ക്ഷേത്ര വാർത്തകൾ
തോട്ടമണ്‍കാവ് അംബായാഗം 2026: നാരായണീയ പാരായണയജ്ഞത്തില്‍ ഇന്ന് ചിറക്കടവ് ശ്രീഭദ്ര സമിതി

റാന്നി: തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (സെപ്റ്റംബര്‍ 16) ചിറക്കടവ്‌പൊന്‍കുന്നം ശ്രീഭദ്ര നാരായണീയ സമിതി പാരായണത്തില്‍ പങ്കെടുക്കുന്നു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന അമ്മമാരും വിവിധ നാരായണീയ സമിതികളും പങ്കെടുക്കുന്ന പാരായണയജ്ഞത്തിലൂടെയാണ് അംബായാഗത്തിന്റെ ആത്മീയ പരിപാടികള്‍ക്ക് തുടക്കമായത്.

ഭക്തിയും ആത്മീയചിന്തയും കുടുംബ-സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങളെ അംബായാഗവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 9 മുതല്‍ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന ഘട്ടത്തില്‍ ആത്മീയ പരിപാടികള്‍ക്കൊപ്പം വിജ്ഞാനം, കല, സംസ്‌കാരം, സാമൂഹിക പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുന്ന വിവിധ പരിപാടികളും നടക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര-വിപണന മേള, വിവിധ സ്റ്റാളുകള്‍, ഭക്ഷണശാലകള്‍, പ്രദര്‍ശനങ്ങള്‍, വിനോദ സംവിധാനങ്ങള്‍ എന്നിവയും ഒരുക്കുന്നുണ്ട്.

ശ്രീഭദ്ര നാരായണീയ സമിതി, ചിറക്കടവ്‌പൊന്‍കുന്നം, അംബായാഗത്തിന്റെ ആത്മീയ കൂട്ടായ്മയില്‍ പങ്കാളികളായതോടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളുടെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു.

നാരായണീയ പാരായണയജ്ഞത്തിന്റെ ഭാഗമായി നാളെ (സെപ്റ്റംബര്‍ 17) മഹാലക്ഷ്മി നാരായണീയ സമിതി, കടപ്പുറംമാന്നാര്‍ പാരായണത്തില്‍ പങ്കെടുക്കും.

 

Related Posts