സ്പെഷ്യല്‍
സൂര്യഭഗവാനെ ഇങ്ങനെ പ്രീതിപ്പെടുത്തിയാല്‍

ആദിത്യപ്രീതിക്കാണു ഞായറാഴ്ച വ്രതം അനുഷ്ഠിക്കുന്നത്.  സൂര്യന്‍ ഗ്രഹനായകനായതു കൊണ്ട് വീട്ടമ്മമാര്‍ ഭര്‍ത്താക്കന്മാര്‍ക്കും കുടുംബത്തിനും ഐശ്വര്യത്തിനായായി വ്രതം നോക്കുന്നത് ഉചിതമാണ്. സര്‍വ്വപാപഹരവും ഐശ്വര്യപ്രദവുമാണു ഞായറാഴ്ച വ്രതം. ഏതു ഗ്രഹങ്ങളുടെയായാലും ശാന്തികര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനു മുമ്പ് ആദിത്യപൂജയും ഭജനവും ചെയ്യേണ്ടതാണ്. ശനിയാഴ്ച വൈകുന്നേരം ഉപവസിക്കുക.

ഞായറാഴ്ച സൂര്യോദയത്തിനു മുമ്പുതന്നെ ഉണര്‍ന്ന് സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ചശേഷം, ഗായത്രി, ആദിത്യഹൃദയം, സൂര്യസ്‌ത്രോത്രങ്ങള്‍ ഇവയിലേതെങ്കിലും ഭക്തിപൂര്‍വ്വം ജപിക്കുക. ഈ ദിവസം ഒരു നേരം മാത്രം ആഹാരം കഴിക്കാം. സൂര്യക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചുവന്ന പൂക്കള്‍കൊണ്ട് അര്‍ച്ചന നടത്തുന്നതും ഉത്തമമാണ്.

അതിനു കഴിഞ്ഞില്ലെങ്കില്‍ ശിവക്ഷേത്രദര്‍ശനം നടത്തി ധാര, അഭിഷേകം, വില്വദളം കൊണ്ട് അര്‍ച്ചന തുടങ്ങിയവ കഴിപ്പിക്കാം. വൈകിട്ട് അസ്തമയത്തിനുമുമ്പു തന്നെ സ്‌നാനാദികര്‍മ്മങ്ങള്‍ കഴിച്ച് ആദിത്യഭജനം നടത്തണം. അസ്തമയ ശേഷം സൂര്യപ്രീതികരങ്ങളായ സ്‌ത്രോത്രങ്ങള്‍ ആദിത്യഹൃദയം തുടങ്ങിയവ ജപിക്കുവാന്‍ പാടില്ല എന്നു വിധിയുണ്ട്.

ജാതകത്തില്‍ ആദിത്യദശാകാലമുള്ളവര്‍ ഞായറാഴ്ച വ്രതമനുഷ്ഠിക്കുന്നത് ഉത്തമമാണ്. ദശാകാലദോഷത്തിന്റെ കാഠിന്യമനുസരിച്ച് 12, 18, 41 എന്നിങ്ങനെ തുടര്‍ച്ചയായ ഞായറാഴ്ചകളില്‍ വ്രതമനുഷ്ഠിക്കാം. ആദിത്യന്‍ ഉച്ചത്തില്‍ നില്‍ക്കുന്ന മേടമാസത്തിലും അത്യുച്ചത്തില്‍ എത്തുന്ന മേടം പത്തിനും ആദിത്യപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍, പൊങ്കാല തുടങ്ങിയവ അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സപ്തമിതിഥിയും ഞായറാഴ്ചയും ചേര്‍ന്നു വരുന്ന ദിവസം കൂടുതല്‍ പ്രാധാന്യത്തോടെ വ്രതമനുഷ്ഠിക്കേണ്ടതാണ്. ത്വക് രോഗങ്ങളും നേത്രരോഗങ്ങളും മാറ്റാനും ഈ വ്രതം പരിഹാരമാണ്.

Related Posts