ക്ഷേത്ര വാർത്തകൾ
പ്രശസ്തമായ വെട്ടിക്കാവ് പൂരംതൊഴല്‍ 31ന്; തുടര്‍ച്ചയായി 14 മണിക്കൂര്‍ നടതുറന്നിരിക്കുന്ന അത്യപൂര്‍വദിനം

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ പ്രശസ്തമായ പൂരം തൊഴല്‍ മാര്‍ച്ച് 31ന് നടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെയാണ് പൂരം തൊഴല്‍. സര്‍വ്വാഭീഷ്ടസിദ്ധിദായികയായ ഭഗവതിയുടെ തിരുന്നാളായ അന്ന് ഭഗവതിയെ തൊഴുന്നത് മംഗല്യയോഗത്തിനും ദീര്‍ഘമംഗല്യത്തിനും വിദ്യാവിജയത്തിനും സമ്പല്‍സമൃദ്ധിക്കും കുടുംബഭദ്രതയ്ക്കും ശത്രുക്ഷയത്തിനും ഉത്തമമാണെന്നാണ് വിശ്വാസം. സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി നിരവധിഭക്തരാണ് പൂരം നാളില്‍ ഭഗതിയുടെ അനുഗ്രഹത്തിനായി ഈ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നത്.

പൂരം നാളില്‍ ദേവിക്ക് മഞ്ഞള്‍പറ സമര്‍പ്പണം അതിവിശേഷമാണ്. സര്‍വ്വൈശ്വര്യത്തിനായിട്ടാണ് ഭക്തര്‍ ദേവിക്ക് മുന്നില്‍ മഞ്ഞള്‍പറ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത്. രോഗദുരിത ശാന്തിക്കും ദീര്‍ഘസുമംഗലീ ഭാഗ്യത്തിനും കാര്യവിഘ്‌നങ്ങള്‍ ഒഴിയാനും സമ്പല്‍ സമൃദ്ധിക്കുമായിട്ടുള്ള ഉദരക്കാല നിവേദ്യം അന്നേദിവസത്തെ പ്രത്യേക വഴിപാടാണ്. ഭഗവതിക്ക് ഏറെ പ്രിയപ്പെട്ട വലിയ ഗുരുതിക്കൂട്ട് സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നത് ശത്രുദോഷങ്ങള്‍ അകലുന്നതിനും സര്‍വ്വൈശ്വര്യത്തിനും ഉത്തമമെന്നാണ് വിശ്വാസം. പൂരം നാളില്‍ ഭഗവതിക്ക് ഉദരക്കല നിവേദ്യവും ഏറെ വിശേഷമാണ്.

മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 1 വരെ നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഭക്തജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നദിനമാണ് ‘പൂരം തൊഴല്‍’ ദിനം. പൂരം തൊഴലിന്റെ പ്രാധാന്യം കണക്കിലെടുത്ത് അന്നേ ദിവസം വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ പ്രതീക്ഷിക്കുന്നത്. പൂരം തിരുന്നാള്‍ ദിനം രാവിലെ 11ന് അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിക്കുന്ന സോപാനസംഗീതം അരങ്ങേറും. അന്ന് രാവിലെ 9.30 മുതല്‍ പൂരം സദ്യ ആരംഭിക്കും. 10ന് പഞ്ചരത്ന കീര്‍ത്തനാലാപനം. വൈകിട്ട് 6 ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന. വൈകിട്ട് 7ന് നട അടയ്ക്കും.

മാര്‍ച്ച് 27 വെള്ളിയാഴ്ച മുതല്‍ പ്രധാന താലപ്പൊലി ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഉത്സവ ദിനങ്ങളില്‍ ദിവസവും രാവിലെ വിശേഷാല്‍ പൂജകളും ദേവീ മാഹാത്മ്യ പാരായണവും ഉണ്ടായിരിക്കുന്നതാണ്. മാര്‍ച്ച് 27, 28 തീയതികളില്‍ വൈകിട്ട് തായമ്പക, വിശേഷാല്‍ കളമെഴുതി പാട്ട്, താലപ്പൊലി എഴുന്നെള്ളിപ്പ് എന്നിവ നടക്കും. മൂന്നാം ഉത്സവ ദിനമായ മാര്‍ച്ച് 29-ന് വൈകിട്ട് നാല് മണിക്ക് വര്‍ണ്ണാഭമായ പകല്‍ പൂരവും രാത്രി 10 മണിക്ക് ‘അഗ്നിവരാഹി’ എന്ന മെഗാസ്റ്റേജ് ഷോയും അരങ്ങേറും.

നാലാം ദിവസമായ മാര്‍ച്ച് 30-ന് വൈകിട്ട് തിരുവാതിരക്കളി, ഭരതനാട്യം, ഫ്യൂഷന്‍ കൈകൊട്ടിക്കളി തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് ക്രമീകരിച്ചിട്ടുള്ളത്. ഏപ്രില്‍ 1ന് രാതി എട്ട് മണിക്ക് നടക്കുന്ന ഉത്രം വലിയഗുരുതിയോടെ ഈ വര്‍ഷത്തെ താലപ്പൊലി ആഘോഷങ്ങള്‍ക്ക് സമാപനമാകും.

വര്‍ഷത്തിലൊരിക്കല്‍മാത്രം നടക്കുന്ന അതീവപ്രധാന്യമുള്ള ഈ ഗുരുതി വഴിപാട് നടത്താന്‍ ദൂരദേശങ്ങളില്‍നിന്നുപോലും ആളുകള്‍ ഇവിടെ എത്താറുണ്ട്. ആഭിചാരപ്രയോഗങ്ങള്‍മൂലമുളള ആപത്തുകള്‍ ഒഴിയാനും മാനസികമായിട്ടുള്ള ദുഖങ്ങള്‍ മാറുന്നതിനും അതിവിശേഷമാണ് ഈ ഉത്രം ഗുരുതിയെന്നാണ് വിശ്വാസം. ഗുരുതിബുക്ക് ചെയ്യാന്‍ ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755.

Related Posts