
തന്ത്രവിദ്യാപീഠത്തിൽ ആചാര്യ സ്മൃതി – 26 നും 27 നും
ആലുവ: തന്ത്ര വിദ്യാപീഠത്തിലെ മുഖ്യാചാര്യനായിരുന്ന കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ 110 – മത് ജന്മദിനം പ്രമാണിച്ച് ഒക്ടോബർ – 26-27 തിയ്യതികളിൽ പൂർവ വിദ്യാർത്ഥി സംഗമവും അനുസ്മരണ സമ്മേളനവും നടത്തും.26 ന് ഉച്ചക്ക് 2 മണിക്ക് പൂർവ വിദ്യാർത്ഥി സമിതി പ്രസിഡന്റ് കൽപ്പുഴ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ ചേരുന്ന പൂർവ വിദ്യാർത്ഥി സംഗമം ഗുരുവായൂർ തന്ത്രി ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. അഖില കേരള തന്ത്രി സമാജം മേഖല പ്രസിഡന്റ് സി.പി.നാരായണൻ നമ്പൂതിരിപ്പാട് ഗുരുവന്ദനം നടത്തും. ആദ്യകാല പൂർവ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും. വിദ്യാപീഠം കുലപതി മണ്ണാർശ്ശാല സുബ്രഹ്മണ്യൻ നമ്പൂതിരി, പ്രിൻസിപ്പൽ ബാലകൃഷ്ണ ഭട്ട് എന്നിവർ പ്രസംഗിക്കും.
തുടർന്നു നടക്കുന്ന തന്ത്ര ശാസ്ത്ര വിദ്വൽ സദസ്സിൽ കേരള ധർമ്മാചാര്യ സഭ സംസ്ഥാന ജനറൽ സിക്രട്ടറി മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരി പ്രബന്ധം അവതരിപ്പിക്കും. പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി, എടക്കാട് വാസുദേവൻ നമ്പൂതിരി ശ്രീനിവാസൻ പോറ്റി എന്നിവർ സംസാരിക്കും.
കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ ജന്മദിനമായ 27 ന് രാവിലെ പ്രിൻസിപ്പൽ ബാലകൃഷ്ണ ഭട്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന മഹാഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
തുടർന്നു നടക്കുന്ന ഗുരു പൂജയ്ക്ക് കുലപതി മണ്ണാർശാല സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
8 മണിക്ക് പേരാമംഗലൂർ സഹോദരന്മാരായ യദു , നാരായണൻ എന്നിവർ നയിക്കുന്ന കഥകളി പദക്കച്ചേരി ക്കുശേഷം ചേരുന്ന അനുസ്മരണ സമ്മേളനം സുപ്രസിദ്ധ സിനിമാതാരം ദേവൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പുഷ്പാഞ്ജലി സ്വാമിയാർ ശ്രീമദ് അച്യുതഭാരതി സ്വാമികൾ അനുഗ്രഹ ഭാഷണവും കെ.പി.സി.വിഷ്ണുഭട്ടതിരിപ്പാട് അനുസ്മരണ ഭാഷണവും നടത്തും.
തന്ത്ര വിദ്യാപീഠം പൂർവ വിദ്യാർത്ഥി കൂടിയായ നിയുക്‌ത ശബരിമല മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയെ ചടങ്ങിൽ ആദരിക്കും.
താന്ത്രികാചാര്യന്മാരായ കൽപ്പുഴ ദിവാകരൻ നമ്പൂതിരിപ്പാട് വേഴപ്പറമ്പ് പരമേശ്വരൻ നമ്പൂതിരിപ്പാട്. കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട് എന്നിവരുടെ സ്മരണാർത്ഥം നൽകുന്ന ആചാര്യ പുരസ്കാരങ്ങൾ യഥാക്രമം കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ത്രന്ത്ര ശാസ്ത്രം) നീലമന മാധവൻ നമ്പൂതിരി യജുർവേദം) കല്ലേക്കുളങ്ങര അച്യുതൻ കുട്ടി മാരാർ (ക്ഷേത്ര വാദ്യം) എന്നിവർക്ക് സമർപ്പിക്കും.
കഴിഞ്ഞ വർഷം തന്ത്ര പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റുകളും ചടങ്ങിൽ വിതരണം ചെയ്യും. ആമേട മംഗലം വാസുദേവൻ നമ്പൂതിരി, മുല്ലപ്പളളി കൃഷ്ണൻ നമ്പൂതിരി, ടി.എം.എസ് പ്രമോദ് എന്നിവർ സംബന്ധിക്കും.