
ഊരമന പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ തിരുവോണ മഹോത്സവത്തിന് ഏപ്രില്‍ 10-ന് തുടക്കം
എറണാകുളം ജില്ലയിലെ രാമമംഗലം പഞ്ചായത്തില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിപുരാതനമായ ഊരമന ശ്രീ നരസിംഹ സ്വാമി – ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവോണ മഹോത്സവം ഏപ്രില്‍ 10, 11, 12 തീയതികളില്‍ അതിവിപുലമായി ആഘോഷിക്കുന്നു. ഉത്സവത്തിന് മുന്നോടിയായുള്ള മുറഅഭിഷേകം ഏപ്രില്‍ 2 മുതല്‍ 9 വരെ നടക്കും.
തന്ത്രിമുഖ്യന്‍ ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ദിലീപ് നമ്പൂതിരിപ്പാട് ഉത്സവച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ബ്രഹ്‌മശ്രീ വെളിഞ്ഞില്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടാണ് മുറ അഭിഷേകം നടത്തുന്നത്.
ഐതിഹ്യം (ക്ഷേത്ര ചരിത്രം)
പുരാണങ്ങളും ഐതിഹ്യങ്ങളും ഉറങ്ങുന്ന മണ്ണാണ് ഊരമന. ഭഗവാന്‍ പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന നരസിംഹസ്വാമി ക്ഷേത്രത്തിന് മൂവായിരം വര്‍ഷത്തിലേറെ പഴക്കമുണ്ട്. ആജന്മ ശത്രുക്കളായ മൃഗങ്ങള്‍ പോലും സൗഹൃദത്തോടെ കഴിഞ്ഞിരുന്ന ഈ പുണ്യഭൂമി ‘ഒരുമനം’ എന്നും പിന്നീട് ‘ഊരമന’ എന്നും അറിയപ്പെടുകയായിരുന്നു. വിശന്നു വലഞ്ഞ ബ്രാഹ്‌മണന് ഭഗവാന്‍ നേരിട്ട് ഭക്ഷണം നല്‍കിയെന്ന ഐതിഹ്യമുള്ളതിനാല്‍ ഇവിടുത്തെ നരസിംഹമൂര്‍ത്തി ‘അന്നദാന പ്രഭു’ എന്നുകൂടി അറിയപ്പെടുന്നു.
ഇവിടുത്തെ ധര്‍മ്മശാസ്താ പ്രതിഷ്ഠ ചമ്രവട്ടത്തുനിന്നും എത്തിയതാണെന്നാണ് വിശ്വാസം. ചമ്രവട്ടം ശാസ്താവിനെ ഭജിച്ചിരുന്ന നമ്പൂതിരിക്ക് സ്വപ്നദര്‍ശനമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം കൊണ്ടുവന്ന ശില പുഴയോരത്ത് ഉറയ്ക്കുകയും അവിടെ ശാസ്താവ് സ്വയംഭൂവായി പ്രത്യക്ഷപ്പെടുകയുമായിരുന്നു. നരസിംഹമൂര്‍ത്തിയും ശാസ്താവും തമ്മിലുള്ള കരാര്‍ പ്രകാരം ഇന്നും ക്ഷേത്രത്തിലെ വഴിപാടുകള്‍ രണ്ടുപേര്‍ക്കും തുല്യമായി വീതിച്ചു നല്‍കുന്ന വേറിട്ട ആചാരം ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഉത്സവ പരിപാടികളും സമയക്രമവും
ഒന്നാം ദിവസം: ഏപ്രില്‍ 10 (വെള്ളി)
രാവിലെ 4.00 ന്: പള്ളിയുണര്‍ത്തല്‍, തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും.
രാവിലെ 7.00 ന്: എതൃത്തപൂജ, 10.00 ന് ഉച്ചപൂജ.
വൈകിട്ട് 5.00 ന്: ശാസ്താക്ഷേത്രത്തില്‍ ശുദ്ധി, പ്രാസാദപൂജ, വാസ്തുഹോമം, വാസ്തുബലി.
