
തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ നിറമാല മഹോത്സവം സെപ്റ്റംബര്‍ 17-ന്
തിരുവില്വാമല: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നിറമാല മഹോത്സവം സെപ്റ്റംബര്‍ 17 വ്യാഴാഴ്ച (1202 കന്നി 1) ഭക്തിസാന്ദ്രമായി ആഘോഷിക്കും. കന്നി മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ചയാണ് ക്ഷേത്രത്തില്‍ നിറമാല കൊണ്ടാടുന്നത്.
താമര, തെച്ചി, തുളസി പൂക്കളാല്‍ അലംകൃതമായ ക്ഷേത്രത്തില്‍ 26 മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാജഭരണകാലത്ത് കൊച്ചി മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച ഈ ഉത്സവത്തിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. മദ്ദള കുലപതി വെങ്കിച്ചന്‍ സ്വാമിയും മേല്‍ശാന്തി മുണ്ടക്കല്‍ പാച്ചു അപ്ഫന്‍ തിരുമേനിയും ചേര്‍ന്നാണ് കന്നിമാസത്തിലെ ആദ്യ വ്യാഴാഴ്ച നിറമാലയായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാര്‍ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ ഭഗവാനെ സേവിക്കാന്‍ എത്തുന്ന ഈ പുണ്യദിനം കലകളുടെ ഒരു സംഗമം കൂടിയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 4.30-ന് നിര്‍മ്മാല്യ ദര്‍ശനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അഷ്ടപദി, നാദസ്വരം എന്നിവയും 8.30-ന് പ്രഗത്ഭര്‍ അണിനിരക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളിപ്പും നടക്കും. കിഴക്കൂട്ട് അനിയന്‍ മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പങ്കുചേരും. ഉച്ചയ്ക്ക് 12.30-ന് ഓട്ടന്‍തുള്ളലും 2.30-ന് കുനിശ്ശേരി അനിയന്‍ മാരാര്‍, കോങ്ങാട് മധു തുടങ്ങിയവര്‍ നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള കാഴ്ചശീവേലിയും ഉണ്ടായിരിക്കും.
വൈകുന്നേരം 6.00-ന് നിറമാല, വിളക്കുവെപ്പ്, ദീപാരാധന, സോപാന സംഗീതം എന്നിവ നടക്കും. 6.30-ന് നൃത്തനൃത്യങ്ങളും രാത്രി 7.00-ന് ലെക്കിടി ഗുരുകൃപ കഥകളി അക്കാദമി അവതരിപ്പിക്കുന്ന ‘നരകാസുരവധം’ കഥകളിയും അരങ്ങേറും. തുടര്‍ന്ന് തായമ്പക, ഇരട്ടത്തായമ്പക, മദ്ദളകേളി, കൊമ്പ് പറ്റ്, കുഴല്‍ പറ്റ്, രാത്രി ശീവേലി എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായിരിക്കും. പിറ്റേ ദിവസം (18/09/2026) പുലര്‍ച്ചെ 5.30-ന് നാദസ്വരത്തോടെ മഹോത്സവത്തിന് സമാപനമാകും. ഉത്സവത്തിന്റെ വിജയത്തിനായി എല്ലാ ഭക്തജനങ്ങളുടെയും സഹകരണം തിരുവില്വാമല ദേവസ്വം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

