
തിരുവൈരാണിക്കുളത്ത് നടതുറപ്പ് ദര്‍ശനം കാണാം! ; പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി | Thiruvairanikkulam Temple
തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം പ്രമാണിച്ച് ജനുവരി മാസം 5-ാം തീയതി മുതല്‍ 16-ാം തീയതി വരെ ഭക്തര്‍ക്ക് കെ.എസ്.ആര്‍.ടി.സി യാത്രാ സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. എറണാകുളം, ചാലക്കുടി, നോര്‍ത്ത് പറവൂര്‍, കൊടുങ്ങല്ലൂര്‍, കോതമംഗലം, ആലുവ, മാള, ചേര്‍ത്തല, വൈക്കം യൂണിറ്റുകളില്‍ നിന്ന് സ്‌പെഷ്യല്‍ സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിവിധ ഡിപ്പോകളില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്‍ മുഖേനയും യാത്രാസൗകര്യം ഒരുക്കുന്നുണ്ട്. കൂടുതല്‍ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തില്‍ തൊട്ടടുത്ത യൂണിറ്റുകളില്‍ നന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ എസ് ആര്‍ടി സി എറണാകുളം ഫോണ്‍: 0484 2372033, ചാലക്കുടി ഫോണ്‍: 0480 2701638, ആലുവ ഫോണ്‍: 0484 2624242
ഭക്തജനങ്ങളുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെടുന്ന തിരുവൈരാണിക്കുളം ക്ഷേത്രം വളരെ പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ളതാണ്. എന്നാല്‍ ഒരു കൊച്ചു ഗ്രാമത്തിലെ ഈ ക്ഷേത്രത്തിലേക്ക് ഇത്ര മേല്‍ ജനപ്രവാഹം ഉണ്ടാകാന്‍ കാരണമെന്താണെന്നതിന് പിന്നില്‍ വലിയൊരു കഥയുണ്ട്. ഭക്തിസാന്ദ്രമായി കേള്‍ക്കേണ്ട ഐതിഹ്യങ്ങളുടെ പൊരുളുണ്ട്. മനം തൊട്ട് തൊഴുന്നവര്‍ക്ക് കരം നിറയെ വരം അരുളുന്ന ഈ പുണ്യ ഭൂമിയുടെ കഥകളിലേക്ക് കാതോര്‍ക്കാം.
ക്ഷിപ്രപ്രസാദിയായ മഹാദേവനും മംഗല്യ വരദായിനിയായ ശ്രീപാര്‍വ്വതി ദേവിയും ഒരേ ശ്രീകോവിലില്‍ വാണരുളുന്ന പുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം. സ്ത്രീകളുടെ ശബരിമലയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലെ വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്താണ്. മഹാദേവനെ കിഴക്കോട്ടായും അതേ ശ്രീകോവിലില്‍ തന്നെ പാര്‍വതി ദേവിയെ പടിഞ്ഞാറോട്ട് ദര്‍ശനമായും പ്രതിഷ്ഠിച്ചിരിക്കുന്നു.
നമസ്‌കാര മണ്ഡപത്തിന് അകത്ത് മഹാദേവന് അഭിമുഖമായി ഋഷഭത്തെയും ശ്രീകോവിലിനു സമീപമായി കിഴക്കോട്ടു ദര്‍ശനത്തില്‍ ശ്രീ മഹാഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. സതീ ദേവി, ഭദ്രകാളി, ധര്‍മ ശാസ്താവ്, മഹാവിഷ്ണു തുടങ്ങിയവരുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. വട്ട ശ്രീകോവിലോട്കൂടിയ ഈ ക്ഷേത്രത്തിന്റെ തച്ച് ശാസ്ത്ര കണക്കും മറ്റും പെരുന്തച്ചന്റെതാണെന്ന് പറയപ്പെടുന്നു. ബലിക്കല്‍ തട്ടില്‍ തച്ചന്റെ കരവിരുത് പ്രകടമാണ്.
മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത ഒരു പ്രത്യേകത ഇവിടെയുണ്ട്. ദേവി ദര്‍ശനത്തിന് വര്‍ഷത്തില്‍ 12 ദിവസം മാത്രം ശ്രീ പാര്‍വതി ദേവിയുടെ നട തുറക്കുന്നു എന്നതാണത്. ഈ പന്ത്രണ്ടു നാളുകളിലും ഇവിടെ എത്തുന്ന ഭക്തന്മാര്‍ക്ക് ഉണ്ടാകുന്നത് വാക്കുകള്‍ക്കും അതീതമായ അനുഭൂതിയും അനുഭവങ്ങളാണ്.
ഒരു ആണ്ടിലെ 12 ദിവസങ്ങള്‍ മാത്രം ദേവിയുടെ നട തുറക്കുന്നതിനു പിന്നില്‍ ആരെയും അദ്ഭുതപ്പെടുത്തുന്ന ഒരു കഥയുണ്ട്. ആദ്യ കാലങ്ങളില്‍ ദിനവും പാര്‍വതി ദേവിയുടെ നട തുറന്നിരുന്നു. അക്കാലത്ത് മഹാ ദേവനായുള്ള നിവേദ്യങ്ങള്‍ ശ്രീ പാര്‍വതി ദേവി തന്നെയാണ് തയാറാക്കിയിരുന്നത്.
