നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2024; ഓരോ നക്ഷത്രക്കാര്‍ക്കും എങ്ങനെ? | vishu prediction 2024

കുംഭശ്ശനി മേട വ്യാഴം (2024ഏപ്രില്‍ 13). കൊല്ലവര്‍ഷം 1199-മത് മീനമാസം 31 -തിയ്യതി ശനിയാഴ്ച രാത്രി 8 മണി 42മിനിറ്റിനു ഉദയാല്‍പരം 36 നാഴികയ്ക്ക് മകീരം നക്ഷത്രം ചതുര്‍ത്ഥ പാദവും ശുക്ല പക്ഷ ഷഷ്ഠി തിഥിയും വരാഹ കരണവും ശോഭന നമ നിത്യ യോഗവും ചന്ദ്രാര്‍ക്ക യോഗവും കൂടിയ സമയത്തു വൃശ്ചിക രാശി ഉദയ സമയ ഭൂമി ഭൂതോദയം സമയേ മേഷ വിഷു സംക്രമം. അന്ന് പുലര്‍ച്ചെ 4 മണി 30 മിനുറ്റ് മുതല്‍ 5 മണി 30മിനുട്ട് വരെ കണി കണി കാണുന്നതിനും കൈ നേട്ടം കൊടുപ്പാനും അന്ന് ഉദിച്ചു 10 നാഴിക 15 വിനാഴിക മുതല്‍ 12 മണി വരെ ചാലിടാനും വിത്ത് ഇറക്കുവാനും ശുഭം ആണ്.

സംക്രമ പുരുഷന്‍ -സ്ഥിത :
സംക്രമ ദേവത -രാക്ഷസി
കുക്കുടം – വാഹനം
പുഷ്പം -ബകുളം
അലങ്കാരം രജതം
വിലേപനം ചന്ദനം
ഭോജനപത്രം താമ്രം
ഭക്ഷണം സൂക്തം
വാദ്യം-ഭേരി
അഭിമുഖം – പടിഞ്ഞാറ്
ഗമനം – ഉത്തര ദിക്
സ്വഭാവം – സലജ്ജ
ആയുധം -ഖല്‍ഗം
സ്‌നാന ജലം – അഗരു
മണ്ഡലം -വായു
മേഘം – പുഷ്‌കല മേഘം
പടിഞ്ഞാട്ട് -ദൃഷ്ടി
ഛത്ര വര്‍ണം -കൃഷ്ണം
വര്‍ഷം 1 പറ

മന്ദാരയോഗ പ്രമാണപ്രകാരം – അല്പായുക്ഷയങ്ങളും സംഭവിക്കാം. കൂടാതെ സ്വല്‍പവൃഷ്ടിയും രാജയുദ്ധം, വായു കോപഞ്ചപധനം, മണ്ഡലം എന്നീ സൂക്തം അനുസരിച്ച് മുന്‍പത്തെ അപേക്ഷിച്ച് വര്‍ഷക്കുറവും വായു കോപവും ഉണ്ടാകാം. ദാരിദ്ര്യ ദുഃഖം, കൃഷിനാശം, കൃഷിയില്‍ നിന്നുള്ള വരുമാനക്കുറവ്, നാല്‍ക്കാലികള്‍ക്ക് നാശം, നാട്ടുമൃഗങ്ങള്‍ കാട്ടിലേക്കും കാട്ടുമൃഗങ്ങള്‍ നാട്ടിലേക്കും വരുന്ന അവസ്ഥ, യുദ്ധസമാനമായ സ്ഥിതി ഇവക്കെല്ലാം സാധ്യത കാണുന്നു. ഇന്നത്തെ ഭാരതത്തിന്റെ ഭരണ സ്ഥിതിയും കൂടുതല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പ്രജകള്‍ക്ക് ഐശ്വര്യം ഉണ്ടാകുന്ന രീതിയിലും ഭരണാധികാരികള്‍ക്ക് യശസ്സും ഉണ്ടാവുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയും രാജ്യത്തിന്റെ വടക്കു ഭാഗത്തു കൂടുതല്‍ നാശ നഷ്ടങ്ങളും അതിര്‍ത്തി പ്രദേശത്തു യുദ്ധ സമാന അന്തരീക്ഷങ്ങളും ഉണ്ടാകും.

മാര്‍ച്ചു 15 മുതല്‍ ഏപ്രില്‍ 10 വരെ അഗ്‌നി മാരുത യോഗവും ഗ്രഹങ്ങളുടെ ത്രിരാശി സ്ഥിതിയും (ശൂല യോഗം, മന്ദാര യോഗവും) അംഗ്‌നി മാരുത യോഗവും എന്നീ ദോഷങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ ബാധകള്‍ക്കും അതി ഉഷ്ണത്തിനും ശ്വാസ തടസ്സങ്ങളും നിര്ജ്ജലീ കരണത്തെയും കാരണമാകുന്നു.

മന്ദാര യോഗെ ലകുടാ ശിഘാതവ എന്ന നിയമപ്രകാരം രാജ്യാതിര്‍ത്തികളില്‍ യുദ്ധ സമാന അന്തരീക്ഷങ്ങളും അഗ്‌നി ബാധ ദോഷങ്ങളും അല്പായുഷ് ക്ഷയങ്ങളും ഉണ്ടാകാം. കൂടാതെ മുന്‍കാലങ്ങളെ അപേക്ഷിച്ചു വൃഷ്ടി കുറവും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധ അന്തരീക്ഷങ്ങളും വായു കോപവും നാല്കാലികള്‍ക്കു നാശവും നാട്ടിലുള്ളവര്‍ കാട്ടിലേക്കും കട്ടിലുള്ള ജീവികള്‍നാട്ടിലേക്കു ഇറങ്ങി ഭയപ്പാട് ഉണ്ടാക്കിയും അവരില്‍ നിന്ന് ഉപദ്രവങ്ങളും ഇടവരും.

