ക്ഷേത്ര വാർത്തകൾ
നവംബര്‍ 9ന് തുലാവാവ്: പിതൃപ്രീതിയുടെയും സര്‍വ്വഐശ്വര്യത്തിന്റെയും പുണ്യദിനം; ആലപ്പുഴ തിരുവമ്പാടിയില്‍ പ്രത്യേക പൂജകള്‍

കര്‍ക്കടകവാവ് പോലെ തന്നെ പിതൃപ്രീതിക്ക് അതിശ്രേഷ്ഠമാണ് തുലാമാസത്തിലെ അമാവാസി അഥവാ തുലാവാവ്. സന്താനാഭിവൃദ്ധി, ആരോഗ്യം, സാമ്പത്തിക പുരോഗതി, ഐശ്വര്യം എന്നിവയ്‌ക്കൊപ്പം പിതൃദോഷശാന്തിക്കും തുലാവാവ് വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

വ്രതാനുഷ്ഠാനങ്ങളും ചിട്ടകളും

ബ്രഹ്‌മചര്യം: അമാവാസി ദിവസവും അതിന്റെ തലേന്നും വ്രതമനുഷ്ഠിക്കുന്നവര്‍ കര്‍ശനമായി ബ്രഹ്‌മചര്യം പാലിക്കണം.

ഭക്ഷണക്രമം: രാത്രി ഭക്ഷണം ഒഴിവാക്കുക. ശ്രാദ്ധത്തിന്റെ തലേദിവസം ഒരിക്കലായിരിക്കണം. ഉച്ചയ്ക്ക് മാത്രം ഊണ് കഴിച്ച്, രാവിലെയും വൈകിട്ടും മിതാഹാരം ശീലിക്കുക.

ദേഹമനഃശുദ്ധി: ശ്രാദ്ധകര്‍ത്താവിന് ദേഹശുദ്ധിയും മനഃശുദ്ധിയും വാക് സംയമനവും വളരെ പ്രധാനമാണ്.

പുണ്യദര്‍ശനം: തുലാവാവ് ദിവസം പുണ്യതീര്‍ത്ഥങ്ങളില്‍ ദര്‍ശനം നടത്തി ദാനം നല്‍കുന്നത് വിശേഷഫലം നല്‍കും.

സൂര്യനും ചന്ദ്രനും തുലാം രാശിയില്‍ സംഗമിക്കുന്ന ദിവസമാണ് തുലാവാവ്. പിതൃക്കളുടെ ആത്മാക്കള്‍ക്ക് ചാന്ദ്രപ്രകാശം പൂര്‍ണ്ണമായും ലഭിക്കുന്നത് ഈ ദിവസമാണെന്നാണ് വിശ്വാസം. കര്‍ക്കടക വാവിന് ബലിയിടാന്‍ സാധിക്കാത്തവര്‍ക്ക് തുലാവാവിന് തൂശനിലയില്‍ ബലിയിടുന്നത് സര്‍വ്വപിതൃപ്രീതി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. തുടര്‍ച്ചയായി 18 അമാവാസി വ്രതം നോല്‍ക്കുന്നവരുടെ മുന്‍തലമുറ മുഴുവന്‍ ദുരിതമുക്തരാകും എന്നാണ് വിശ്വാസം. തുലാവാവിന്റെ പിറ്റേന്ന് പ്രഥമ മുതലാണ് സ്‌കന്ദഷഷ്ഠി വ്രതം ആരംഭിക്കുന്നത്.

വെളുത്തപക്ഷം ദേവീപ്രീതിക്കും കറുത്തപക്ഷം ശിവപ്രീതിക്കും ഉത്തമമായി കണക്കാക്കുന്നു. അമാവാസി ദിവസം അഘോര ശിവസങ്കല്പം, ഭദ്രകാളി, നരസിംഹം, പ്രത്യംഗിരാ, വനദുര്‍ഗ്ഗ, കാളി, രക്തേശ്വരി, രക്തചാമുണ്ഡി, ബഗളാമുഖി, ഹനുമാന്‍, ശനി, നാഗങ്ങള്‍ തുടങ്ങിയ ഉഗ്രമൂര്‍ത്തികളെ പ്രാര്‍ത്ഥിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. പിതൃപ്രീതി നേടുന്നതിനും സര്‍വ്വദേവതാ പ്രാര്‍ത്ഥനയ്ക്കും ഈ ദിവസം ഉത്തമമാണ്.

കൂടാതെ പിതൃപ്രീതികരമായ വഴിപാടുകള്‍ ക്ഷേത്രങ്ങളില്‍ നടത്തുന്നത് ഉത്തമമാണ്. ബലിതര്‍പ്പണത്തിന് ഏറ്റവും പ്രധാന്യമുള്ള ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പിതൃപൂജ, പിതൃബലി, സുകൃതഹോമം, തിലഹോമം എന്നീ വഴിപാടുകളുടെ ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446710462, 94953 51799

Related Posts