
റാന്നി തോട്ടമണ്കാവ് ഭഗവതി ക്ഷേത്രത്തിലെ അംബായാഗം ഇന്ന് സമാപിക്കും.
കഴിഞ്ഞ ഒന്പത് ദിവസമായി റാന്നി തോട്ടമണ്കാവ് ഭഗവതി ക്ഷേത്രത്തില് നടന്നുവരുന്ന ദേവീഭാഗവത സത്രമായ അംബായാഗം ഇന്ന് സമാപിക്കും.
സമാപന ദിവസമായ ഇന്ന് രാവിലെ മഹാഗണപതിഹോമവും, സര്വ്വ പാപകര്മ്മ ദോഷങ്ങള്ക്കും ശാന്തിയും ആയുസ്സൗഖ്യവും നല്കുന്ന ഗായത്രീ ഹോമവും നടന്നു. യജ്ഞാചാര്യന് തന്ത്രരത്നം ബ്രഹ്മശ്രീ നാഗേരി വിഷ്ണു ആനന്ദിന്റെ കാര്മ്മികത്വത്തിലാണ് ഗായത്രീ ഹോമം നടന്നത്. വൈകിട്ട് 6 മണിക്ക് നടക്കുന്ന സത്ര സമര്പ്പണ സഭയില് സംപൂജ്യ മഹാമണ്ഡലേശ്വര് സ്വാമി ആനന്ദവനം ഭാരതി, മാതാ അമൃതാനന്ദമയീ മഠം തിരുവല്ല മഠാധിപതി സംപൂജ്യ സ്വാമിനി ഭവ്യാമൃത പ്രാണ, സുപ്രീം കോടതി അഭിഭാഷകന് അഡ്വ. എം.ആര്. അഭിലാഷ്, മുന് എം.എല്.എ അഡ്വ. പ്രമോദ് നാരായണ് എന്നിവര് പങ്കെടുക്കും. തുടര്ന്ന് രാത്രി 8.30 ന് പ്രശസ്ത പിന്നണി ഗായിക ഗായത്രി അശോകനും അമൃത ടിവി സൂപ്പര് സ്റ്റാര് വിജയികളും ചേര്ന്ന് അവതരിപ്പിക്കുന്ന ‘ഓംകാര ഭജന്സോടെ’ ഈ വര്ഷത്തെ അംബായാഗത്തിന് ഭക്തിനിര്ഭരമായ സമാപനമാകും.
അംബായാഗത്തില് പങ്കെടുക്കാനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസങ്ങളില് ഒഴുകിയെത്തിയത്. കേരളത്തിലെ പ്രമുഖ തന്ത്രിമാരുടെയും ആദ്ധ്യാത്മിക പ്രഭാഷകരുടെയും സാന്നിധ്യം അംബായാഗത്തെ വേറിട്ടതാക്കി. ക്ഷേത്രത്തില് ദര്ശനത്തിനും യജ്ഞത്തില് പങ്കെടുക്കാനുമെത്തിയ ആയിരക്കണക്കിന് ഭക്തര്ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില് ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തില് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും വിപുലമായി ഒരുക്കിയിരുന്നു. അംബായാഗം പൂര്ണമായും സ്വസ്തി മീഡിയ, സ്വസ്തി മലയാളം ചാനലുകളില് തല്സമയ സംപ്രേഷണം ഒരുക്കിയിരുന്നു.