ഓരോ കൂറുകാരുടെയും ഫലമറിയാം

മേടക്കൂറ് (അശ്വതി,ഭരണി,കാര്‍ത്തികയുടെ ആദ്യപാദം)

വിദ്യാഭ്യാസപരമായി ഉന്നത വിജയവും കുടുംബപരമായ ഉയര്‍ച്ചയും ഉണ്ടാകാം. ഉദ്യോഗത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും സമയം അനുകൂലം. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്കും സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്കും ഈ വര്‍ഷം അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ഗൃഹനിര്‍മ്മാണത്തിനോ ഗൃഹനവീകരണത്തിനോ മുടങ്ങിക്കിടക്കുന്ന ഗൃഹനിര്‍മ്മാണം പുനരാരംഭിക്കുവാനോ അവസരങ്ങള്‍ ഉണ്ടാകാം. ശാരീരികസുഖം ഉണ്ടാവുകയും തൊഴില്‍രംഗം മെച്ചപ്പെടുകയും ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസ്സങ്ങള്‍ നീങ്ങി കിട്ടുകയും ചെയ്യും. പല വിധേനയുള്ള ധനാഗമം ഉണ്ടാവാം.
അവനവന്റെ ഹിതത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ അവസരം ലഭിക്കും. വിദേശ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലം. ബന്ധുജനങ്ങളുമായുള്ള കലഹവും വാക്കു തര്‍ക്കങ്ങളും കൂടാന്‍ സാധ്യത. ഭാര്യാഭര്‍തൃബന്ധത്തിലുള്ള വിള്ളലുകള്‍ പരിഹരിച്ച് രമ്യതയില്‍ പോകാന്‍ അവസരങ്ങള്‍ ഉണ്ടാവും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാം. വാഹനം വാങ്ങാന്‍ അനുകൂല സമയം. മക്കളുടെ വിവാഹ കാര്യങ്ങളില്‍ തീരുമാനമാകാനും അതിനായി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമവും ഉണ്ടാകാം. ഗവണ്‍മെന്റില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അശ്രാന്ത പരിശ്രമം വേണ്ടിവരും. ആത്മീയ കാര്യങ്ങളില്‍ സമയം കണ്ടെത്തും. വരവിനെക്കാള്‍ ചെലവ് വര്‍ദ്ധിക്കാനും കടങ്ങള്‍ തീര്‍ക്കാനുള്ള അവസരം ലഭിക്കാനും സാധ്യത. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. രാജ്യരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നത സ്ഥാനങ്ങളും പദവികളും തേടി വരാന്‍ സാധ്യത ഉണ്ട് .

ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മൂന്നു പാദവും, രോഹിണി, മകയിരം ആദ്യത്തെ രണ്ടു പാദവും)

ഉന്നത വിദ്യാഭ്യാസ ശ്രമത്തിനിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും കാര്യസാധ്യവും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഉദ്യോഗത്തിന് ശ്രമിക്കുന്നവര്‍ക്കും പ്രായേണ കഷ്ടകാലം ആണെങ്കിലും വര്‍ഷാവസാനത്തോടെ കര്‍മ്മ ഗുണവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാനങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആ മേഖലയില്‍ വിദേശത്തുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സമയം അനുകൂലം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദ ആരോപണങ്ങളും സ്ഥാന നഷ്ടങ്ങളും ഉണ്ടാകാം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം അനുകൂലം.

വസ്തു, ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്കായി പണം ചെലവഴിക്കും. മക്കളുടെ വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. സ്ത്രീജനങ്ങള്‍ക്ക് ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ക്കും പ്രകൃതി കോപ നിമിത്തമായുണ്ടാകുന്ന അലര്‍ജി , വൈറസ് രോഗഭീതി ഇവയ്ക്ക് സാധ്യതയും തന്മൂലം സാമ്പത്തിക നഷ്ടവും മനോ സുഖക്കുറവും ഉണ്ടാകാം. കുടുംബത്തില്‍ വേണ്ടപ്പെട്ടവരുടെ വിയോഗം ദുഃഖത്തിലാഴ്ത്താം. ഭാര്യാഭര്‍തൃ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാകാം. ജീവശൈലി രോഗമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കലാസാഹിത്യം സിനിമ മേഖല തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടത്ര പുരോഗതി ഉണ്ടാവാന്‍ സാധ്യത കുറവാണ്. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടാം. ഓഹരിവിപണി, കൂട്ടുകച്ചവടം, ലോട്ടറി തുടങ്ങിയ ഭാഗ്യ പരീക്ഷണങ്ങള്‍ എന്നിവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

സര്‍ക്കാര്‍ മേഖലയില്‍ ഉന്നതസ്ഥാനം വഹിക്കുന്നവര്‍ക്ക് സ്ഥാനചലനം സംഭവിക്കാം. പ്രവര്‍ത്തന മേഖലയില്‍ സ്ഥാനമാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കും സംഗീതാദി കലകള്‍ അഭ്യസിക്കുന്നവര്‍ക്കും അനുകൂല സമയം. തര്‍ക്കത്തിലുള്ള കുടുംബസ്വത്തുകള്‍ക്ക് തീരുമാനമാകും. കേസ്, വ്യവഹാരം, സഹോദരാദികള്‍ തമ്മിലുള്ള തര്‍ക്കം, ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. വൃക്ക, കരള്‍, ഹൃദയസംബന്ധമായ രോഗികള്‍ ചികിത്സയില്‍ വീഴ്ച വരുത്താതെ ശ്രദ്ധിക്കുക. വിഷ്ണു സഹസ്രനാമജപം, വിഷ്ണു ക്ഷേത്രദര്‍ശനം, പരദേവതാ ഭഗവതി പ്രീതി എന്നിവ നടത്തുന്നത് ദോഷകാഠിന്യത്തെ കുറയ്ക്കാന്‍ സഹായകരമാകും.