നിവേദ്യത്തിന് വേണ്ടിയുള്ള സാധനങ്ങളലെല്ലാം തിടപ്പള്ളിയില്‍ കൊണ്ട് വെച്ച് വാതില്‍ അടച്ച് പോരുകയായിരുന്നു പതിവ്. കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞ് നിവേദ്യത്തിനുള്ള സമയം ആകുമ്പോള്‍ തിടപ്പള്ളിയില്‍ ചെന്ന് നോക്കിയാല്‍ എല്ലാ നിവേദ്യ സാധനങ്ങളും തയ്യാറായി ഇരിക്കുന്നതയായി കാണാമായിരുന്നു. ഈ സമയത്ത് ആര്‍ക്കും തിടപ്പള്ളിയില്‍ പ്രവേശനവും ഉണ്ടായിരുന്നില്ല.
ഈ അദ്ഭുതം മുറ പോലെ നടന്നു പോന്നിരുന്നു. എന്നാല്‍ കാലങ്ങള്‍ പോകെ അന്നത്തെ ഊരായ്മക്കാരില്‍ കാരണാവരായിരുന്ന ആകവൂര്‍ നമ്പൂതിരിപ്പാടിന് ഉള്ളില്‍ ജിജ്ഞാസ ഉണരുകയും പൂജാ സമയത്ത് തിടപ്പള്ളിയുടെ വാതില്‍ തുറന്ന് നോക്കുകയും ചെയ്തു.
സര്‍വ്വാഭരണ വിഭൂഷിതയായി ശ്രീ പാര്‍വതി ദേവി പാചകത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് നില്‍ക്കുന്നതായി കാണുകയും ഭക്തി മൂലം നമ്പൂതിരിപ്പാട് ‘അമ്മേ.. ജഗദാദംബികേ ‘ എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. ആചാരങ്ങള്‍ തെറ്റിച്ചത് കണ്ട് കോപ്പിഷ്ട്ടയായ ദേവി ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങിപോകുന്നതായി അറിയിച്ചു. എന്നാല്‍ നമ്പൂതിരി മാപ്പ് ഇരക്കുകയും ക്ഷേത്രത്തില്‍ എന്നും ദേവി സാന്നിധ്യം ഉണ്ടായിരിക്കണമേ എന്ന് അപേക്ഷിക്കുകയും ചെയ്തു. ഒടുവില്‍ മനസ്സലിഞ്ഞ ദേവി ഭഗവാന്റെ തിരുനാള്‍ ദിനം മുതല്‍ 12 ദിവസത്തേക്ക് ദര്‍ശനം തരാമെന്ന് സമ്മതിച്ചു. ഈ ദിവസങ്ങളില്‍ തന്നെ ദര്‍ശിക്കുന്ന ഭക്തര്‍ക്ക് മംഗല്യവും ദീര്‍ഘ മംഗല്യ സൗഭാഗ്യവും ഉണ്ടാവട്ടെയെന്ന് ദേവി അരുളിച്ചെയ്തു. അന്ന് മുതലാണ് സര്‍വൈശ്വര്യങ്ങളും അരുളുന്ന പാര്‍വതി ദേവിയുടെ നട വര്‍ഷത്തില്‍ 12 ദിവസം മാത്രമായി തുറന്ന് തുടങ്ങിയത്.
ദേവീ കാടാക്ഷത്തിന്റെ ധന്യത അറിയാത്ത ഒരു ഭക്തര്‍ പോലും ഈ ക്ഷേത്രം വിട്ടു പോയിട്ടില്ല. അനുഭവസ്ഥരുടെ കഥകള്‍ ദേവീ മാഹത്മ്യത്തിന്റെ സാക്ഷ്യം കൂടിയാണ്. വിവാഹ സ്വപ്നങ്ങള്‍ നിറവേറാതെ ആശയറ്റ് പോയ പെണ്‍ജീവിതങ്ങള്‍ക്ക് ശ്രീ പാര്‍വതി ദേവീ അനുഗ്രഹങ്ങള്‍ നല്‍കുന്നു.
മംഗല്യ സൗഭാഗ്യവും ദീര്‍ഘ മംഗല്യ ജീവിതവും നേടി ദേവിയുടെ കൃപാ കടാക്ഷം അനുഭവിച്ചവര്‍ ഏറെയാണ്. ധനു മാസത്തിലെ തിരുവാതിരനാള്‍ മുതല്‍ ദേവീദര്‍ശനം സാധ്യമാകൂ എങ്കിലും നിത്യവും നിവേദ്യവും വഴിപാടുകളും ദേവിക്ക് നടത്തി വരുന്നുണ്ട്.
ഉത്സവ ദിനങ്ങളില്‍ ശ്രീ പാര്‍വതി ദേവിക്ക് പ്രത്യേക പൂജയും വഴിപാടുകളും നടത്തി വരുന്നു. നട തുറക്കുന്ന ദിനങ്ങളില്‍ നാനാദേശത്ത് നിന്നുമുള്ള ഭക്തരാണ് ഇവിടേക്ക് എത്തുന്നത്. സ്ത്രീ ജനങ്ങളുടെ അഭയ സങ്കേതമായ ഈ മണ്ണിലെത്തുന്നവര്‍ക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല.