
ഏത് മാരക രോഗത്തിനും ശമനം, തിരുനക്കര ക്ഷേത്രത്തിലെ ഔഷധം സേവിച്ചാൽ
ശിവശക്തി ചൈതന്യങ്ങളുടെ സംഗമക്ഷേത്രമാണ് കോട്ടയം നക്കരകുന്നിൻ മുകളിലെ തിരുനക്കര മഹാദേവ ക്ഷേത്രം (Thirunakkara Mahadevar Temple). സ്വയംഭൂവാണ് ഇവിടുത്തെ ശിവലിംഗം. സ്വർണ്ണ അങ്കി കൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു. ഇടതുവശത്ത് പാർവ്വതീ വിഗ്രഹമുണ്ട്. വരദവും ശൂലവും കപാലവും അഭയവും ധരിച്ച മഹാദേവനാണ് ഇവിടെയുള്ളത്. നാല് കൈകളിൽ ഒരു ഇടത്തേ കയ്യിൽ ചെന്താമരപ്പൂവുണ്ട്. ഇടത് വശത്തിരിക്കുന്ന ശ്രീപാർവ്വതി ദേവിയെ ആലിംഗനം ചെയ്തിരിക്കുന്നു എന്നതാണ് മൂർത്തീ സങ്കല്പം. ആണ്ടു തോറും മൂന്നു തവണ ഉത്സവം നടത്തിവരുന്ന അപൂർവ്വം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. പൈങ്കുനി, അൽപശി, ആനി ഉത്സവങ്ങളാണിത്. പൈങ്കുനി ഉത്സവകാലത്ത് വൻ ഭക്തജനതിരക്കാണ്. ശിവലിംഗം കണ്ട സ്ഥലത്ത് ജ്യോതിഷ വിധിപ്രകാരം ഒരു മീനം ഒന്നിന്ന് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠാകലശം നടത്തിയതിന്റെ വാർഷിക ആഘോഷമാണ് പൈങ്കുനി ഉത്സവം. ഇതാണ് ദേശത്തിന്റെ ഉത്സവമായി തീർന്നത്.
പള്ളിവേട്ട ദിവസമാണ് തിരുനക്കര പകൽപൂരം. എട്ടാം ഉത്സവദിവസത്തിൽ നടത്തിവരുന്ന വലിയ വിളക്ക് തിരുനക്കര പ്രദേശവാസികളുടെ ദേശവിളക്കാണ്. ഒൻപതാം ഉത്സവ ദിവസത്തെ പള്ളി വേട്ടയ്ക്ക് പിറ്റേന്നാണ് തിരുനക്കര മഹാദേവന്റെ ആറാട്ട്. അന്ന് അമ്പലകടവ് ദേവീക്ഷേത്രത്തിൽ നിന്നും ആറാടി വരുന്ന മഹാദേവനെ ക്ഷേത്രത്തിലേക്ക് എതിരേൽക്കും. ശാന്തസ്വരൂപനായി, കുടുംബസമേതനായി കിഴക്ക് ദർശനമായി ശ്രീമഹാദേവൻ അനുഗ്രഹം ചൊരിയുന്ന ഈ തിരുസന്നിധിയിൽ വടക്കുംനാഥന്റെ ഉപദേവാലയം ഉണ്ട്. വടക്കുംനാഥ സാന്നിധ്യമുള്ളതു കൊണ്ടാണ് തിരുനക്കരയിൽ പകൽപൂരം നടത്തുന്നത്. ഇവിടുത്തെ പകൽപൂരത്തിന് വാദ്യകുലപതിമാരുടെ മേളവും ഉയരം കൂടിയ ഗജവീരന്മാരും അണിനിരക്കും. കുടമാറ്റവും വെടിക്കെട്ടുമായി പൂരത്തിന്റെ ഓർമ്മകൾ മായാതെ നിൽക്കും.
ക്ഷേത്രോൽപത്തി
ഒരു തെക്കുംകൂർ രാജാവിന് വടക്കുംനാഥനോടുണ്ടായ ആരാധനയാണ് തിരുനക്കര ക്ഷേത്ര നിർമ്മിതിക്ക് കാരണം. തെക്കുംകൂർ രാജവംശത്തിന്റെ (1100-1749) ഭരണത്തിന്റെ ഒരു ഘട്ടത്തിലാണ് ക്ഷേത്രം പണിതത്. അതിന് മുൻപ് ഇവിടം നക്കരകുന്ന് ആയിരുന്നു. കുന്നുകളും കാടുകളും നിറഞ്ഞ സ്ഥലത്ത് ക്ഷേത്രം വന്നതോടെ ദേവസൂചകമായ തിരുനക്കര ആയിമാറി.