മിഥുന കൂറ് (മകയിരം അവസാന രണ്ടു പാദവും, തിരുവാതിര, പുണര്‍തം ആദ്യ മൂന്നു പാദവും)

ഈ വര്‍ഷം പ്രായേണ ഗുണദോഷ സമ്മിശ്രമാണ്. കൃത്യനിഷ്ഠതയില്‍ വരുത്തുന്ന വീഴ്ച മൂലം വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പഠനവും കര്‍മ്മവും കൃത്യസമയത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരാം. സമ്പാദ്യങ്ങള്‍ എടുത്ത് ചെലവിടേണ്ട സാഹചര്യം വന്നുചേരാം. മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായോ ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാ പണം കടം എടുക്കേണ്ടതായി വരും. കുടുംബജനങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാം. ആരോഗ്യത്തിനായി ധനം ചെലവഴിക്കും.

മാതാവിനോ മാതൃതുല്യര്‍ക്കോ രോഗ ബാധ കലശലാകാം. ഗുഹ്യ രോഗങ്ങള്‍, ശിരോ നേത്രരോഗങ്ങള്‍ ഇവ അലട്ടാം. അര്‍ബുദ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യത. ആഹാരനിഷ്ഠയില്‍ വരുത്തുന്ന അശ്രദ്ധ ദഹനക്കേടിന് കാരണമാകാം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധന നഷ്ടത്തിന് സാധ്യത. വിട്ടുനില്‍ക്കുന്ന ജീവിതപങ്കാളികള്‍ ഒരുമിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടാവാം.

ശരീരത്തിന് മുറിവോ ക്ഷതങ്ങളോ ഉണ്ടാവാനും വാഹനാപകടങ്ങള്‍ക്കും ഉള്ള സാധ്യത കൂടുതലാണ്. സ്ത്രീജനങ്ങളിലൂടെ നേട്ടം ഉണ്ടാകാം. ബുദ്ധിമാന്മാരുമായി സൗഹൃദങ്ങള്‍ ഉടലെടുക്കാം. സംഗീതാദി കലാകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് മനോവിഷമത്തിലേയ്ക്ക് നയിക്കാം. കാര്‍ഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടം ഉണ്ടാകാം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. സ്വത്തു ഭൂമി തര്‍ക്കം ഇവ പരിഹരിക്കപ്പെടും. ഉന്നത സ്ഥാനങ്ങളലിരിക്കുന്നവര്‍ക്ക് ആദരവ് ലഭിക്കും. ശത്രു ഭയം മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. വിശേഷാഭരണങ്ങള്‍ വാങ്ങുന്നതിനായി പണച്ചെലവ് വന്നുചേരാം. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കേണ്ട സാഹചര്യം ഉണ്ടാവാം.

കര്‍ക്കടകക്കൂറ് (പുണര്‍തം അവസാന പാദം, പൂയം, ആയില്യം)

പരീക്ഷാദികളില്‍ വിജയം കൈവരും. വിദേശ പഠനത്തിന് അവസരങ്ങള്‍ ലഭ്യമാകും. കര്‍മ്മ വിജയവും സ്ഥാനമാനങ്ങളും പ്രതീക്ഷിക്കാം. ഗൃഹനവീകരണത്തിന് പണം ചെലവിടാം. വിദേശത്ത് ജോലി തേടുന്നവര്‍ക്ക് സുഹൃത്തുക്കള്‍ മുഖേന ജോലി ലഭ്യതയ്ക്ക് സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലമാണ്.

ശത്രുജയവും വിവാഹാദി കാര്യങ്ങളില്‍ തീരുമാനവും ഉണ്ടാകും. ഐടി രംഗത്തുള്ളവര്‍ക്ക് സ്ഥാന മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അഗ്‌നി സംബന്ധമായ തൊഴില്‍ ചെയ്യുന്നവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. പിതൃതുല്യരുടെ വിയോഗം ദുഃഖത്തിലാഴ്ത്തും. നിയമപരമായി എടുക്കേണ്ട തീരുമാനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാവാം.

ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട കര്‍മ്മങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വരവ് ചെലവുകള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. പൊതുരംഗത്തും സാമൂഹികപരമായ കാര്യങ്ങളിലും താല്പര്യം പ്രകടിപ്പിക്കും. ബന്ധു ജനങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാം. കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ട ധനം വീണ്ടെടുക്കും. തൊഴില്‍ നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് തൊഴിലും സാമ്പത്തിക നേട്ടവും ഉണ്ടാകും. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യത. ധര്‍മ്മ പ്രവര്‍ത്തികളില്‍ താല്‍പര്യം ഉണ്ടാകും. ധനാഗമത്തിന് പലവിധേനയുള്ള തടസ്സങ്ങള്‍ ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് സമ്പത്തും സാമ്പത്തിക നേട്ടവും ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും.

