
ആലപ്പുഴ തിരുവമ്പാടിയില്‍ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജിന് സ്വീകരണവും സത്സംഗവും
ആലപ്പുഴ: സമ്പൂജ്യ 1008 മഹാമണ്ഡലേശ്വര്‍ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജിന് (ജൂന അഖാഡ) ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സ്വീകരണം നല്‍കുന്നു. മാര്‍ച്ച് 27 വെള്ളിയാഴ്ച രാവിലെ 9 മണിക്കാണ് സ്വീകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്.
സ്വീകരണത്തെ തുടര്‍ന്ന് സ്വാമിജിയുടെ സത്സംഗവും ഉണ്ടായിരിക്കും. തിരുവനന്തപുരം അഭേദാശ്രമത്തിന്റെ സഹകരണത്തോടെ ക്ഷേത്രത്തില്‍ വെച്ച് ഏപ്രില്‍ 29 മുതല്‍ നടത്തുന്ന ‘സമൂഹ വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചനയുടെ’ പ്രാധാന്യത്തെക്കുറിച്ചാണ് സ്വാമിജി സത്സംഗം നടത്തുന്നത്. സത്സംഗത്തിന് ശേഷം ഭക്തര്‍ക്ക് വെച്ച് നമസ്‌കാരത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സഹസ്രനാമ കോടിയര്‍ച്ചനയും ദശാവതാരചാര്‍ത്ത് മഹോത്സവവും ഏപ്രില്‍ 29 മുതല്‍
തിരുവമ്പാടി ക്ഷേത്രത്തില്‍ വിഷ്ണു സഹസ്രനാമ കോടിയര്‍ച്ചനയും ദശാവതാരചാര്‍ത്ത് മഹോത്സവവും ഏപ്രില്‍ 29 മുതല്‍ മെയ് 09 വരെ നടക്കും. തിരുവനന്തപുരം അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 128-ാമത് കോടിയര്‍ച്ചനയാണിത്. 1959-ല്‍ സ്വാമി അഭേദാനന്ദ ആവിഷ്‌കരിച്ച ഈ സമൂഹ അര്‍ച്ചനയില്‍ ജാതിമത ഭേദമന്യേ ഏവര്‍ക്കും നേരിട്ട് പങ്കെടുക്കാവുന്നതാണ്.
ഏപ്രില്‍ 29 ബുധനാഴ്ച രാവിലെ 6.30ന് യജ്ഞാചാര്യനും അഭേദാശ്രമം മഠാധിപതിയുമായ സ്വാമി കേശവാനന്ദഭാരതി ഭദ്രദീപം കൊളുത്തി കോടിയര്‍ച്ചനയ്ക്ക് സമാരംഭം കുറിക്കും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ 7.00 മുതല്‍ വൈകുന്നേരം 6.00 വരെ സമൂഹ അര്‍ച്ചന ഉണ്ടായിരിക്കും. അര്‍ച്ചനയ്ക്കുള്ള വിളക്കും അക്ഷതവും ക്ഷേത്രത്തില്‍ നിന്നും നല്‍കുന്നതാണ്.
മെയ് 9ന് വൈകുന്നേരം 5 മണിക്ക് സമാപന അര്‍ച്ചനയും തുടര്‍ന്ന് മഹാദീപാരാധനയും യജ്ഞപ്രസാദ വിതരണവും നടക്കും. മെയ് 10 ഞായറാഴ്ച രാവിലെ 7 മണിക്ക് നടക്കുന്ന അവഭൃഥസ്‌നാനത്തോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തിന് സമാപനമാകും.
മാര്‍ച്ച് 27ന് നടക്കുന്ന സ്വീകരണച്ചടങ്ങിലേക്കും, ഏപ്രില്‍ 29ന് ആരംഭിക്കുന്ന കോടിയര്‍ച്ചനയിലേക്കും എല്ലാ സജ്ജനങ്ങളെയും നാരായണീയ സമിതി അംഗങ്ങളെയും ക്ഷണിക്കുന്നതായി ഊരാണ്മ അവകാശി പ്രഭാ അന്തര്‍ജ്ജനം (കുര്യാറ്റുപുറത്തില്ലം), അഡ്മിനിസ്‌ട്രേറ്റര്‍ ഓമനക്കുട്ടന്‍ പാറത്താനം എന്നിവര്‍ അറിയിച്ചു.

