ക്ഷേത്ര വാർത്തകൾ
ഇടവെട്ടിയില്‍ തിരുവോണ ഊട്ട് 19ന്; ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എത്തുന്നു

തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ വൈശാഖ മാസത്തിലെ തിരുവോണ ഊട്ടിന് വിശിഷ്ട അതിഥികളായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും ദേവസ്വം ബോര്‍ഡ് മെമ്പറും എത്തുന്നു. മെയ് 19 തിങ്കളാഴ്ചയാണ് ഇത്തവണത്തെ തിരുവോണ ഊട്ട്.

ഏറ്റവും പഴക്കം ചെന്നതും ഏറെ ശ്രേഷ്ഠവുമായ വഴിപാടാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ട്. 5000 വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് ദ്വാപരയുഗത്തില്‍, തന്റെ പ്രതിഷ്ഠ നടത്തിയ ആയുര്‍വേദത്തിന്റെ ആചാര്യന്മാരും ദൈവവൈദ്യന്മാരും ആയിരുന്ന അശ്വിനി ദേവന്മാരുടെ പുത്രനുമായ നകുലനു മുന്നില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹം നല്‍കിയ ഭഗവാന്‍, പിന്നീട് തന്റെ പുനപ്രതിഷ്ഠ നടത്തിയ വടക്കുംകൂര്‍ രാജാവിന് സ്വപ്നദര്‍ശനത്തിലൂടെ തിരുവോണ ഊട്ടിന്റെ മാഹാത്മ്യം അരുള്‍ ചെയ്തു. സന്തതികള്‍ ഇല്ലാതിരുന്നതില്‍ ഖിന്നനായിരുന്ന രാജാവിന് സല്‍സന്തതികളെ നല്‍കി അനുഗ്രഹിച്ചു. അങ്ങനെ അതിവിശേഷമാണ് ഈ വഴിപാട്. പുണ്യ വൈശാഖ മാസത്തില്‍ ഭഗവാന്റെ തിരുവോണ ഊട്ടില്‍ വിശിഷ്ട അതിഥികളായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി. കെ വിജയന്‍, മെമ്പര്‍ മനോജ് ബി നായര്‍ എന്നിവര്‍ ശ്രീ ഗുരുവായൂരപ്പന്റെ പ്രതിനിധികളായി എത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ എല്ലാ മാസവും തിരുവോണനാളില്‍ നടക്കുന്ന അതിവിശേഷമായ വഴിപാടാണ് തിരുവോണ ഊട്ട്. നൂറുകണക്കിന് ഭക്തജനങ്ങളാണ് സല്‍ സന്താന ലബ്ധിക്കും കുട്ടികളുടെ ബാലപീഡകള്‍ അകലാനും, ഈശ്വരാ ഭിമുഖ്യം ഉള്ളവരായി വളരാനും കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങുന്ന താരങ്ങളായി മാറാനും ഈ വഴിപാട് നടത്താറുള്ളത്.

ചുറ്റമ്പലത്തിന് ഉള്ളില്‍ തന്നെ ക്ഷേത്രശ്രീകോവിലിന്റെ തെക്കുഭാഗത്ത് ശ്രീകൃഷ്ണ ഭഗവാനെ ദര്‍ശിക്കാനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അനുഗ്രഹവര്‍ഷം ചൊരിഞ്ഞു കൊണ്ട് ശിവഭഗവാനും ഗണപതി ഭഗവാനും സുബ്രഹ്‌മണ്യ സ്വാമിയും കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രം കൂടിയാണ് ഇടവെട്ടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഒന്നര വര്‍ഷക്കാലത്തോളം തളര്‍ന്നു കിടന്നു ഭഗവാന്‍ തിരികെ എണീപ്പിച്ചു കൊണ്ടുവന്ന ബാബുസ്വാമിയാണ് പതിവുപോലെ ഈ മാസവും തിരുവോണ ഊട്ടിന് ഭഗവാന്റെ വിഗ്രഹം എടുക്കാന്‍ ആയി എത്തുന്നത്.

വൈശാഖമാസത്തിലെ തിരുവോണ ഊട്ട് വഴിപാട് നടത്താനും കൂടുതല്‍ വിവരങ്ങള്‍ക്കും 94 95 96 0 1 0 2 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് നല്‍കിയാല്‍ മതിയാവും.

 

Related Posts