
വെടിക്കെട്ടില്ലാതെ തൃശൂര്‍പൂരം, കുടമാറ്റം 15 മിനിട്ട് മാത്രം
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഇത്തവണത്തെ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ തീരുമാനം. തൃശൂര്‍ കലക്ടറേറ്റില്‍ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് പൂരത്തിന്റെ ആവേശം കുറച്ച് ആചാരങ്ങള്‍ മാത്രമായി നടത്താന്‍ ധാരണയായത്.
പുതുക്കിയ തീരുമാനങ്ങള്‍ ചുവടെ നല്‍കുന്നു:
പ്രധാന മാറ്റങ്ങള്‍
വെടിക്കെട്ട് ഒഴിവാക്കി: വെടിക്കെട്ട് പൂര്‍ണ്ണമായും വേണ്ടെന്നുവെച്ചു. പകരമായി ആചാരപരമായ ഒരു ‘കതിന’ മാത്രം പൊട്ടിക്കും. ഉപചാരം ചൊല്ലിപ്പിരിയുന്ന ഘട്ടത്തിലെ പകല്‍ വെടിക്കെട്ടും ഉണ്ടാവില്ല.
കുടമാറ്റം ചുരുക്കി: സാധാരണ ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കുടമാറ്റം 15 മിനിറ്റായി കുറച്ചു. പാറമേക്കാവ് വിഭാഗം എഴുന്നള്ളത്ത് പുറപ്പെടുന്ന സമയത്ത് ചുരുക്കം ചില കുടകള്‍ മാത്രം ഉയര്‍ത്താനാണ് അനുമതി.
ചടങ്ങുകള്‍ ആചാരം മാത്രം: ഇലഞ്ഞിത്തറ മേളം, മഠത്തില്‍ വരവ് തുടങ്ങിയവ ആഘോഷങ്ങളില്ലാതെ ചടങ്ങായി മാത്രം നടത്തും.
ചമയപ്രദര്‍ശനം: നാളെ തുടങ്ങാനിരുന്ന ചമയപ്രദര്‍ശനം 25-ാം തീയതിയിലേക്ക് മാറ്റി.
മാറ്റമില്ലാത്തവ
ആനകളുടെ എണ്ണം: ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. ഇരുവിഭാഗത്തുമായി 15 ആനകള്‍ വീതം അണിനിരക്കും.
മേളം: പൂരത്തിന്റെ ഭാഗമായുള്ള മേളങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
ഘടകപൂരങ്ങള്‍: ഘടകക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളും ആനകളുടെ എണ്ണവും പതിവുപോലെ തുടരും.
സുരക്ഷാ പ്രശ്‌നങ്ങളും ദുരന്തത്തിന്റെ പശ്ചാത്തലവും കണക്കിലെടുത്ത് വെടിക്കെട്ട് പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന മന്ത്രിമാരുടെ നിര്‍ദേശം തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങള്‍ അംഗീകരിക്കുകയായിരുന്നു.