ഐതിഹ്യം
പണ്ടൊരു തെക്കുംകൂർ രാജാവ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മാസം തോറും ദർശനം നടത്തുമായിരുന്നു. മാസത്തിന്റെ അവസാന ദിവസം അവിടെയെത്തി അന്നും പിറ്റേന്നുമായി രണ്ടു മാസത്തെ ദർശനം കഴിഞ്ഞു പോരും. വളരെക്കാലം ഇത് തുടർന്നു. പ്രായാധിക്യവും രോഗപീഡകളും നിമിത്തം യാത്ര കഠിനമായപ്പോൾ ‘ഇനി എന്നെ കാണാനായി ഇങ്ങോട്ടു വന്നു ബുദ്ധിമുട്ടണ്ടാ ഞാൻ നക്കരക്കുന്നിൽ വന്നേയ്ക്കാം, എന്റെ അടുത്തായി വെളുത്ത ചെത്തി കാണപ്പെടും’ എന്ന സ്വപ്ന ദർശനം ഉണ്ടായി. നാട്ടിൽ തിരിച്ചെത്തിയ തമ്പുരാൻ നക്കരക്കുന്നിൽ ശിവലിംഗം കണ്ടെടുത്തതറിഞ്ഞ് അവിടെയെത്തി ശിവലിംഗവും അതിന്റെ മുൻവശത്ത് ഒരു വൃക്ഷഭവും പിന്നിൽ വടക്കുമാറി വെളുത്ത ചെത്തിയും കണ്ടു. ഇത് സ്വപ്നം സാക്ഷാത്കാരം ആണെന്നും വടക്കുംനാഥൻ അനുഗ്രഹിച്ചു എന്നും മനസിലാക്കി അവിടെ ക്ഷേത്രം നിർമ്മിച്ചു.
തിരുനക്കര ക്ഷേത്രം
നാലുദിക്കിലും മാളികയോടുകൂടിയ നാലു ഗോപുരങ്ങൾ. നാലമ്പലം, ചുറ്റുമതിൽ, കൊടിമരം, കൂത്തമ്പലം, ആനക്കൊട്ടിൽ, നടപ്പന്തൻ, തിടപ്പള്ളി എന്നിവയോട് കൂടിയ ക്ഷേത്രത്തിൽ സ്വയംഭൂവായ ശിവലിംഗവും ഋഷഭവിഗ്രഹവും പ്രതിഷ്ഠിച്ചു. ശ്രീകോവിൽ ചെമ്പുമേഞ്ഞ് താഴികകുടവും കൂടിയുണ്ട്. ദിവസേന അഞ്ചു പൂജകളും, മൂന്നു ശീവേലിയും ഉൾപ്പെടെയുള്ള നിത്യനിദാനം, മാസവിശേഷങ്ങൾ, ആട്ട വിശേഷങ്ങൾ എന്നിവ ചിട്ടപ്പെടുത്തി. അശ്വര്യ മൂർത്തി പാർവ്വതി സമേതനായ ശ്രീപരമേശ്വരന്റെ സങ്കൽപത്തോടും തദനുസൃതമായ മൂലമന്ത്രത്തോടും കൂടിയാണ് ചതുരാകൃതിയിൽ പണികഴിപ്പിച്ച് ചെമ്പുതകിടു മേഞ്ഞിരിക്കുന്ന ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠ. സൗമ്യ ഭാവവും ആശ്രിതവാത്സല്യവും ഒത്തിണങ്ങിയ ഇവിടുത്തെ അശ്വര്യ മൂർത്തീ ദർശനം കുടുംബ ഐശ്വര്യത്തിന് അതിവിശിഷ്ടമാണ്. ശ്രീകോവിലിന്റെ പുരോഭാഗത്തുള്ള മണ്ഡപത്തിൽ വൃക്ഷഭനും, അൽപം വടക്കു മാറി വടക്കുകോണിൽ വെളുത്ത ചെത്തിയും അതിനരികിൽ നാഗരാജ പ്രതിഷ്ഠയും ഉണ്ട്.
ഉപദേവതകൾ
നാലമ്പലത്തിനു പുറത്ത് അഗ്നികോണിൽ ഉപക്ഷേത്രത്തിൽ ഗണപതിയും നിരുതികോണിൽ അൽപം കൂടി വലിയ ഉപക്ഷേത്രത്തിൽ ശാസ്താവും പ്രതിഷ്ഠിക്കപ്പെട്ടു. ശാസ്താം കോവിലിന്റെ മുൻവശത്ത് വിശാലമായ ഒരു നടപ്പന്തൽ പിന്നീട് പണികഴിപ്പിച്ചു. വടക്കുകോണിൽ സുബ്രഹ്മണ്യസ്വാമിയും, അതിനു മുമ്പിൽ വടക്കുംനാഥനും, ഈശാനകോണിൽ പടിഞ്ഞാറോട്ടഭിമുഖമായി വതിയുമുണ്ട്, ഭഗവതി ബ്രാഹ്മരക്ഷസ്സിനെ ആവാഹിച്ച് പ്രതിഷ്ഠിച്ച ഒരു ചെറിയ ആലയമുണ്ട്.
മൂന്ന് ഉത്സവങ്ങൾ
തിരുനക്കര മഹാദേവക്ഷേത്രത്തിൽ ആണ്ടിൽ മൂന്ന് ഉത്സവങ്ങൾ പതിവുണ്ട്. തുലാമാസത്തിൽ അൽപശി ഉത്സവം തൃക്കേട്ട നാളിൽ കൊടിയേറി രണ്ടു ദിവസം നീണ്ടു നിൽക്കും മീനമാസത്തിൽ പൈങ്കുനി ഉത്സവം: മീനം ഒന്നിന് കൊടിയേറി പത്താം തീയതി ആറാട്ടോടു കൂടി സമാപിക്കുന്നു. പ്രധാന ഉത്സവം ഇതാണ്. മിഥുനമാസത്തിൽ ആനി ഉത്സവം: ഉതൃട്ടാതി നക്ഷത്രത്തിൽ കൊടിയേറി തിരുവാതിര നാളിൽ ആറാട്ട് ഏഴുദിവസം മാത്രം. ഇവയിൽ തുലാത്തിലേയും മിഥുനത്തിലേയും ഉത്സവങ്ങൾ ആർഭാടം കൂടാതെ വൈദിക-താന്ത്രിക ചടങ്ങുകൾ മാത്രം യഥാവിധി നിർവ്വഹിച്ച് നടത്തുന്നു. ആറാടുന്നത് തിരുനക്കര ക്ഷേത്രക്കുളത്തിലാണ്. എന്നാൽ പൈങ്കുനി ഉത്സവം ആർഭാടമായി അതാത് വർഷം തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലാണ് ക്ഷേത്രഭരണം.
ശ്രീരാമനും ശ്രീകൃഷ്ണനും
തിരുനക്കര മഹാദേവ ക്ഷേത്രത്തെക്കാൾ പഴക്കം ഏറിയ രണ്ടു ക്ഷേത്രങ്ങൾ ഇതിന് സമീപമുണ്ട്. ക്ഷേത്രക്കുളത്തിനു വടക്കു ഭാഗത്തുള്ള ശ്രീരാമ സ്വാമി ക്ഷേത്രവും, കുളത്തിനു തെക്കു ഭാഗത്തുള്ള ശ്രീകൃഷ്ണ സ്വാമി (കേരളപുരം) ക്ഷേത്രവും. അവ വ്യത്യസ്ത ഭരണത്തിലുള്ളതാണെങ്കിലും ഈ മൂന്നു ക്ഷേത്രങ്ങളും അവയ്ക്ക് പൊതുവായുള്ള ക്ഷേത്രക്കുളവും ഉൾപ്പെട്ടതാണ് തിരുനക്കര. ഇവയിൽ പഴക്കം കൊണ്ടു പ്രഥമസ്ഥാനം സ്വാമിയാർ മഠം വക ശ്രീരാമസ്വാമി ക്ഷേത്രത്തിനാണ്. രണ്ടാമത് കേരളപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനുമാണ്. ഇവ രണ്ടും പണികഴിപ്പിക്കപ്പെട്ട ശേഷമാണ് തെക്കുംകൂർ രാജാവ് നക്കരക്കുന്നിൻ പുറത്ത് മഹാദേവ ക്ഷേത്രം നിർമ്മിച്ചത്.