വൈകിട്ട് 6.15 ന്: വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്ച, നിറമാല, സോപാന സംഗീതം.
വൈകിട്ട് 6.45 ന്: കളമെഴുത്തും പാട്ടും (ശാസ്താപ്രീതിക്കായി നടത്തുന്ന ഈ വഴിപാട് ശനിദോഷങ്ങള്‍ അകറ്റാന്‍ ഉത്തമമാണ്).
രാത്രി 7.30 ന്: കളരി പ്രദര്‍ശനം.
രാത്രി 8.00 ന്: അത്താഴപൂജ, പ്രസാദ ഊട്ട്.
രാത്രി 8.15 ന്: നൃത്താര്‍ച്ചനയും നൃത്ത സന്ധ്യയും.
രണ്ടാം ദിവസം: ഏപ്രില്‍ 11 (ശനി)
രാവിലെ 7.35 ന്: ശാസ്താ ക്ഷേത്രത്തില്‍ ചതു: ശുദ്ധി, ഇരുപത്തിയഞ്ച് കലശം.
രാവിലെ 8.30 ന്: ഇരുപത്തിയഞ്ച് കലശാഭിഷേകം (ദര്‍ശന പ്രാധാന്യം).
രാവിലെ 9.00 ന്: വിശേഷാല്‍ തന്ത്രിപൂജ, ഐശ്വര്യപൂജ, ഉച്ചപൂജ, ശ്രീഭൂതബലി.
വൈകിട്ട് 5.00 ന്: നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ശുദ്ധി, വാസ്തുഹോമം, വാസ്തുബലി.
വൈകിട്ട് 6.15 ന്: വിശേഷാല്‍ ദീപരാധന, നിറമാല, പഞ്ചവാദ്യം.
രാത്രി 7.15 ന്: തിരുവാതിരകളി.
രാത്രി 8.15 മുതല്‍: അത്താഴപൂജ, പ്രസാദഊട്ട്,
രാത്രി 8.30ന് നാമാഭിഷേകം
മൂന്നാം ദിവസം: ഏപ്രില്‍ 12 (ഞായര്‍)
രാവിലെ 4.15 ന്: അഷ്ട്രദ്രവ്യ ഗണപതിഹോമം (6.00 ന് സമാപനം).
രാവിലെ 6.30 ന്: നരസിംഹസ്വാമി ക്ഷേത്രത്തില്‍ ചതു:ശുദ്ധി, ഇരുപത്തിയഞ്ച് കലശം.
രാവിലെ 8.00 ന്: ഇരുപത്തിയഞ്ച് കലശാഭിഷേകം.
രാവിലെ 9.30 ന്: ശ്രീഭൂതബലി, ശീവേലി പഞ്ചാരിമേളം.
രാവിലെ 11.45 ന്: നാളികേരം തൂളിക്കല്‍ (ശ്രീധര്‍മ്മശാസ്താവിന്റെ പ്രധാന വഴിപാട്).
ഉച്ചയ്ക്ക് 12.00 ന്: ഇറക്കി എഴുന്നളളിപ്പ്, മഹാപ്രസാദഊട്ട്.
വൈകിട്ട് 6.30 ന്: വിശേഷാല്‍ ദീപാരാധന, സഹസ്രദീപം, പഞ്ചവാദ്യം.
രാത്രി 7.30 ന്: നാമാര്‍ച്ചന, തിരുവാതിരകളി.
രാത്രി 8.30 ന്: അത്താഴപൂജ, പ്രസാദഊട്ട്.
രാത്രി 9.00 മുതല്‍: വിളക്കിനെഴുന്നെള്ളിപ്പ്, നടക്കല്‍ പറവയ്പ്പ്, മേജര്‍ സെറ്റ് പഞ്ചവാദ്യം.
അര്‍ദ്ധരാത്രി 12.00 ന്: ഇറക്കി എഴുന്നെള്ളിപ്പോടെ സമാപനം.