മേലധികാരികളില്‍ നിന്ന് അനുകൂല സമീപനം ഉണ്ടാകാം. എഴുത്ത്, സാഹിത്യാദി കലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. വിദേശയാത്ര, തീര്‍ത്ഥാടനം, വിനോദയാത്ര ഇവയ്ക്കായി സമയം കണ്ടെത്തും. കൂട്ടു കച്ചവടങ്ങളില്‍ ഏര്‍പ്പെട്ട് ധനനഷ്ടം ഉണ്ടാകാം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്ക് തീരുമാനമാകും. മാതാവിനോ മാതൃതുല്യര്‍ക്കോ ശാരീരിക ക്ലേശങ്ങള്‍ ഉണ്ടാവാം. ഓഹരി വിപണിയില്‍ നിന്ന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തില്‍ മനോദുഃഖം ഉണ്ടാവാം. കുട്ടികളുടെ അനാരോഗ്യം സാമ്പത്തിക ക്ലേശത്തിലേക്ക് നയിക്കാം. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, വാതരോഗം എന്നീ രോഗ ബാധിതര്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ശരിയായ ചികിത്സ എടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ത്വക്ക് രോഗങ്ങള്‍ക്കും പ്രകൃതിജന്യ രോഗങ്ങള്‍ക്കും സാധ്യത. സമ്പാദ്യങ്ങളില്‍ നിന്ന് ഭൂരിഭാഗം മക്കളുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കേണ്ടതായി വരും. വിദേശത്തുള്ളവര്‍ക്ക് സ്വദേശത്ത് എത്തി ധര്‍മദൈവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള പൂജാകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
പ്രണയ കാര്യങ്ങളില്‍ വിജയം പ്രതീക്ഷിക്കാവുന്നതാണ്.

ചിങ്ങക്കൂറ് (മകം, പൂരം , ഉത്രം ആദ്യപാദം)

ഗൃഹം, വാഹനം, വസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് അനുകൂല സമയവും സാമ്പത്തിക നേട്ടത്തിനും സാധ്യത. വിദേശത്തുള്ളവര്‍ക്ക് സ്വദേശത്ത് വരാന്‍ അവസരം ഉണ്ടാകും. തൊഴില്‍ മേഖലയില്‍ മാറ്റം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരുടെ വിയോഗം ദുഃഖത്തിലാഴ്ത്തും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ ഉണ്ടാകാം. വാക് തര്‍ക്കങ്ങള്‍, കുടുംബ കലഹങ്ങള്‍ ഇവയക്ക് സാധ്യത. നിയമ സംബന്ധമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടതായി വരും. വ്യാപാര വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം കൈവരാം.

ദൂരദേശങ്ങളില്‍ കഴിയുന്ന മക്കളുമായി ഒരുമിച്ച് ജീവിക്കാന്‍ ഉള്ള അവസരം ലഭിക്കും. വാഹന അപകടവും തന്മൂലം സാമ്പത്തിക നഷ്ടവും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധ വേണ്ടതാണ്. വൃക്ക, കരള്‍, ഹൃദയം സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചികിത്സാകാര്യങ്ങളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. ഉഷ്ണജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കും. മൂത്രാശയ രോഗങ്ങള്‍, അമിതരക്തസ്രാവം ഇവയുമായി ബന്ധപ്പെട്ട രോഗാവസ്ഥയിലുള്ളവര്‍ക്ക് വിദഗ്ദ ചികിത്സയും പരിചരണവും ആവശ്യമായി വരും. അതിനു പുറമെ നിത്യവ്യായാമവും യോഗ പോലുള്ള ജീവിത ശൈലിയും തുടരുന്നത് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായകരമാകും.

സഹോദരാദികളുമായി തര്‍ക്കങ്ങള്‍ ഉടലെടുക്കാം. കൂട്ടുകച്ചവടം സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് നയിക്കും. പിതൃതുല്യര്‍ക്ക് ശാരീരിക മാനസിക ക്ലേശങ്ങള്‍ ഉണ്ടാവാം. മക്കളുടെ ദുര്‍നടപ്പ് മനോദുഃഖത്തിന് ഇടവരുത്തും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കടബാധ്യതയിലേയ്ക്ക് നയിക്കും. ഭാര്യ ഭര്‍തൃ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാവാം. സര്‍ക്കാര്‍ സംബന്ധമായ ഇടപാടുകളില്‍ പരാജയം സംഭവിക്കാം. തൊഴില്‍രംഗം വിചാരിച്ച പോലെ മെച്ചമാവണമെന്നില്ല. തൊഴില്‍ നേടാന്‍ ധനം ചെലവഴിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. മുടങ്ങിക്കിടക്കുന്ന കര്‍മ്മമേഖല പുനരാരംഭിക്കും. പ്രകൃതിക്ഷോഭം നിമിത്തം സാമ്പത്തിക നഷ്ടം ഉണ്ടാകാം. പുണ്യതീര്‍ത്ഥയാത്രയക്ക് പണം ചെലവഴിക്കേണ്ടതായി വരും. ദീര്‍ഘകാലങ്ങളായുള്ള ആഗ്രഹ സഫലീകരണത്തിന് സാധ്യത.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. കേസ്, വ്യവഹാരം എന്നിവയില്‍ വിജയം കൈവരിക്കും. കാര്‍ഷികവൃത്തിയില്‍ നേട്ടം ഉണ്ടാകും. കുടുംബജനങ്ങളുമായി രമ്യതയില്‍ കഴിയും. മക്കളുടെ ദാമ്പത്യ പ്രശ്‌നങ്ങള്‍ മനോദുഃഖത്തിന് കാരണമാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക നേട്ടം ഉണ്ടാവുകയും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുകയും ചെയ്യും. ആരോഗ്യരംഗത്തുള്ളവര്‍ക്ക് ജോലിഭാരം കൂടും. അജ്ഞാത രോഗങ്ങള്‍ പിടിപെടാം. സന്താനങ്ങള്‍ ഇല്ലാത്തവര്‍ക്ക് സന്താനഭാഗ്യം ഉണ്ടാവാം. വിശേഷ വസ്ത്രാഭരണങ്ങള്‍ ലഭിക്കാന്‍ അവസരം വന്നുചേരും. വേര്‍പ്പെട്ട പ്രേമബന്ധങ്ങള്‍ ഒന്ന് ചേരാം. ഉന്നതവിദ്യാഭ്യാസം തേടുന്നവര്‍ക്ക് അതുവഴി പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാകാം. ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി ഉള്‍പ്പെടെയുള്ള കായികരംഗത്തുള്ളവര്‍ക്കും വ്യായാമത്തിലൂടെ ശരീരം സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. അപ്രതീക്ഷിത യാത്രകള്‍ ധനനഷ്ടത്തിന് കാരണമായേക്കാം. കരാര്‍വ്യവസ്ഥയിലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ മുതിരുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മൂന്നു പാദം, അത്തം, ചിത്തിരയുടെ ആദ്യ രണ്ട് പാദം)

