
മനശ്ശാന്തിയും പാപമുക്തിയും ഫലം! ദർശനം നടത്താം യുധിഷ്ഠിരൻ പ്രതിഷ്ഠിച്ച തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിൽ | Thrichittat Mahavishnu Temple
ക്ഷേത്രകവാടം കടന്ന്, വൃക്ഷശിഖരങ്ങൾ തണൽ വിരിച്ചുനിൽക്കുന്ന ശംഖതീർത്ഥമെന്ന ക്ഷേത്രക്കുളത്തിനരികിലൂടെ നടന്നാൽ ചെന്നെത്തുന്നത് പൗരാണികക്ഷേത്രസംസ്കൃതിയുടെ അഭൗമഭാവങ്ങൾ കുടികൊള്ളുന്ന തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലേക്കാണ്.
പണ്ട് വഞ്ഞിപ്പുഴമഠത്തിന്റെ അധീനതയിലായിരുന്ന ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. തിരു ചിറ്റാർ ആണ് പിന്നീട് തൃച്ചിറ്റാറ്റ് ആയി മാറിയത്. ചതുർബാഹുക്കളോടു കൂടിയ മഹാവിഷ്‌ണുവിന്റെ ശിലാവിഗ്രഹമാണ് തൃച്ചിറ്റാറ്റിലെ പ്രധാനപ്രതിഷ്‌ഠ. പാണ്ഡവ ജ്യേഷ്ഠസഹോദരൻ, യുധിഷ്ഠിരൻ പ്രതിഷ്ഠിച്ചതാണ് തൃച്ചിറ്റാറ്റിലെ മൂലവിഗ്രഹം. അജ്ഞാതവാസക്കാലത്ത് ഇവിടെ എത്തിയ യുധിഷ്ഠിരൻ വിഷ്ണു പ്രതിഷ്ഠ നടത്തി ആരാധന നടത്തിയെന്നാണ് വിശ്വാസം.
പഴയ പ്രതിഷ്‌ഠയിൽ ചക്രത്തിനുപകരം ശംഖേന്തിനിൽക്കുന്ന വിഗ്രഹരൂപമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രപുനരുദ്ധാരണത്തിൽ വലതുകൈയിൽ ചക്രം ഏന്തിനിൽക്കുന്ന രൂപമായി ഇപ്പോൾ നിലനിൽക്കുന്നു. ധർമിഷ്‌ഠനായതുകൊണ്ടും ശാന്തി ഇഷ്‌ടപ്പെട്ടതുകൊണ്ടുമാകാം, ചക്രത്തിനുപകരം ശംഖ് ഏന്തിനിൽക്കാൻ ഭഗവാൻ ഇഷ്‌ടപ്പെട്ടതെന്ന് പുരാണ പണ്‌ഡിതർ ചൂണ്ടിക്കാട്ടുന്നു.
ഐതിഹ്യം
മഹാഭാരതയുദ്ധത്തിൽ അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് അസത്യം പറയുകയാൽ അതിന്റെ പശ്ചാത്താപത്തിൽ പാപം കഴുകിക്കളയുവാനായി ധർമപുത്രർ തൃച്ചിറ്റാറ്റിൽ വന്ന് കുളിച്ച് ഭജനയിരുന്നു എന്നും സങ്കൽപമുണ്ട്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഭജനയിരിക്കുന്നതും മറ്റും മനശ്ശാന്തിയും പാപമുക്തിയും കൈവരിക്കാൻ ഭക്തരെ സഹായിക്കും എന്നും ഒരു വിശ്വാസം നിലവിലുണ്ട്. ഇവിടെ ശീവേലിയില്ല, അഞ്ചു പൂജകളുമില്ല. ഒറ്റപ്പൂജമാത്രം (രാവിലെയും, വൈകിട്ടും). ഉപദേവാലയങ്ങളായ ശാസ്താവിനും ഗോശാലകൃഷ്‌ണനും പൂജയുണ്ട്. ധർമിഷ്‌ഠനായതുകൊണ്ട് ഭഗവാൻ ആരു വന്നാലും ധർമം കൊടുക്കും എന്ന ഒരു വിശ്വാസവുമുണ്ട്. വടക്കേ ഇന്ത്യയിൽ നിന്നുവരെ ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്താനായി ഇപ്പോഴും വരാറുണ്ട്.
ഉത്സവം
മീനമാസത്തിലെ ഉത്രം നാളിലാണ് പത്തുനാൾ നീണ്ടുനിൽക്കുന്ന ഉത്സവമാരംഭിക്കുക. ശബരിമല ഉത്സവവേളയിൽ തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെല്ലാം ധാരാളം ഭക്തർ ഇവിടെയുമെത്തുന്നുണ്ട്.
ഈ ക്ഷേത്രത്തിലെ ഉത്സവം പഴയ കാലത്ത് ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നതായി രേഖകളുണ്ട്. മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടുവരത്തക്കവിധം പത്തു ദിവസം നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ ഉത്സവം.
ക്ഷേത്രത്തോടു ചേർന്നുതന്നെ ഗോശാലകൃഷ്‌ണന്റെ പ്രതിഷ്‌ഠയുണ്ട്. അതുകൊണ്ടുതന്നെ അഷ്‌ടമിരോഹിണിക്ക് ആഘോഷമേറെയുണ്ട്. ദശാവതാരച്ചാർത്തുകളും പ്രത്യേക പൂജകളുമുണ്ട്.
ക്ഷേത്രത്തിലേക്കെത്താൻ
ചെങ്ങന്നൂരിൽനിന്നും തിരുവല്ലാഭാഗത്ത് മുണ്ടങ്കാവിലാണ് ചരിത്രപ്രാധാന്യമേറിയ തൃച്ചിറ്റാറ്റ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.