
തോട്ടമണ്‍കാവ് അംബായാഗം; നാരായണീയ പാരായണം നാലാം ദിനം കെ. ആര്‍. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു
റാന്നി: റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ദേവീഭാഗവത സത്രത്തിന് മുന്നോടിയായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ നാലാം ദിനത്തിലെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി നടന്നു.
അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി കെ. ആര്‍. ഗോപിനാഥന്‍ നാലാം ദിവസത്തെ പാരായണ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. തോട്ടമണ്‍കാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.
എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗം വി. ആര്‍. അനില്‍കുമാര്‍, ആചാര്യ വിജയലക്ഷ്മി ടീച്ചര്‍, പി. എസ്. ആനന്ദമ, സി. എന്‍. പ്രസാദ്, ജയന്‍ മാളിയേക്കല്‍, രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സെപ്റ്റംബര്‍ 15ന് ആരംഭിച്ച നാരായണീയ പാരായണയജ്ഞം 21 ദിവസം നീണ്ടുനില്‍ക്കും. ആചാര്യ വിജയലക്ഷ്മി ടീച്ചറും സഹപ്രവര്‍ത്തകരും പാരായണത്തിന് നേതൃത്വം നല്‍കുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാരായണീയ സമിതികള്‍ ഓരോ ദിവസവും പാരായണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നത്തെ നാലാം ദിനത്തിലും വിവിധ സമിതികളുടെ നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പങ്കെടുത്തു. പാരായണത്തിനായി വരും ദിവസങ്ങളിലും കൂടുതല്‍ സമിതികള്‍ തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തിലെത്തും.
ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന സത്രത്തിന് മുന്നോടിയായാണ് നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്. ഭക്തിയും ആത്മീയതയും കൂട്ടായ്മയും നിറഞ്ഞ പാരായണവേദിയിലേക്ക് ദിവസങ്ങള്‍ പിന്നിടുന്തോറും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്നത് ശ്രദ്ധേയമാണ്.