അത്യാഹിതവും വിലക്കും
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ പതിവനുസരിച്ച് അക്കാലത്ത് ശീവേലി എഴുന്നള്ളിക്കുന്നത് മൂത്തതന്മാർ ആയിരുന്നു. അങ്ങനെയിരിക്കെ തെക്കുംകൂർ രാജാവിന് എന്തോ കാരണവശാൽ ഒരു മൂത്തതിനോട് കഠിനമായ തിരുവുള്ളക്കേട് തോന്നി ആ മൂത്തതിനെ വെടിവച്ചു കൊല്ലാൻ കല്പിച്ചു. രാജകൽപന അനുസരിച്ച് ഭടന്മാർ മൂത്തതെന്നു കരുതി മടപ്പള്ളി നമ്പൂതിരിയെയാണ് വെടിവച്ചു കൊന്നത്. ആ നമ്പൂതിരിയുടെ അന്തർജനം ക്ഷേത്രത്തിന്റെ തിരുനടയിൽ തലതല്ലി മരിച്ചു. അതോടെ ആ ഇല്ലം അന്യം നിന്നു. തുടർന്ന് തിരുനക്കര ക്ഷേത്രമതിൽക്കകത്ത് അന്തർജനങ്ങൾക്കും ശീവേലി എഴുന്നള്ളത്തിന് മൂത്തതന്മാർക്കും വിലക്കായി. അത് ഇപ്പോഴും തുടരുന്നു.
രണ്ടു തിടപ്പള്ളികൾ
തിരുനക്കര ക്ഷേത്രത്തിൽ രണ്ടു തിടപ്പള്ളികളുണ്ട്. അതിൽ തെക്കെ തിടപ്പള്ളിയിലെ ഭസ്മം വിശേഷപ്പെട്ടതാണ്. ഏതു വിഷത്തിനും ഈ ഭസ്മം വളരെ വിശേഷപ്പെട്ട ഔഷധമാണെന്ന് ഒരു ദേവ പ്രശ്നത്തിൽ പറയുകയുണ്ടായി. അതുപോലെ പുരാതനകാലത്ത് ഭഗവാന് നിറ പുത്തരിക്ക് ശേഷം ചില പ്രത്യേക മരുന്നുകൾ ചേർത്തു തയ്യാറാക്കിയ ഔഷധക്കഞ്ഞി നേദിക്കാറുണ്ടായിരുന്നെന്നും അത് മാരകരോഗത്തിന് അടിമപ്പെട്ടവർ കഴിച്ചാൽ രോഗശമനം ഉണ്ടാകുമെന്നും കണ്ടെത്തി. വർഷത്തിലൊരിക്കൽ നേദിച്ചു പോരുന്ന പാനകം വളരെ വിശേഷപ്പെട്ടതും സർവ്വരോഗ സംഹാരിയുമാണ്. ചുരുക്കത്തിൽ തിരുനക്കര മഹാദേവനെ വൈദ്യനാഥനായും സങ്കല്പിക്കുന്നു.
വൃഷഭ മാഹാത്മ്യം
ശ്രീമഹാദേവന്റെ വാഹനമായ വൃഷഭന് തിരുനക്കരയിൽ പ്രത്യേക പരിഗണയും പരിചരണവും നൽകുന്നു. ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മുൻവശത്തുള്ള പ്രത്യേക മണ്ഡപത്തിലാണ് വൃഷഭ പ്രതിഷ്ഠ. ക്ഷേത്രത്തിനകത്തു പ്രവേശിക്കുമ്പോൾ ഭഗവാന്റെ മുൻപിലായി സ്ഥിതിചെയ്യുന്ന വൃഷഭ വിഗ്രഹമാണ് ആദ്യം നമ്മുടെ ദൃഷ്ടിയിൽപ്പെടുക. ഈ കൂറ്റൻ വൃഷഭവിഗ്രഹത്തെ സംബന്ധിച്ച് അത്ഭുതകരമായ ഒരു പ്രതിഭാസം ഉണ്ട്. ചിലകാലങ്ങളിൽ ശിലാ നിർമ്മിതമായ ആ വിഗ്രഹത്തിന്റെ ദേഹത്ത് നീരു വന്നു പൊട്ടിവരും. ഇത് അവിശ്വസീനയമായി തോന്നാമെങ്കിലും, പല തവണ ആവർത്തിച്ചു. ഇതിന് പരിഹാരമായ പ്രത്യേക പൂജകൾ പതിവാണ്. പൊതുവെ നാട്ടിൽ കഷ്ടകാലം ബാധിക്കുമ്പോഴോ വരാനിരിക്കുന്ന ആപത്തിന്റെ നാന്ദിയായോ ആണ് ഇതു സംഭവിക്കുന്നത്. കൊല്ലവർഷം 933, 973, 986, 990, 1004, 1022, 1036, 1055 എന്നീ ആണ്ടുകളിൽ ഈ പ്രതിഭാസം ഉണ്ടായതായി പറയുന്നു. അന്നൊക്കെ ഓരോ രാജാക്കന്മാർ നാടുനീങ്ങി. അവസാനം ഈ സംഭവം ഉണ്ടായപ്പോൾ ചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് ഈ അത്ഭുതം കാണാൻ ക്ഷേതത്തിൽ എഴുന്നള്ളി.
