
കൊട്ടിയൂരില്‍ സ്ത്രീകളുടെ ദര്‍ശനകാലത്തിന് തുടക്കമായി
ഈ വര്‍ഷത്തെ വൈശാഖോത്സവത്തിന്റെ ദര്‍ശനകാലത്തിന് തുടക്കമായി. ഭണ്ഡാരം എഴുന്നള്ളത്ത് കൊട്ടിയൂര്‍ സന്നിധിയില്‍ പ്രവേശിച്ചതിനെതുടര്‍ന്നാണ് വൈശാഖോത്സവത്തിന് തുടക്കമായത്. പൂതനാക്കൂലില്‍ യോഗിയൂട്ട് നടത്തി. പെരുവണ്ണാന്‍ കാവ് തീണ്ടിയശേഷം കരിമ്പനയ്ക്കല്‍ ഗോപുരത്തിലെത്തി അനുമതി നല്‍കിയതോടെ ഗോപുര നിലവറതുറന്ന് തിരുവാഭരണങ്ങളും പൂജാകുംഭങ്ങളും പുറത്തെടുത്തു. പിന്നീട് കാവുകളാക്കി ഭണ്ഡാരം എഴുന്നള്ളത്ത് നടത്തി. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നു. നെയ്യാട്ടനാളില്‍ എഴുന്നള്ളിച്ചു കൊണ്ടുവന്ന മുതിരേരി വാള്‍, ഇക്കരെ കൊട്ടിയൂരിലെ ബിംബങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് അക്കരെ പ്രവേശിച്ചതോടെ നിത്യപൂജകള്‍ ആരംഭിച്ചു.
ഇന്ന്, 2025 ജൂണ്‍ 10 മുതല്‍ സ്ത്രീകളുടെ ദര്‍ശനകാലത്തിനും തുടക്കമായി. സ്വയംഭൂവില്‍ നീരഭിഷേകത്തോടെ നിത്യപൂജകള്‍ ആരംഭിച്ചു. ഇന്നലെ മണത്തണ ഗ്രാമത്തിലെ വിവിധയിടങ്ങളിലുള്ള ദേവസ്ഥാനങ്ങളില്‍ പൂജകളും കര്‍മ്മങ്ങളും നടത്തി. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ അമ്മാറയ്ക്കല്‍ തറയില്‍ ചൂടുന്നതിനുള്ള കുടയുടെ എഴുന്നള്ളത്താണ് ആദ്യം നടത്തിയത്. സന്ധ്യായോടെ കുട എഴുന്നള്ളത്ത് കൊട്ടിയൂരില്‍ എത്തിച്ചേര്‍ന്നു. ഉച്ചയ്ക്കായിരുന്നു യോഗി സമുദായത്തില്‍പ്പെട്ടവരുടെ നേതൃത്വത്തിലുള്ള യോഗിയൂട്ട് പൂതനാക്കൂലിലെ മരച്ചുവട്ടില്‍ നടത്തിയത്. രാത്രി തേടന്‍ വാര്യര്‍ കുത്തുവിളക്കുമായി സപ്തമാതൃപുരമെന്ന ചപ്പാരത്ത് എത്തി വാളശന്‍മാരെയും കൂട്ടി കരിമ്പനയ്ക്കല്‍ ഗോപുരത്തില്‍ വന്നശേഷമാണ് ഭണ്ഡാരം എഴുന്നള്ളത്ത് ആരംഭിച്ചത്.
വാളശന്‍മാരിലെ കാരണവരാണു കരിമ്പനയ്ക്കല്‍ ഗോപുരത്തിന്റെ ഭണ്ഡാര അറയില്‍നിന്നു വസ്തുക്കളെടുത്തു കണക്കപ്പിളളയെ ഏല്‍പ്പിച്ചത്. കണക്കപ്പിള്ള അവ കുടിപതി കാരണവരെ ഏല്‍പ്പിച്ചു.
മുന്‍പില്‍ സ്വര്‍ണ്ണപാത്രങ്ങളും തുടര്‍ന്ന് തിരുവാഭരണ ചെപ്പ്, വെള്ളി വിളക്ക്, ചപ്പാരം ഭഗവതിയുടെ വാളുകള്‍, വാദ്യഘോഷങ്ങള്‍ പിന്നാലെ അടിയന്തിരയോഗവും എന്നതാണ് ഭണ്ഡാര എഴുന്നള്ളത്തിന്റെ ചിട്ട. രണ്ട് ആനകളും പരമ്പരാഗത വാദ്യങ്ങളും അകമ്പചി സേവിച്ചു.