സ്പെഷ്യല്‍
വിഷുവിന് ദർശനം നടത്താം; കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഇവയാണ്

വിഷുവും ശ്രീകൃഷ്ണനും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. വിഷുക്കണിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിന് പ്രത്യേകം സ്ഥാനമുണ്ട്. അതുപോലെ തന്നെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെ വിഷുക്കണിയും ഏറെ പ്രധാനമാണ്. കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം തന്നെ വിഷുക്കണി ഒരുക്കാറുണ്ടെങ്കിലും ചില ക്ഷേത്രങ്ങളിലെ വിഷുക്കണിക്ക് പ്രത്യേകതകൾ ഉണ്ട്. തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ ക്ഷേത്രങ്ങളിൽ കണി ഒരുക്കുന്നു. കണി ദർശനത്തിനായി ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരുകയും ചെയ്യുന്നു. കണിയ്ക്കൊപ്പം ഇഷ്ട ദേവനായ കൃഷ്ണനെക്കൂടി കണികാണുമ്പോഴേ ഭക്തരുടെ വിഷുക്കണി ദർശനം പൂർണമാകൂ. വിഷുവിന് സന്ദർശിക്കേണ്ട ചില ശ്രീകൃഷ്ണക്ഷേത്രങ്ങൾ ഇതാ.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം (Guruvayur Sreekrishna Temple)

വിഷുക്കണികളിൽ വെച്ച് ഏറ്റവും പ്രധാനം ഗുരുവായൂർ ക്ഷേത്രത്തിലേതാണ്. കൃഷ്ണനെന്ന് കേൾക്കുമ്പോൾ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ഗുരുവായൂർ ക്ഷേത്രമാണ്. മഹാവിഷ്ണുവാണ് ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നിർവഹിച്ചതിനാൽ ഗുരുവായൂർ എന്ന പേര് വന്നു. വിഷുപ്പുലരിയില്‍ ഗുരുവായൂരപ്പനെ കണികണ്ട് സായൂജ്യം നേടാന്‍ നിരവധി ഭക്തരാണ് എത്തുന്നത്. പുലർച്ചെ മേൽശാന്തി ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. പിന്നീട് ഭക്തർക്ക് കണി കാണുവാനായി ശ്രീലകവാതിൽ തുറന്നു കൊടുക്കും. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുക. ഇത്തവണ നമസ്കാരമണ്ഡപത്തിലും കണി ഉണ്ടായിരിക്കും. വിഷു നമസ്കാരം പ്രധാനമാണ്. രാത്രി വിഷുവിളക്ക് തെളിയും.

ക്ഷേത്രത്തിലേക്ക് എത്താൻ: 

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം (Aranmula Parthasarathy Temple)

പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ പുണ്യനദിയായ പമ്പാനദിയുടെ തീരത്താണ് കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ സാക്ഷാൽ മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണപരമാത്മാവാണ് മുഖ്യപ്രതിഷ്ഠ.
കേരളത്തിലെ ഏറ്റവും പേരുകേട്ട അഞ്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണിത്. ആറടിയിലധികം ഉയരം വരുന്ന വിഗ്രഹം, തന്റെ ഭക്തനായ അർജ്ജുനന് വിശ്വരൂപം കാണിച്ചുകൊടുക്കുന്ന സങ്കല്പത്തിലാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലെ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഏറ്റവും വലിയ വിഗ്രഹമുള്ളത് ആറന്മുളയിലാണ്.
ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ളസദ്യയും ഉത്രട്ടാതി വള്ളംകളിയും പ്രധാനമാണ്.

ക്ഷേത്രത്തിലേക്ക് എത്താൻ:

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം (Ambalappuzha Sreekrishnaswamy Temple)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വമായ ശ്രീകൃഷ്ണ പ്രതിഷ്ഠയാണ്. അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും പ്രശസ്തമാണ്.
ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം വില്വമംഗലത്തു സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം എവിടെ നിന്നോ ഓടക്കുഴൽ നാദം ഒഴുകിവന്നു. രാജാവ് ചുറ്റുപാടും ശ്രദ്ധിച്ചെങ്കിലും ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെ ക്ഷേത്രം പണികഴിക്കുകയായിരുന്നു. വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത് എന്ന് ഐതിഹ്യങ്ങൾ പറയുന്നു.

