
നിങ്ങളുടെ വാഹനയോഗം അറിയാം
സ്വന്തമായി ഒരു വാഹനം എന്ന ആഗ്രഹം പുലര്‍ത്താത്തവരായി ആരുണ്ട്. ചിലര്‍ക്ക് വാഹനം വാങ്ങാന്‍ യോഗമുണ്ടെങ്കില്‍ മറ്റു ചിലര്‍ക്കാകട്ടെ അത് സ്വപ്നമായി തന്നെ അവശേഷിക്കും. വാഹനം വാങ്ങാന്‍ യോഗമുണ്ടെങ്കില്‍ അതു ജാതകം പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് ആചാര്യന്മാര് പറയുന്നു. നാലാം ഭാവാധിപനും ഒന്‍പതാം ഭാവാധിപനും ചേര്‍ന്നു ലഗ്നത്തില്‍ നിന്നാല്‍ ജാതകന് ധനവും ഭാഗ്യവും വാഹനങ്ങളും ഉള്ളവനായി ഭവിക്കുമെന്നാണ് വിശ്വാസം. വ്യാഴം നാലില്‍ നില്‍ക്കുകയോ നോക്കുകയോ ചെയ്താലും ജാതകന് വളരെ സുഖവും വാഹനവും ഉള്ളവനായിത്തീരും.
വ്യാഴം നാലാം ഭാവാധിപനായി കേന്ദ്രങ്ങളിലെവിടെയെങ്കിലും നിന്നാല്‍ സുഖിയും വാഹനഉടമയുമാകും. ശുക്രന് നാലാം ഭാവാധിപനോടുകൂടി നാലില്‍ നിന്നാല്‍ സാധാരണ വാഹനങ്ങള്‍ ലഭിക്കും. ശുക്രന് നാലാം ഭാവാധിപനായി പതിന്നൊന്നിലോ ഒന്‍പതിലോ പത്തിലോ നിന്നാല്‍ അവന് ധാരാളം വാഹനങ്ങളുടെ ഉടമസ്ഥനായിത്തീരും എന്നും വിശ്വാസമുണ്ട്. നാലാം ഭാവാധിപന് ചന്ദ്രനോടു കൂടിച്ചേര്‍ന്നു നിന്നാലും വാഹനങ്ങള്ക്കുടമയായി ഭവിക്കും. കര്‍ക്കടക ലഗ്നത്തില്‍ ജനിക്കുകയും ബുധശുക്രന്മാര് നാലില്‍ നില്‍ക്കുകയും ചെയ്താല്‍ അവന്റെ ബുധദശയില്‍ ശുക്രഭൂക്തി കാലത്തു വാഹനങ്ങള്‍ ലഭിക്കും.
വ്യാഴം നാലില്‍ നിന്നാല്‍ മൃഗങ്ങള്‍ വലിക്കുന്ന വാഹനഉടമയാകും എന്നാണ് വിശ്വാസം. നാലാം ഭാവാധിപനും ഒന്‍പതാം ഭാവാധിപനും പരസ്പരം ക്ഷേത്രങ്ങള്‍ മാറിസ്ഥിതി ചെയ്താല്‍ ഭാഗ്യവാഹനയോഗം ലഭിക്കും. നാലാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും മേല്‍പ്രകാരം പരിവര്‍ത്തനം ചെയ്തു നിന്നാലും ഭാഗ്യവാഹനയോഗം ലഭിക്കും. നാലാം ഭാവാധിപനും അഞ്ചാം ഭാവാധിപനും പരിവര്ത്തനയോഗത്തില് നിന്നാലും വാഹനയോഗം ഉണ്ടാകും. നാലാം ഭാവാധിപനും ലഗ്നാധിപനും തമ്മില്‍ പരിവര്‍ത്തനയോഗം ചെയ്താല്‍ വാഹനഭാഗ്യം ലഭിക്കുമെന്നും ആചാര്യന്മാര് പറയുന്നു.
അഞ്ചാം ഭവാധിപനും ഒന്‍പതാം ഭാവാധിപനും തമ്മിലും അഞ്ചാം ഭാവാധിപനും പതിനൊന്നാം ഭാവാധിപനും തമ്മിലും പരിവര്‍ത്തനയോഗം ചെയ്താലും വാഹന വാങ്ങാന്‍ യോഗം ലഭിക്കും. നാലാം ഭാവാധിപനും അഞ്ചാം ഭാവാധിപനും അവരവരുടെ രാശികളില് നിന്നാലും ലഗ്നാധിപനും ഒന്‍പതാം ഭാവാധിപനും അവരവരുടെ സ്ഥാനങ്ങളില്‍ നിന്നാലും ഭാഗ്യവാഹനയോഗം ഭവിക്കുമെന്നാണ് വിശ്വാസം.