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാധ്യത, അതിനായി വിദേശരാജ്യങ്ങളില്‍ ശ്രമിക്കുന്നത് ഉത്തമം. കര്‍മ്മരംഗം മെച്ചപ്പെടും. സാമ്പത്തികപരമായി ഉത്തരോത്തരം അഭിവൃദ്ധി ഉണ്ടാകും. വിവാഹ കാര്യങ്ങളില്‍ തീരുമാനമാകും. മക്കളെക്കുറിച്ചുള്ള മനോവ്യഥ കുറയ്ക്കുന്ന സാഹചര്യങ്ങള്‍ പ്രതീക്ഷിക്കാം. പഠനരംഗത്ത് ശോഭിക്കും. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് പ്രവര്‍ത്തനരംഗം ശോഭിക്കും. കലാരംഗം പ്രത്യേകിച്ചും അഭിനയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യുന്നതിനോടൊപ്പം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അവസരം ലഭിക്കും. ഉന്നത സ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവര്‍ക്ക് കീഴ്ജീവനക്കാരുടെ അനുചിതപ്രവര്‍ത്തി സഹായകരമായി വരും.

കാര്‍ഷിക മേഖലയില്‍ നഷ്ടം സംഭവിക്കാം. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മത്സരബുദ്ധി മൂലം നഷ്ടങ്ങള്‍ സംഭവിക്കാം. അകന്നു കഴിയുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ ഒന്നുചേരാം. മാതാപിതാക്കള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ത്വക്ക് രോഗം, അലര്‍ജി ഇവ മൂലം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. ദീര്‍ഘകാലങ്ങളായി അലട്ടിയിരുന്ന രോഗങ്ങള്‍ക്ക് വിദഗ്ധ ചികിത്സയിലൂടെ ആശ്വാസം ലഭിക്കും.

വാതപിത്ത കഫജന്യ രോഗബാധിതര്‍ക്ക് അനുയോജ്യ ചികിത്സാ രീതിയോടൊപ്പം ഈശ്വരഭജനയും കൊണ്ട് ആശ്വാസം ലഭിക്കും. രാജ്യരക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അംഗീകാരം, സാമ്പത്തിക നേട്ടം ഇവ പ്രതീക്ഷിക്കാം. സന്താനങ്ങളുടെ രോഗങ്ങള്‍ മൂലം മാനസിക ക്ലേശം അനുഭവിക്കേണ്ടതായി വരും. നാല്‍ക്കാലികളെ കൊണ്ട് ഉപജീവനം നടത്തുന്നവര്‍ക്ക് അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാകാം. സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനമേഖലയിലുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഗൃഹ നിര്‍മ്മാണത്തിന് പണം കണ്ടെത്തും.

തുലാക്കൂറ്(ചിത്തിര അവസാന രണ്ട് പാദവും, ചോതി, വിശാഖം ആദ്യം മൂന്ന് പാദവും)

വിദേശ ജോലി, വിദേശയാത്ര, വിദേശ വിദ്യാഭ്യാസം ഇവയിലെല്ലാം വര്‍ഷാരംഭം തടസ്സം നേരിടുമെങ്കിലും പിന്നീട് കാര്യസാധ്യം ഉണ്ടാകും. ജോലിഭാരം വര്‍ദ്ധിക്കാം. സഹോദരങ്ങളുടെ സഹായം കഷ്ടത കുറയ്ക്കും. മക്കളെ കുറിച്ചുള്ള ചിന്തയും സാമ്പത്തിക ബുദ്ധിമുട്ടുകളും മനോവ്യഥയ്ക്ക് കാരണമാകും. വീണ്ടു വിചാരം ഇല്ലാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ സാമ്പത്തികനഷ്ടത്തിനും മനപ്രയാസത്തിനും ഇടവരുത്തും. അമിത മദ്യപാനവും മറ്റു ദുശ്ശീലങ്ങളും കാരണം കുടുംബത്തില്‍ ഐക്യകുറവും, മാനഹാനി, ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയും ഉണ്ടാകാന്‍ കാരണമാകുന്നതിനാല്‍ ഇവയ്ക്ക് അടിമപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കേണ്ടതാണ്. മനസന്തോഷം നല്‍കുന്നതും അഭിമാനിക്കാന്‍ വക നല്‍കുന്നതുമായ പ്രവൃത്തികള്‍ മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകും. മക്കളുടെ ജോലി കാര്യങ്ങളില്‍ തീരുമാനമാകും. രാജ്യരക്ഷാപ്രവര്‍ത്തകര്‍ക്ക് ഉദ്യോഗ കയറ്റവും സ്ഥാനമാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയവുമാണ്.

ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കാനും കര്‍മ്മ സ്ഥാപനത്തിന് മാറ്റം ഉണ്ടാവാനും സാധ്യത. വാഹനാപകട സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ അനിവാര്യം. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് സ്ഥാനചലനം സംഭവിക്കാം. വിദേശത്തുനിന്നുള്ള ധനാഗമം സാമ്പത്തിക ബുദ്ധിമുട്ടിന് ആശ്വാസമേകും. കര്‍മ്മത്തിലെ അലസത, വീണ്ടു വിചാരം
ഇല്ലാതെയുള്ള പ്രവര്‍ത്തികള്‍, അസമയത്തുള്ള യാത്ര, അപരിചതരുമായുള്ള സൗഹൃദം എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. നാഡീസംബന്ധമായ രോഗപീഡകള്‍, കൃത്യനിഷ്ഠ ഇല്ലാത്ത ഭക്ഷണക്രമം മൂലം ഉണ്ടാകുന്ന ഉദരരോഗം ഇവ അലട്ടാം.

