വാസ്തു
വീട്ടിൽ മഹാലക്ഷ്മിയുടെ സാന്നിധ്യം കൊണ്ടുവരുന്ന ചെടികൾ

ഉദ്യാനനിർമ്മാണത്തിന് ഗൃഹനിർമ്മാണവുമായി ഉറ്റബന്ധമാണുള്ളത്. വീടുകൾക്കു ചുറ്റും അലങ്കാരപ്രധാനവും ഔഷധഗുണവുമുള്ള വൃക്ഷങ്ങളും ചെടികളും ആവശ്യമാണെന്ന് പുരാതന ഋഷീശ്വരന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. ഫലവൃക്ഷങ്ങളും പൂച്ചെടികളും നട്ടുവളർത്തുന്നവർ നന്മയുടെ ഫലം ആസ്വദിക്കും.

വീടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്താണ് ഉദ്യാനം നിർമ്മിക്കേണ്ടത്. രോഹിണി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, ചിത്തിര, അനിഴം, അശ്വതി, മകയിരം, രേവതി, മൂലം, വിശാഖം, പൂയം, തിരുവോണം, അത്തം എന്നീ നാളുകളിൽ വൃക്ഷങ്ങൾ നടാം. വീടുകൾക്കു ചുറ്റുമതിൽ എന്നപോലെ വൃക്ഷങ്ങളേയും ഭിത്തികെട്ടി സംരക്ഷിക്കണം.

വീടിനു മുന്നിൽ കൃഷ്ണതുളസി, തുമ്പ, മഞ്ഞൾ, കറുക, മുക്കുറ്റി എന്നിവ ചട്ടിയിൽ നട്ടുവളർത്തുന്നതും ദിവസേന വെള്ളമൊഴിക്കുന്നതും ഐശ്വര്യപ്രദാനമാണ്. കൂവളം നിൽക്കുന്ന വീട്ടിൽ ധനദേവതയായ ലക്ഷ്മിയുടെ സാന്നിദ്ധ്യമുണ്ടെന്ന് പറയുന്നു.

വീടിന്റെ തെക്കുവശത്ത് പുളിയും വടക്കുവശത്ത് നെല്ലിയും കിഴക്കുവശത്ത് പ്ലാവും നിൽക്കുന്നത് ഉത്തമമാണ്. വേപ്പ്, അശോകം, പേര, തെങ്ങ്, വാഴ തുടങ്ങി വലിയ ഇലച്ചാർത്തുള്ള വൃക്ഷങ്ങളും സസ്യങ്ങളും വീടിന്റെ തെക്കും പടിഞ്ഞാറും നടാം. വേനലിൽ ഉച്ചകഴിഞ്ഞുള്ള ചൂടുകാറ്റ് നേരിട്ട് തെക്കുപടിഞ്ഞാറെ കിടപ്പുമുറിയിലേക്ക് കടന്നുവരാതിരിക്കാനും മുറിക്കകം സുഖശീതളമാക്കാനും ഇത് സഹായിക്കും. ഇതേ വൃക്ഷങ്ങൾ തന്നെ ശൈത്യകാലത്ത് മുറിയിലേക്ക് വീശുന്ന തണുപ്പ് കാറ്റിൽ നിന്ന് ആശ്വാസം പകരുകയും ചെയ്യും.

അശോകം, വേപ്പ്, പുന്ന തുടങ്ങിയ വൃക്ഷങ്ങൾ ഉദ്യാനങ്ങളിലും നട്ടുവളർത്താം. വേരുകൾ തുളച്ചുകയറി വീടിന്റെ അസ്തിവാരത്തിനു കേടുപറ്റാത്ത രീതിയിലായിരിക്കണം വൃക്ഷങ്ങൾ നടേണ്ടത്. തുളസി, തുമ്പ തുടങ്ങിയ ഔഷധസസ്യങ്ങൾ വീടിന്റെ വടക്കുകിഴക്കുഭാഗത്തു നടാം. അതേസമയം വടക്കുകിഴക്കേമൂല വെറുതെയിടണം.

വടക്കോ കിഴക്കോ ദിക്കിന് അഭിമുഖമാണ് വീടെങ്കിൽ പ്രധാന വാതിൽ മുതൽ പുറത്തെ ഗേറ്റ് വരെ നടപ്പാതയ്ക്ക് ഇരുവശത്തും തുളസി നടാം. ദർഭപ്പുല്ല് നടപ്പാതയിൽ വച്ചു പിടിപ്പിക്കാം. പുൽത്തകിടിക്ക് ദർഭപ്പുല്ല് ഉത്തമമാണ്. മൃദുവായ മണ്ണാണ് വൃക്ഷങ്ങൾ തഴച്ചുവളരാൻ നല്ലത്. പ്രധാന വാതിലിനു മുമ്പിൽ മരങ്ങൾ പാടില്ല. അത് ദ്വാരവേധം എന്നറിയപ്പെടുന്ന തടസ്സത്തിന് കാരണമാകുന്നു.

വീടിനുള്ളിൽ കള്ളിപോലുള്ള മുൾച്ചെടികൾ നടാൻ പാടില്ല. സ്ഥലത്തിന്റെ വാസ്തുദോഷങ്ങൾ അകറ്റാൻ നവധാന്യങ്ങൾ മുളപ്പിക്കുന്നതും നല്ലതാണ്. മുറ്റത്തിന്റെയും ഉദ്യാനത്തിന്റെയും സൗകര്യത്തിന് ഗേറ്റുകൾ സ്ഥാപിക്കുന്നതിലും അപാകതയുണ്ട്. വീട് വയ്ക്കുന്ന സ്ഥലത്തിന്റെ ദിശയ്ക്കനുസരിച്ചായിരിക്കണം ഗേറ്റുകൾ, വടക്കുദിശയ്ക്കഭിമുഖമാണ് സ്ഥലമെങ്കിൽ വടക്കുകിഴക്കിന്റെ വടക്കുഭാഗത്ത് ഗേറ്റ് സ്ഥാപിക്കാം. കിഴക്കു ദിക്കിനഭിമുഖമാണെങ്കിൽ വടക്കു കിഴക്കിന്റെ കിഴക്കുഭാഗത്തായിരിക്കണം ഗേറ്റ്. പടിഞ്ഞാറോട്ട് അഭിമുഖമായ പ്ലോട്ടിൽ വടക്കു പടിഞ്ഞാറിന്റെ പടിഞ്ഞാറുഭാഗത്തും തെക്ക് ദിശയിലുള്ള പ്ലോട്ടിൽ തെക്കുകിഴക്കിന്റെ തെക്കുഭാഗത്തുമാണ് ഗേറ്റ് സ്ഥാപിക്കേണ്ടത്.

vasthu
vastu for home
Related Posts