വാസ്തു
വാസ്തു പ്രകാരം മറ്റൊരാള്‍ക്ക് ഒരിക്കലും സമ്മാനമായി നല്‍കാന്‍ പാടില്ലാത്ത 9 വസ്തുക്കള്‍

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത് നമ്മുടെ ഒരു പതിവാണല്ലോ. വിലയേറിയതും മനോഹരവുമായ പല സമ്മാനങ്ങളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ വാസ്തു ശാസ്ത്ര പ്രകാരമുള്ള ചില ചിട്ടകള്‍ പാലിക്കുന്നത് വീടിന്റെ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ സഹായിക്കും. വാസ്തു പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ മറ്റൊരാള്‍ക്ക് സമ്മാനിക്കാന്‍ പാടില്ല. ഈ വസ്തുക്കള്‍ പുതിയ തുടക്കത്തിലേക്ക് കലഹവും നിര്‍ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഗൃഹപ്രവേശത്തിനോ മറ്റ് വിശേഷാവസരങ്ങളിലോ സമ്മാനങ്ങള്‍ നല്‍കുമ്പോള്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:

കത്തി, കത്രിക തുടങ്ങിയ മൂര്‍ച്ചയുള്ള വസ്തുക്കള്‍: വാസ്തു പ്രകാരം കത്തി, കത്രിക പോലുള്ള മൂര്‍ച്ചയുള്ള വസ്തുക്കള്‍ സമ്മാനിക്കുന്നത് ബന്ധങ്ങള്‍ മുറിച്ചുമാറ്റുന്നതിന് തുല്യമാണ്. ഇത് വ്യക്തികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്കും അകല്‍ച്ചയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

കറുത്ത നിറത്തിലുള്ള വസ്തുക്കള്‍: കറുപ്പ് നിറത്തെ ഫാഷന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായി ലോകം ഇന്ന് ആഘോഷിക്കുന്നുണ്ടെങ്കിലും, വാസ്തു ശാസ്ത്രം ഇതിനെ അനുകൂലിക്കുന്നില്ല. കറുത്ത നിറത്തിലുള്ള വസ്തുക്കള്‍ സമ്മാനിക്കുന്നത് നിര്‍ഭാഗ്യവും മാനസികമായ ഭാരവും ആകര്‍ഷിക്കുമെന്ന് പറയപ്പെടുന്നു.

കൃത്രിമ പൂക്കള്‍: കൃത്രിമ പൂക്കള്‍ നിര്‍ജീവതയുടെയും മുരടിപ്പിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. അതിനാല്‍, പ്രിയപ്പെട്ടവര്‍ക്ക് പൂക്കള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോഴും യഥാര്‍ത്ഥ പൂക്കള്‍ തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

അക്വേറിയം അല്ലെങ്കില്‍ ഫൗണ്ടന്‍: വാസ്തു പ്രകാരം ജലവുമായി ബന്ധപ്പെട്ട അലങ്കാരവസ്തുക്കള്‍ ഒരിക്കലും സമ്മാനമായി നല്‍കാന്‍ പാടില്ല. ഇത് സമ്മാനം നല്‍കുന്ന വ്യക്തിയുടെ കര്‍മ്മഫലങ്ങള്‍ മറ്റൊരാളിലേക്ക് കൈമാറാന്‍ കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ലെതര്‍ ഉല്‍പ്പന്നങ്ങള്‍: ലെതര്‍ അല്ലെങ്കില്‍ തുകല്‍ ഉല്‍പ്പന്നങ്ങള്‍ നെഗറ്റീവ് എനര്‍ജിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയും സമ്മാനമായി നല്‍കുന്നത് വാസ്തു ശാസ്ത്രം വിലക്കുന്നു.

ചുവര്‍ ക്ലോക്ക്: ഗൃഹപ്രവേശത്തിന് ഏറ്റവും കൂടുതല്‍ പേര്‍ നല്‍കുന്ന ഒരു സമ്മാനമാണ് ചുവര്‍ ക്ലോക്ക്. എന്നാല്‍ വാസ്തു പ്രകാരം ഇത് സമയം തീര്‍ന്നുപോകുന്നതിനെയോ അല്ലെങ്കില്‍ ആരും ആഗ്രഹിക്കാത്ത ഒരു ഓര്‍മ്മപ്പെടുത്തലിനെയോ ആണ് സൂചിപ്പിക്കുന്നത്.

കര്‍ച്ചീഫ്: വാസ്തു പാരമ്പര്യത്തില്‍ കര്‍ച്ചീഫ് സമ്മാനമായി നല്‍കുന്നതും നിരുത്സാഹപ്പെടുത്തുന്നു. ഇത് കണ്ണുനീരിന്റെയും ദുഃഖത്തിന്റെയും പ്രതീകമായാണ് കണക്കാക്കുന്നത്. അതിനാല്‍ ഇത് ബന്ധങ്ങളില്‍ സങ്കടങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടാക്കാന്‍ കാരണമായേക്കാം.

അച്ചാര്‍: അച്ചാര്‍ സമ്മാനിക്കുന്നത് ബന്ധങ്ങളില്‍ കയ്പ്പ് ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അച്ചാര്‍ സമ്മാനമായി ലഭിക്കുകയാണെങ്കില്‍, പകരം എന്തെങ്കിലും മധുരം അവര്‍ക്ക് നല്‍കുന്നതാണ് നല്ലത്.

മുള്ളുള്ള ചെടികള്‍: ജീവനുള്ള ചെടികള്‍ പ്രിയപ്പെട്ടവര്‍ക്ക് നല്‍കുന്നത് നല്ലതാണെങ്കിലും, കള്ളിച്ചെടി പോലുള്ള മുള്ളുള്ള ചെടികള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം ചെടികള്‍ വീട്ടില്‍ കലഹങ്ങളും സംഘര്‍ഷങ്ങളും ആകര്‍ഷിക്കാന്‍ കാരണമാകുമെന്ന് പറയപ്പെടുന്നു.

കടപ്പാട്: TOI

Related Posts