കൂത്തമ്പലം
തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ പണികളോട് അനുബന്ധിച്ച് മതിൽക്കെട്ടിനുള്ളിൽ പഞ്ചപ്രാസാദങ്ങളിൽ ഒന്നായ കൂത്തമ്പലവും നിർമ്മിച്ചു. നാലമ്പലത്തിനു വെളിയിൽ കൊടിമരത്തിനു മുൻപിലുള്ള സേവക്കൊട്ടിലിന് തെക്കു മാറിയാണ് ദീർഘചതുരാകൃതിയിൽ കൂത്തമ്പലമുള്ളത്, കൂത്ത്, കൂടിയാട്ടം, തുടങ്ങിയ ക്ഷേത്രകലകൾ അവതരിപ്പിക്കുക ഇവിടെയാണ്.
തിരുനക്കര കൊച്ചു കൊമ്പൻ
തിരുനക്കര മഹാദേവന്റെ ഐതിഹ്യം പോലെ പ്രസിദ്ധമാണ് തിരുനക്കര കൊച്ചു കൊമ്പന്റെ കഥ. ബുദ്ധിവിശേഷവും സ്നേഹവും തിരിച്ചറിവും കാരണം കൊച്ചു കൊമ്പൻ ജനങ്ങളുടെ കണ്ണിലുണ്ണിയായി. ആ സ്നേഹത്തിന്റെ പ്രതീകമായി കൊച്ചു കൊമ്പന്റെ ഒരു വലിയ ചിത്രം ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ തിരുനക്കര ശിവൻ എന്നു പേരുള്ള ആന തിരുനക്കര ക്ഷേത്രത്തിന്റേതായി ഉണ്ട്.
ദിവസവും 5 പൂജകൾ
വെളുപ്പിനു പള്ളിയുണർത്തുന്നതു മുതൽ രാതിയിൽ പള്ളിയുറക്കുന്നതുവരെ, ക്ഷേത്രത്തിൽ ഭക്തജനത്തിരക്കാണ്. ഉഷപൂജ, എതൃത്തപൂജ, പന്തീരടി (നവകം) ഉച്ചപൂജ, അത്താഴപൂജ എന്നി ങ്ങനെ അഞ്ചുപൂജകളും, എതൃത്ത ശീവേലി, ഉച്ചശീവേലി, അത്താഴ ശീവേലി ഇങ്ങനെ മൂന്നു ശീവേലികളും നിത്യേന നടത്തുന്നു.
വഴിപാടുകൾ
ഗണപതിഹോമം, മൃത്യുജ്ഞയ ഹോമം, ഭഗവതിസേവ, ക്ഷീരധാര, ജലധാര, രുദ്രാഭിഷേകം, അഷ്ടാഭിഷേകം, ആയില്യം പൂജ, നൂറും പാലും, മുഴുക്കാപ്പ്, നീലാജ്ഞനം കൂടാതെ വെള്ളനിവേദ്യം, കടുംപായസം, പാൽപായസം, ത്രിമധുരം തുടങ്ങിയ നിവേദ്യങ്ങളും ആണ് പ്രധാന വഴിപാടുകൾ.
Summary: Thirunakkara Mahadevar Temple situated in the heart of Kottayam city is one of the 108 revered Shivalayas in Kerala. The temple is belonging to Lord Shiva. It is about 500 years old and was built by the Thekkumkoor raja.