ 41 ദിവസവും കളംപാട്ടും ആചരിച്ചുവരുന്നു.
വേദമന്ത്രങ്ങളുടെ പഴമയും തനിമയും ചോരാതെ ആചാരാനുഷ്ഠാനങ്ങളില്‍ ലയിപ്പിച്ച് വര്‍ത്തമാനകാലത്തും വിശ്വാസദീപ്തിയോടെ നില്‍ക്കുന്ന തൃപ്പൂണിത്തറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം അത്ഭുതത്തോടെ മാത്രം അനുഭവിച്ചറിയാനുള്ളതാണ്.

കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍: 8547178755

Related Posts