ക്ഷേത്രത്തിലേക്ക് എത്താൻ:

മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ( Mavelikkara Sreekrishnaswamy Temple)

 

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ആലപ്പുഴ ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അച്ചന്‍കോവിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ നവനീത കൃഷ്ണനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ലാത്ത നവനീത കൃഷ്ണന്‍ തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയുവാനും പ്രാര്‍ഥിക്കുവാനും ഒക്കെ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. ആശ്രയിച്ചാൽ കൈവിടില്ലാത്ത കൃഷ്ണനാണെന്ന വിശ്വാസം ഉള്ളതുകൊണ്ട് ദൂരദേശങ്ങളിൽ നിന്നും ആളുകള്‍ ഇവിടെ എത്തുന്നു. മനം നിറഞ്ഞു വിളിക്കുന്നവർക്കു ആശ്രയമേകാൻ അരികിലേക്കോടിയെത്തുന്ന ദൈവം എന്നാണ് കൃഷ്ണനെ ഇവിടുള്ളവർ പറയുന്നത്.

ക്ഷേത്രത്തിലേക്ക് എത്താൻ:

തൃശൂർ തിരുവമ്പാടി ക്ഷേത്രം (Thrissur Thiruvambadi Temple)

 

തൃശ്ശൂരിലെ അതിപുരാതന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നായ തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷു പ്രധാനമാണ്. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്ത് ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.
വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നുണ്ട്.

ക്ഷേത്രത്തിലേക്ക് എത്താൻ:

കണ്ണൂർ കടലായി ശ്രീകൃഷ്ണക്ഷേത്രം (Kannur Kadalayi Sreekrishna Temple)

വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് അറിയപ്പെടുന്ന കടലായി ശ്രീകൃഷ്ണ ക്ഷേത്രം കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിലെ വിഷുക്കണി വളരെ വിശേഷപ്പെട്ടതാണ്.
നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും ടിപ്പു സുൽത്താന്റെ പടയോട്ടത്തോടെ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം.

ക്ഷേത്രത്തിലേക്ക് എത്താൻ:

കിളിമാനൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം (Kilimanoor Thirupalkkadal Sreekrishna Temple)

വിഷുക്കണിക്ക് പ്രസിദ്ധമായ തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം, വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണെന്നാണ് വിശ്വാസം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. ക്ഷേമ ഐശ്വര്യങ്ങള്‍ക്കും ദാരിദ്ര്യ ശമനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും യജ്ഞശാലയില്‍ അരി, അവല്‍, മലര്‍ എന്നിവ കൊണ്ട് പറ നിറയ്ക്കല്‍ ഇവിടുത്തെ പ്രധാന വഴിപാടാണ്.

ക്ഷേത്രത്തിലേക്ക് എത്താൻ:

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം (Thodupuzha Sreekrishnaswamy Temple)

തൊടുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഇടുക്കിയിലെയും കോട്ടയത്തെയും കൃഷ്ണ ഭക്തരുടെ ഇഷ്ട ക്ഷേത്രങ്ങളിലൊന്നാണ്. ആപത്തിൽ രക്ഷിക്കുന്ന കൃഷ്ണനാണ് ഇവിടെയുള്ളതെന്നാണ് വിശ്വാസം. കുട്ടികളെ സംരക്ഷിക്കുന്നയാൾ കൂടിയാണ് ഇവിടെ കൃഷ്ണൻ. ബാലാരിഷ്ടത മാറുന്നതിനായി പുള്ളും പ്രാവും നടക്കുവയ്ക്കുന്നതാണ് മറ്റൊരു അപൂർവ്വത. ക്ഷേത്രത്തെ കുറിച്ച് കൂടുതൽ അറിയാം…Click Here: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം

ക്ഷേത്രത്തിലേക്ക് എത്താൻ:

Vishu
Vishu temples
Vishukkani
Related Posts