വര്‍ഷാദ്യം സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും വര്‍ഷാവസാനത്തോടെ കടം വാങ്ങി കാര്യങ്ങള്‍ നടത്തേണ്ട സാഹചര്യം ഉടലെടുക്കാം. സമയാസമയങ്ങളിലുള്ളവൈദ്യ പരിശോധന ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് അനുയോജ്യ ചികിത്സ തേടാന്‍ സഹായിക്കും. ആധുനിക കലാരൂപങ്ങളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും സംഗീത കലകളോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും അംഗീകാരം ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും. ആധുനിക സംവിധാനം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം പ്രതീക്ഷിക്കാം.

വൃശ്ചികക്കൂറ് (വിശാഖം അവസാനപാദം, അനിഴം, തൃക്കേട്ട)

വിദ്യാഗുണവും സാമ്പത്തിക നേട്ടവും കര്‍മ്മരംഗത്ത് വിജയവും ഉന്നത വിദ്യാഭ്യാസരംഗത്ത് ഉയര്‍ച്ചയും ഉണ്ടാകും. ജീവിതപങ്കാളിയോടൊത്തുള്ള യാത്രകള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തുകയും അവ മനസന്തോഷം നല്കുകയും ചെയ്യും. കലാകായിക രംഗങ്ങളില്‍ ഉള്ളവര്‍ക്ക് നേട്ടവും അംഗീകാരങ്ങളും പ്രശസ്തിപത്രവും ലഭിക്കാം. കലാസാഹിത്യ രംഗത്തുള്ളവര്‍ക്ക് മുന്‍ നിരയില്‍ വരാന്‍ അവസരം ലഭിക്കും. പൊതു പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് കീര്‍ത്തിയും സ്ഥാനമാനങ്ങളും ലഭിക്കും. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം കുറയും. കൃഷി, വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം.

ഉദ്യോഗത്തിന് പുറമേ വ്യാപാരത്തില്‍ ഏര്‍പ്പെടുകയും അതുവഴി സാമ്പത്തിക നേട്ടത്തിനും സാധ്യത. തൊഴില്‍പരമായി കിട്ടാനുള്ള പണം ലഭിക്കാം. മാതൃസംബന്ധമായ ധനം വന്നുചേരാം.
പൂര്‍വ്വികസ്വത്ത് ലഭിക്കാനിടവരികയും അത് സത്കര്‍മ്മങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യാം.
വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും. സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വസ്ത്രാഭരണങ്ങള്‍ ലഭിക്കും. പുതിയ വാഹനം വാങ്ങാന്‍ തീരുമാനമാകും.

ഗൃഹനിര്‍മ്മാണത്തിനായി കടം എടുക്കേണ്ട സാഹചര്യം വന്നുചേരാം. ദീര്‍ഘ കാല രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകാം. രക്ത സമ്മര്‍ദ്ദം, രക്തക്കുറവ്, രക്താര്‍ബുദം തുടങ്ങിയ രോഗബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമായി വന്നേക്കാം. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുടുംബകലഹത്തിന് കാരണമായേക്കാം. വരവില്‍ കവിഞ്ഞ ചെലവ് ഉണ്ടാകാം. അന്യരുമായുള്ള പണം ഇടപാടുകളില്‍ അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഗൃഹ നിര്‍മ്മാണം നല്ല രീതിയില്‍ തുടക്കം കുറിക്കും. സന്താനങ്ങള്‍ മൂലം മനോദുഃഖം അലട്ടാം. കാര്‍ഷിക മേഖല പ്രകൃതിക്ഷോഭം മൂലം നഷ്ടത്തില്‍ കലാശിക്കാന്‍ സാധ്യത .

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യപാദം)

വിദ്യാഭ്യാസത്തില്‍ വിജയവും സ്ഥാനമാനങ്ങളും അംഗീകാരങ്ങളും ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അനുകൂല സമയം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാമെങ്കിലും സാമാന്യം മെച്ചപ്പെട്ട രീതിയില്‍ പോകാന്‍ കഴിയും. തൊഴിലില്ലായ്മ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്ന വര്‍ഷം കൂടിയാണ് ഇത്. കര്‍മ്മരംഗത്ത് ശോഭിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാനും വസ്ത്രഭരണങ്ങള്‍ വാങ്ങാനും സാധ്യത. സുഹൃത്തുക്കളുടെ സഹായം ആശ്വാസമാകും. മാതാവിനോ മാതൃതുല്യര്‍ക്കോ ശരീര മനോക്ലേശങ്ങള്‍ ഉണ്ടാകാം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം അനുകൂല സമയമാണ്.

മുടങ്ങിക്കിടന്ന ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സന്താനങ്ങള്‍ മൂലം മനോവിഷമം ഉണ്ടാകാമെങ്കിലും പിന്നീട് പ്രശ്‌നം പരിഹരിച്ച് നല്ല കുടുംബജീവിതം നയിക്കാന്‍ അവര്‍ പ്രാപ്തരാകും.

