
തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് ഡിസംബര്‍ 7-ന് കൊടിയേറും
തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വൃശ്ചികോത്സവം 2026 ഡിസംബര്‍ 7 മുതല്‍ 14 വരെ നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശകസമിതിയുടെയും നേതൃത്വത്തിലാണ് ഭക്തജനങ്ങളുടെ സഹകരണത്തോടെ ഉത്സവം സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 7-ന് കൊടിയേറുന്ന ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളായ തൃക്കേട്ട പുറപ്പാട് ഡിസംബര്‍ 10-നും (വ്യാഴം), വലിയ വിളക്ക് ഡിസംബര്‍ 13-നും (ഞായര്‍) നടക്കും. ഡിസംബര്‍ 14-ന് തിങ്കളാഴ്ച നടക്കുന്ന ആറാട്ടോടെയാണ് എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവം സമാപിക്കുക.
വില്വമംഗലം സ്വാമിയാരുടെ ഭഗവദ്ദര്‍ശനത്തെ അനുസ്മരിക്കുന്ന തൃക്കേട്ട നാളില്‍ സ്വര്‍ണ്ണകുംഭത്തില്‍ കാണിക്കയിടുന്നത് ഉത്സവത്തിലെ സുപ്രധാന ചടങ്ങാണ്. ആറാട്ട് ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 7.30 മുതല്‍ ശീവേലിയും, ആറാട്ട് ദിവസം വൈകുന്നേരം 4 മുതല്‍ കാഴ്ചശീവേലിയും ഉണ്ടായിരിക്കും.
ഡിസംബര്‍ 8, 9, 11, 12 തീയതികളിലാണ് ഉത്സവബലി നടക്കുക. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ രാത്രി 8.30 മുതലും, നാലാം ദിവസം മുതല്‍ ഏഴാം ദിവസം വരെ രാത്രി 7 മുതലുമാണ് വിളക്ക്. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ പ്രമുഖ ചെണ്ട വിദ്വാന്മാര്‍ അവതരിപ്പിക്കുന്ന തായമ്പക അരങ്ങേറും.
ശീവേലികള്‍ക്കും വിളക്കിനും എല്ലാ ദിവസവും പ്രമുഖ കലാകാരന്മാരുടെ പഞ്ചാരിമേളം അകമ്പടിയാകും. കൂടാതെ പ്രശസ്ത സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന കച്ചേരികള്‍, മേജര്‍സെറ്റ് കഥകളി, ഓട്ടന്‍ തുള്ളല്‍ എന്നിവയും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ആറാട്ട് ദിവസം രാത്രി 8 മണിക്ക് മേജര്‍സെറ്റ് പഞ്ചവാദ്യം നടക്കും.
തുലാം 9 മഹോത്സവം ഒക്ടോബര്‍ 26-ന്
ക്ഷേത്രത്തിലെ തുലാം 9 മഹോത്സവം 2026 ഒക്ടോബര്‍ 26 തിങ്കളാഴ്ച നടക്കും. രാവിലെ 8 മുതല്‍ 10 വരെ ശീവേലിയും പഞ്ചാരിമേളവും ഉണ്ടായിരിക്കും. വൈകുന്നേരം 3 മണിക്ക് കാനറാ ബാങ്കില്‍ നിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കര്‍പ്പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. തുടര്‍ന്ന് 5.30-ന് കാഴ്ചശീവേലി, 6.30-ന് ദീപാരാധനയും കര്‍പ്പൂര ദീപക്കാഴ്ചയും, 7.30-ന് കഥകളി, രാത്രി 9 മണി മുതല്‍ വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായിരിക്കും.


