
തൃപ്രയാര്‍ ഏകാദശി; അറിയേണ്ടതെല്ലാം, വ്രതം ഇങ്ങനെ എടുത്തോളൂ
കേരളത്തിലെ അതിപുരാതനവും പ്രസിദ്ധവുമായ ശ്രീരാമക്ഷേത്രമാണ് തൃപ്രയാര്‍ക്ഷേത്രം. ക്ഷേത്രത്തിന് 600-ല്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയേറിയതും പഴക്കമുളളതുമായ വലിയ വട്ട ശ്രീകോവിലില്‍ കിഴക്കുദര്‍ശനമായി ശംഖുചക്ര ഗദയും അക്ഷരമാലയുമായി ശ്രീരാമന്റെ ചതുര്‍ബാഹുവായ വിഗ്രഹമാണ് പ്രതിഷ്ഠ. വടക്കു ഭാഗത്തായി ഗോശാലകൃഷ്ണന്റെ ക്ഷേത്രമുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതിയും. ധര്‍മശാസ്താവും, ദക്ഷിണാമൂര്‍ത്തിയും ഹനുമാന്‍ സാന്നിദ്ധ്യവുമുണ്ട്. ശ്രീകൃഷ്ണ ഭഗവാന്‍ ദ്വാരകയില്‍ പൂജിച്ചതാണ് തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹം എന്ന് വിശ്വസിച്ചുപോരുന്നു. തൃപ്രയാര്‍ അപ്പനെ ഭജിക്കുന്നത് കഠിന ശത്രു ദോഷങ്ങളില്‍ നിന്നും മോചനവും ബാധാ ഉപദ്രവത്തില്‍ നിന്ന് രക്ഷയും നല്‍കുമെന്ന് വിശ്വസിക്കുന്നു. തൃശ്ശൂര്‍ജില്ലയുടെ തെക്കുപടിഞ്ഞാറ് നാട്ടിക ഗ്രാമപഞ്ചായത്തില്‍ തൃപ്രയാര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇത്തവണത്തെ തൃപ്രയാര്‍ ഏകാദശി നവംബര്‍ 26 ചൊവ്വാഴ്ചയാണ്
തൃപ്രയാര്‍ ഏകാദശി പ്രത്യേകത
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ഗുരുവായൂര്‍ ഏകാദശി എന്നും, കറുത്തപക്ഷത്തിലെ ഏകാദശി തൃപ്രയാര്‍ ഏകാദശി എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ അപ്പന്റെ ശൈവചൈതന്യം മൂലമാണ് ഇവിടെ കറുത്ത പക്ഷ ഏകാദശി പ്രധാനമായത്. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിയേറി ഉത്സവം പതിവില്ല. തൃപ്രയാര്‍ ഏകാദശി 14 ദിവസമാണ് ആഘോഷിക്കുന്നത്. ഇതിന് മുന്നോടിയായി 39 ദിവസം നീണ്ട് നില്‍ക്കുന്ന നിറമാല വിളക്ക് ഉണ്ടാകും. ദ്വാദശിയുടെ അന്ന് ഗോതമ്പ് ഭക്ഷണം നല്‍കിയാണ് ഉത്സവം അവസാനിക്കുന്നത്.
ഏകാദശി വ്രതം അനുഷ്ടിക്കേണ്ട വിധം
സാധാരണ ഏകാദശി വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത് പോലെ തന്നെയാണ് ഈ ഏകാദശി വ്രതവും അനുഷ്ഠിക്കുന്നത്. ഏകാദശിയുടെ തലേദിവസമായ ദശമി ദിവസം അരിയാഹാരം ഉച്ചയ്ക്ക് ഒരു നേരം മാത്രമേ പാടുള്ളൂ. തുടര്‍ന്ന് ഏകാദശി ദിവസം പൂര്‍ണ്ണമായ ഉപവാസം എടുക്കേണ്ടതാണ്. ഇനി അതിനു സാധിക്കാത്തവര്‍ക്ക് പഴങ്ങളും മറ്റും കഴിച്ചു കൊണ്ട് വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഏകാദശി ദിനം പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച് ഭഗവാനു മുന്‍പില്‍ വിളക്ക് കൊളുത്തി മന്ത്ര ജപങ്ങളോടെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഏകാദശി വ്രതത്തിന്റെ ഫലങ്ങള്‍ അനവധിയാണ്. ഇതിലൂടെ വിഷ്ണുപ്രീതിയും സര്‍വ്വൈശ്വര്യങ്ങളും കൈവരും.

ഏകാദശി ചടങ്ങുകള്‍ എങ്ങനെ
ഗുരുവായൂര്‍ ഏകാദശി ചടങ്ങുകള്‍ പോലെ തന്നെയാണ് തൃപ്രയാറിലും ഏകാദശി ചടങ്ങുകള്‍ നടക്കുന്നത്. തൃപ്രയാര്‍ ക്ഷേത്രത്തിലെ ഏകാദശി ദിന നിര്‍മ്മാല്യ ദര്‍ശനം പുണ്യമായി കരുതപ്പെടുന്നു. ഏകാദശി ദിനം രാത്രിയില്‍ ഭഗവാന് ദ്വാദശി സമര്‍പ്പിക്കുന്നു. ഭഗവാനെ തൊഴുതു വണങ്ങി കാണിക്കയിടുന്ന ചടങ്ങാണിത്. ഏകാദശിയുടെ തലേദിവസമാണ് ദശമിവിളക്ക് നടക്കുന്നത്. അന്നേദിവസം മുഖ്യപ്രതിഷ്ഠയായ ശ്രീരാമന് പകരം ഇവിടുത്തെ ആദ്യ പ്രതിഷ്ഠയായ ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നത്. എഴുന്നള്ളിപ്പ് ശാസ്താവിന് ആണെങ്കിലും വിളക്ക് തൃപ്രയാര്‍ അപ്പനാണ് സമര്‍പ്പിക്കുന്നത്. ഏകാദശി ദിനത്തില്‍ 21 ആനകളുടെ അകമ്പടിയോടെ ശ്രീരാമഭഗവാനെ എഴുന്നള്ളിക്കും. ശ്രീരാമ നാമം ജപിക്കുന്നിടത്ത് ഹനുമാന്‍ സ്വാമിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തില്‍ ഹനുമാന്‍ സ്വാമിയുടെയോ സീതാദേവിയുടെയോ പ്രതിഷ്ഠ ഇല്ലെന്നത് മറ്റൊരു പ്രത്യേകതയാണ്.

ചെയ്യേണ്ട വഴിപാടുകള്‍
തൃപ്രയാര്‍ ഭഗവാന്റെ പ്രധാന വഴിപാടാണ് മീനൂട്ടും കതിന വെടിയുമാണ്. ഭക്തര്‍ സമര്‍പ്പിക്കുന്ന അന്നം സ്വീകരിക്കാന്‍ ഭഗവാന്‍ മത്സ്യ രൂപം ധരിച്ച് എത്തുന്നു എന്ന വിശ്വാസത്തിലാണ് മീനൂട്ട് വഴിപാട് നടത്തപ്പെടുന്നത്. ശ്വാസ സംബന്ധമായ അസുഖങ്ങള്‍ മാറാന്‍ മീനൂട്ട് വഴിപാട് ഉത്തമമാണെന്നാണ് വിശ്വസിക്കുന്നു. ദോഷങ്ങളും തടസ്സങ്ങളും മാറാന്‍ വെടിവഴിപാടും ഭക്തര്‍ ഇവിടെ നടത്തുന്നു.

