
വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ‘ഋഗ്വേദ സംഹിത ഹോമം’ നവംബര്‍ 14 മുതല്‍
തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി നവംബര്‍ 14 മുതല്‍ 21 വരെ അതിവിശിഷ്ടവും അപൂര്‍വ്വവുമായ ഋഗ്വേദ സംഹിത ഹോമം (ഋഗ്വേദ മുറഹോമം) നടക്കും. പ്രമുഖ പണ്ഡിതനായ ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഒറവങ്കര ദാമോദരന്‍ നമ്പൂതിരി സഹ ആചാര്യനായിരിക്കും.
നവംബര്‍ 14 ശനിയാഴ്ച (തുലാം 28) ആരംഭിച്ച് നവംബര്‍ 21 ശനിയാഴ്ച (വൃശ്ചികം 5) സമാപിക്കുന്ന രീതിയിലാണ് ഹോമം ക്രമീകരിച്ചിരിക്കുന്നത്. ദേവചൈതന്യ വര്‍ദ്ധനവിനായി പൂര്‍വ്വാചാര്യന്മാര്‍ നിശ്ചയിച്ചിട്ടുള്ള ഉപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വേദോപാസന. മറ്റ് ഉപാസനകളില്‍ സംഭവിക്കാവുന്ന ന്യൂനതകള്‍ പോലും വേദോപാസനയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിശ്വാസം.
ഋഗ്വേദത്തിലെ 10472 മന്ത്രങ്ങളും അവയുടെ ഋഷി, ഛന്ദസ്സ്, ദേവത എന്നിവയോടുകൂടി ചൊല്ലി ‘സ്വാഹാ’ മന്ത്രത്തോടെ അഗ്‌നിയില്‍ സമര്‍പ്പിക്കുന്ന സവിശേഷമായ രീതിയാണ് ഋഗ്വേദ സംഹിത ഹോമം. ദേവനും വേദവും ഭേദമില്ലാത്തതിനാല്‍ പൂര്‍ണ്ണ ശ്രദ്ധയോടെയുള്ള വേദശ്രവണം സര്‍വ്വ പാപഹരവും ശ്രേയസ്‌ക്കരവും സര്‍വ്വാഭീഷ്ടപ്രദവുമാണെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു.
മണ്ഡല പുണ്യകാലത്ത് നടക്കുന്ന അത്യപൂര്‍വ്വവും അതിപുണ്യപ്രദവുമായ ഈ വേദയജ്ഞത്തില്‍ പങ്കെടുത്ത് വെട്ടിക്കാവിലമ്മയുടെ അനുഗ്രഹം നേടാന്‍ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രം ഭാരവാഹികള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്; 9249796100, 85471 78755.