കൂട്ടുപ്രവര്‍ത്തനങ്ങളില്‍ നിന്ന് ധനലാഭം ഉണ്ടാകും. പൊതുപ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും വിജയം കൈവരാം. രാജ്യ നന്മയ്ക്കായി ഉന്നത സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിവും അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കാന്‍ അവസരം. കയറ്റുമതി ഇറക്കുമതി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ധനലാഭം ഉണ്ടാകും. കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍, ഭൂമി, വ്യവഹാരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ബാങ്ക് ജീവനക്കാര്‍, ആധാരം എഴുത്തുകാര്‍, സാഹിത്യാദികലകളില്‍ ജോലി ചെയ്യുന്നവര്‍, ചിത്രകാരന്മാര്‍, നാവികസേനയില്‍ സേവനമിഷ്ഠിക്കുന്നവര്‍, ശാസ്ത്രസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവര്‍ക്കെല്ലാം ഈ വര്‍ഷം സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. തീര്‍ത്ഥാടനം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹപൂപൂര്‍ത്തീകരണത്തിനു സാധ്യത. വിവാഹ തടസ്സമുള്ളവര്‍ക്കും പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലസമയം.

മകരക്കൂറ് (ഉത്രാടം അവസാന മൂന്നു പാദം, തിരുവോണം, അവിട്ടം ആദ്യ രണ്ടു പാദം)

ഈ വര്‍ഷം പൊതുവേ ഗുണാധിക്യകാലമാണ്. എന്നിരുന്നാലും കര്‍മ്മമണ്ഡലത്തില്‍ അധ്വാനം വേണ്ടിവരും. സാമ്പത്തിക ലാഭം ഉണ്ടാകുമെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാകും. ഭൂമി,വാഹനം എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ആരോഗ്യ മേഖലയില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ വര്‍ഷം ഗുണപ്രദം. ഹോട്ടല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് സ്ഥിതി മെച്ചപ്പെടും. പ്രകൃതിക്ഷോഭം മൂലം സാമ്പത്തിക നഷ്ടത്തിന് സാധ്യത.

സുഹൃത്തുക്കള്‍ മുഖേന ഗുണകരങ്ങളായ കാര്യങ്ങള്‍ സാധിക്കും. ബന്ധുജനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കും. മക്കളെ കുറിച്ച് ഓര്‍ത്ത് അഭിമാനം കൊള്ളുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാം. സര്‍ക്കാര്‍മത്സര പരീക്ഷകളില്‍ ഫലം കാത്തിരിക്കുന്നവര്‍ക്ക് വിജയ സാധ്യത. മുടങ്ങിയ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

തൊഴില്‍ മേഖലയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഈ വര്‍ഷം പ്രതീക്ഷ നല്‍കുന്നു. പങ്കാളിയുടെ കുടുംബത്തില്‍ നിന്നും ലഭിക്കുന്ന സഹായം സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഉതകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. മാനസിക പിരിമുറുക്കം, തലവേദന, ശിരോ രോഗങ്ങള്‍, വാത രോഗങ്ങള്‍, പിത്താശയ രോഗങ്ങള്‍ ഇവ അലട്ടുന്നവര്‍ക്ക് രോഗാവസ്ഥ കലശലാകാന്‍ സാധ്യത.

സന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. ചില സൗഹൃദങ്ങള്‍ ബുദ്ധിമുട്ടിലേക്ക് നയിക്കാം. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് സാധ്യതയുള്ളതിനാല്‍ പണമിടപാടുകളില്‍ കരുതല്‍ വേണം. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപവാദ ആരോപണങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധ വേണം. വാഹനം, യന്ത്ര സാമഗ്രികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കരുതല്‍ ആവശ്യമാണ്.

വിമാന നിര്‍മ്മാണ മേഖല, നാവികസേന മേഖല എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകാം. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വനമേഖലയില്‍ താമസിക്കുന്നവരും തീരദേശവാസികളും അതിര്‍ത്തി പ്രദേശവാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. വസ്തു, വാഹനം, സ്വര്‍ണാഭരണങ്ങള്‍, നിക്ഷേപങ്ങള്‍ ഇവയ്ക്കായി പണം ചെലവഴിക്കുകയും മുന്‍കാല നിക്ഷേപങ്ങള്‍ തിരികെ ലഭിക്കുകയും ചെയ്യും.

നേത്രം, പാദം, കര്‍ണ്ണം ഇവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. രക്ത സമര്‍ദ്ദമുള്ള രോഗികള്‍ക്കും പ്രമേഹ രോഗികള്‍ക്കും തക്ക സമയത്തുള്ള ചികിത്സ വഴി രോഗശമനത്തിന് സാധ്യത. ഹൃദ്രോഹികള്‍ക്ക് രോഗത്തിന് ആശ്വാസം ലഭിക്കുകയും ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും കൊണ്ട് രോഗ സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. വിദേശ പര്യടനം നടത്താനാഗ്രഹിക്കുന്നവര്‍ക്കും, വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്കും ഈ വര്‍ഷം അനുകൂലമാണ്. വിദേശത്ത് ജോലിയുള്ളവരുടെ കര്‍മ്മ മേഖല മെച്ചപ്പെടുവാനും സ്ഥാനകയറ്റം ലഭിക്കാനും സാധ്യതയുണ്ട്. വിദേശ വ്യാപാരം നടത്തുന്നവര്‍ അനുകൂല സമയമാണ്.

കുംഭക്കൂറ് (അവിട്ടം അവസാന രണ്ട് പാദം, ചതയം, പൂരുരുട്ടാതി ആദ്യ മൂന്ന് പാദം)

പൊതുവെ ദോഷാദിക്യ കാലമാണ്. ജീവിതശൈലിയില്‍ മാറ്റം വരും. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക് സമയം അനുകൂലം. വിദേശ പര്യടനം ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കാന്‍ അവസരം ലഭിക്കും. നാല്‍ക്കാലികള്‍, പക്ഷി വളര്‍ത്തല്‍ ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് സാമ്പത്തിക നേട്ടം വര്‍ദ്ധിക്കും. സ്വര്‍ണ്ണവ്യാപാര മേഖലയിലുള്ളവര്‍ക്ക് ഈ വര്‍ഷം നേട്ടങ്ങളുടെ കാലമാണ്. അമിത ചെലവ് സാമ്പത്തിക ബാധ്യതയിലേയ്ക്ക് നയിക്കാം. വാക്‌ദോഷം മൂലം കുടുംബത്തില്‍ നിന്നും അകന്നു താമസിക്കേണ്ടിവരും.

