
തൃശൂര്‍ നാലമ്പലത്തിലെ കര്‍ക്കടക പുണ്യദര്‍ശന സമയം അറിയാം
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം (Thriprayar Shree Ramaswami Temple)
കേരളത്തിലെ അതിപുരാതനവും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ക്ഷേത്രം. തൃശ്ശൂര്‍ജില്ലയുടെ തെക്കുപടിഞ്ഞാറ് നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലാണ് തീര്‍ഥാടകര്‍ ആദ്യം ദര്‍ശനം നടത്തുക. തുടര്‍ന്ന് കൂടല്‍മാണിക്യം ഭരതസ്വാമി ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീ ലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി തൃപ്രയാറില്‍ത്തന്നെ അവസാനിക്കുന്നതാന്ന് ദര്‍ശനക്രമം.
ശ്രീകൃഷ്ണഭഗവാന്‍ദ്വാരകയില്‍പൂജിച്ചതാണ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുവരുന്നു. ഗണപതി, ദക്ഷിണാമൂര്‍ത്തി, ധര്‍മ്മശാസ്താവ്, ശ്രീകൃഷ്ണന്‍ (ഗോശാലകൃഷ്ണന്‍), ഹനുമാന്‍, ചാത്തന്‍ എന്നിവരാണ് ഇവിടത്തെ ഉപദേവതകള്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
ക്ഷേത്രത്തിലെ ദര്‍ശനസമയം
തൃപ്രയാര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30-ന് നടതുറക്കും. അഞ്ചിന് ഉഷഃപൂജ, എതൃത്ത് പൂജ എന്നിവയ്ക്ക് നടയടയ്ക്കും. ഈ സമയം ദര്‍ശനമില്ല. 6.15-ന് നട തുറന്നാല്‍ 6.45-ന് നടയടയ്ക്കും. 6.45-ന് നടയടച്ച് 7.15-ന് തുറക്കും. 11.30-ന് അടച്ച് 11.45-ന് തുറ ക്കും. 12-ന് അടയ്ക്കുന്ന നട വൈകീട്ട് 4.30-ന് തുറന്ന് രാത്രി എട്ടി ന് വീണ്ടും അടയ്ക്കും.
എല്ലാ ദിവസവും അന്നദാനവുമുണ്ട്. ക്ഷേത്രനടയിലെ ഡോര്‍ മെറ്ററി ഗ്രൗണ്ടിലാണ് വാഹന പാര്‍ക്കിങ് സൗകര്യം. ഫോണ്‍ 0487 2391375.
കൂടല്‍മാണിക്യ ഭരതക്ഷേത്രം (Koodalmanikyam Temple)
തൃശൂര്‍ നാലമ്പലത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് കൂടല്‍മാണിക്യം ക്ഷേത്രം. ശ്രീരാമന്റെ സഹോദരന്‍ ഭരതന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് കൂടല്‍മാണിക്യം ക്ഷേത്രം. തൃശ്ശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ് പുരാതനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനുള്ളില്‍ ഉപദേവതാപ്രതിഷ്ഠകളില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.
ക്ഷേത്രത്തിലെ ദര്‍ശനസമയം
കൂടല്‍മാണിക്യക്ഷേത്രത്തില്‍ പുലര്‍ച്ചെ 3.30-നാണ് നട തുറക്കുക. 7.30-മുതല്‍ 8.30-വരെ എതൃത്ത് പൂജാ സമയത്തും 11 മുതല്‍ 11.30-വരെ ഉച്ചപൂജ സമയത്തും ദര്‍ശനമുണ്ടാകില്ല. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നാല്‍ ദര്‍ശനസൗകര്യമുണ്ടാകും. വൈകീട്ട് അഞ്ചിന് വീണ്ടും നട തുറക്കും.
കൊട്ടിലാക്കില്‍പ്പറമ്പ്, മണിമാളിക സ്ഥലം, കച്ചേരിവളപ്പ് എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് കഞ്ഞിയും പാസെടുക്കുന്നവര്‍ക്ക് ഔഷധക്കഞ്ഞിയും നല്‍കും. ഫോണ്‍ 0480 2826631.
തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം (Thirumoozhikkulam Lakshmana Temple)
എറണാകുളം ജില്ലയില്‍ ആലുവാ-മാള റൂട്ടില്‍ മൂഴിക്കുളത്താണ് നാലമ്പലത്തിലെ മൂന്നാമത്തെ ക്ഷേത്രമായ തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുര്‍ബാഹുഭാവത്തിലുള്ള വിഗ്രഹമാണ് പ്രധാന പ്രതിഷ്ഠ. പീഠത്തില്‍ തന്നെ ഹനുമാന്റെ സാന്നിധ്യമുണ്ടെന്നതും ഒരു പ്രത്യേകതയാണ്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാല കൃഷ്ണന്‍ എന്നിവരാണ് ഉപദേവതകള്‍. പാല്‍പ്പായസം, ഒറ്റയപ്പം, അവല്‍, അരവണ, കദളിപ്പഴം എന്നിവയാണ് വഴിപാടുകള്‍.
ക്ഷേത്രത്തിലെ ദര്‍ശനസമയം
സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയും വൈകീട്ട് അഞ്ചു മുതല്‍ എട്ടു വരെയുമാണ് ദര്‍ശനസമയം. ഒഴിവുദിവസങ്ങളില്‍ പുലര്‍ച്ചെ 4.30 മുതല്‍ രണ്ടു വരെയും വൈകീട്ട് 1.30 മുതല്‍ ഒമ്പതു വരെയും ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ കിഴക്കേനടയിലാണ് പാര്‍ക്കിങ്. ഫോണ്‍ 0484 2470374.
പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം (Payammal Shatrughna Temple)
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍ വെളളാങ്ങല്ലൂര്‍ കവലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ പൂമംഗലം പഞ്ചായത്തിലാണ് പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുരാകൃതിയിലുളള ശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി മൂന്നര അടിയോളം ഉയരമുളളതാണ് ഇവിടുത്തെ ശത്രുഘ്‌ന വിഗ്രഹം. മറ്റു മൂന്ന് ക്ഷേത്രങ്ങളിലും ആറടി ഉയരമുള്ള വിഗ്രഹമാണ് ഉള്ളത്. അതിനു പിന്നിലെ ഐതിഹ്യം ഇങ്ങനെ, ഒരേ വലിപ്പത്തിലുള്ള നാല് വിഗ്രഹങ്ങളുണ്ടാക്കാന്‍ തീരുമാനിച്ച ദേവശില്പിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ശത്രുഘ്‌നന സ്വാമി തന്റെ ജ്യേഷ്ഠന്മാരെല്ലാം എല്ലാം കൊണ്ടും തന്നെക്കാള്‍ വലിയവരാണ്. അവര്‍ക്കൊപ്പം വലിപ്പം തനിക്ക് വേണ്ടെന്ന് പറഞ്ഞെന്നും അങ്ങനെ മൂന്നര അടിയില്‍ വിഗ്രഹം പണിയുകയായിരുന്നത്രേ. മറ്റു മൂന്ന് പേരുടെയും വട്ടശ്രീകോവിലാണെങ്കില്‍ ഇവിടെ ചതുര ശ്രീകോവിലാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ഉപദേവനായി വിഘ്‌നേശ്വരന്‍ മാത്രമേ ഉളളൂ. ശത്രുദോഷത്തിനും ശാന്തിക്കും സുദര്‍ശനപുഷ്പാഞ്ജലിയും, സുദര്‍ശന സമര്‍പ്പണവുമുണ്ട്.
ക്ഷേത്രത്തിലെ ദര്‍ശനസമയം
പുലര്‍ച്ചെ അഞ്ചു മുതല്‍ 1.30 വരെയും വൈകീട്ട് 4.30- മുതല്‍ ഒമ്പതു വരെയുമാണ് ദര്‍ശനം. തിരക്കുണ്ടെങ്കില്‍ കൂടുതല്‍ സമയം അനുവദിക്കും.
ക്ഷേത്രത്തിന്റെ വടക്ക് ടൂറിസ്റ്റ് ബസുകള്‍ക്കും ക്ഷേത്രത്തിനു മുന്നില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും ചെറു വാഹനങ്ങള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട്. ഫോണ്‍ 9846303682
Summary: Nalambalam Yatra begins from the Thriprayar Shree Rama Temple and ends up at Shatrughna Temple in Payyammal. It is customary to visit the four temples in the order Rama, Bharata, Lakshmana and Shatrughna respectively. Thriprayar Shree Ramaswami Temple, Koodalmanikyam Temple, Thirumoozhikkulam Lakshmana Temple, Payammal Shatrughna Temple are the four Nalambalam in Thrissur.