ദാമ്പത്യ പ്രശ്‌നങ്ങള്‍ അധികരിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആവലാതി ഉണ്ടാകാം. കുടുംബജനങ്ങള്‍ക്കായി ചികിത്സ തേടേണ്ടി വരും. വാഹനം ഉപയോഗിക്കുന്നവരും അഗ്‌നിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരും അതീവശ്രദ്ധ പുലര്‍ത്തേണ്ടതാണ്. സഹപ്രവര്‍ത്തകരുടെ നിസ്സഹരണം പല വിധ ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. കര്‍മ്മരംഗത്ത് അലച്ചില്‍, ധനനഷ്ടം ഇവയ്ക്ക് സാധ്യത. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് ധനലാഭം കുറയും. ഗര്‍ഭിണികള്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. അനാരോഗ്യപരമായ ഭക്ഷണക്രമം മൂലം അസുഖം വര്‍ദ്ധിക്കാനും അതുവഴി സാമ്പത്തിക നഷ്ടത്തിനും സാധ്യത. സന്താനങ്ങള്‍ക്കായും കുടുംബത്തിലെ മംഗള കര്‍മ്മങ്ങള്‍ക്കായും പണം ചെലവഴിക്കും. അമിതമായ ഫോണ്‍ ഉപയോഗം കുടുംബ സ്വസ്ഥത കുറയാനുള്ള സാഹചര്യങ്ങളിലേക്ക് നയിക്കാം. വാതരോഗം, ഉഷ്ണജന്യ രോഗങ്ങള്‍ നീര്‍ദോഷ ജന്യ രോഗങ്ങള്‍ ഇവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മീനക്കൂറ് (പുരുരൂട്ടാതി അവസാനപാദം, ഉത്രട്ടാതി, രേവതി)

ഉദ്യാന പരിപാലനവും ജലവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് കര്‍മ്മമേഖല ശോഭിക്കാന്‍ സാധ്യത. നൂതന സാങ്കേതികമേഖലയിലുള്ളവര്‍ക്കും വ്യാപാര വ്യവസായ മേഖലയിലുള്ളവര്‍ക്കും ഈ വര്‍ഷം അനുകൂലമാണ്. പുതിയ കര്‍മ്മമേഖല തേടുന്നവര്‍ക്ക് അവസരം ഉണ്ടാകും. സുഹൃത്തുക്കള്‍ വഴി ജോലി ലഭിക്കാം. വിദ്യാര്‍ത്ഥികളുടെ അശ്രാന്ത പരിശ്രമം വിജയത്തില്‍ എത്തിക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കാം. അകന്നു കഴിയുന്നവര്‍ ഒരുമിക്കാന്‍ സാഹചര്യം ഉണ്ടാകും. കുടുംബജനങ്ങളുമായി വാക്കുതര്‍ക്കം ഉണ്ടാകാം.

കേസ്,വ്യവഹാരം ഇവയില്‍ ഏര്‍പ്പെടാതെ ശ്രദ്ധിക്കുക. അന്യരുടെ കാര്യത്തിലുള്ള ഇടപെടല്‍ മാനസിക പ്രയാസം ഉണ്ടാക്കാന്‍ സാധ്യത ഉള്ളതു കൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ മനോദുഃഖത്തിന് കാരണമാകാം. അമിതവ്യയം ഉണ്ടാവുകയും വാങ്ങിയ കടം തിരികെ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പിതാവിനോ പിതൃതുല്യര്‍ക്കോ സാമ്പത്തിക ബുദ്ധിമുട്ടും ശരീര മനോ ക്ലേശവും അനുഭവപ്പെടാം.

സ്വജനവിയോഗം ദുഃഖത്തിലാഴ്ത്താം. പ്രവര്‍ത്തികളിലെ അശ്രദ്ധമൂലം അപകടസാധ്യത.
പുണ്യ പ്രവര്‍ത്തികള്‍ക്കും വീട് നിര്‍മ്മാണം, ഗൃഹോപകരണങ്ങള്‍ ഇവയ്ക്കായും പണം ചെലവഴിക്കും. സാമ്പത്തിക ഇടപാടുകള്‍, കേസ് ,വ്യവഹാരം ഇവ കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യണം.

ത്വക്ക്, അലര്‍ജി രോഗികള്‍, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍, അര്‍ബുദ ബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുള്ളതിനാല്‍ കൃത്യമായ ചികിത്സയിലും മരുന്നു സേവയിലും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജീവിത ശൈലി രോഗങ്ങള്‍ക്ക് പുറമെ പാദരോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, പൈല്‍സ്, ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍, പിത്താശയ, ഗര്‍ഭാശയ രോഗങ്ങള്‍ ഇവയെല്ലാം ഉണ്ടാകാനുള്ള സാധ്യത ഈ വര്‍ഷം കൂടുതലായതിനാല്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാവേണ്ടതാണ്. കുടുംബജനങ്ങള്‍ക്കായി ആശുപത്രിവാസം, പണചെലവ് ഇവ ഉണ്ടാകാം. അമിത മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും നിമിത്തം ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാം.

തയാറാക്കിയത്:
ജ്യോത്സ്യന്‍ തെങ്കര സുബ്രഹ്‌മണ്യന്‍
ഫോണ്‍: 9447840774

 

Related Posts