
ചോറ്റാനിക്കരയില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഇന്ന് മുതല്‍
ചോറ്റാനിക്കര: പ്രസിദ്ധമായ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ ഓഗസ്റ്റ് 4 മുതല്‍ 11 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം വിപുലമായ ചടങ്ങുകളോടെ നടക്കും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഭാഗവത കുലപതിയും ഭാഗവത കോകിലവുമായ ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ബ്രഹ്‌മശ്രീ മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവരാണ് മുഖ്യ യജ്ഞാചാര്യന്മാര്‍. ഓഗസ്റ്റ് 4-ന് വൈകീട്ട് 6:30-ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ രാമചന്ദ്ര അഡിഗ സപ്താഹ യജ്ഞത്തിന് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യത്തെക്കുറിച്ച് പ്രഭാഷണം നടക്കും.
യജ്ഞത്തിന്റെ എല്ലാ ദിവസങ്ങളിലും രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് വിഷ്ണുസഹസ്രനാമ പാരായണം, ഭാഗവത പാരായണം, പ്രഭാഷണങ്ങള്‍ എന്നിവയും വൈകുന്നേരം പ്രത്യേക ഭഗവത്സേവയും ഉണ്ടായിരിക്കും.
മരങ്ങാട് മുരളികൃഷ്ണന്‍ നമ്പൂതിരി, സംഗമേശ്വരന്‍ തമ്പുരാന്‍, പൂജ്യശ്രീ നടുവില്‍മഠം അച്യുത ഭാരതി സ്വാമിയാര്‍, വെണ്‍മണി രാധ അന്തര്‍ജനം, ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് തുടങ്ങി പ്രമുഖ ആചാര്യന്മാര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും.
സമാപന ദിവസമായ ഓഗസ്റ്റ് 11-ന് സപ്താഹ സമര്‍പ്പണ പൂജ, അവഭൃതസ്‌നാനം എന്നിവ നടക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങില്‍, യജ്ഞാചാര്യനായ ബ്രഹ്‌മശ്രീ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ. കെ.പി. അജയന്‍ ആദരിക്കും.
ഇതോടനുബന്ധിച്ച് 2025 ഓഗസ്റ്റ് 27-ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ ക്ഷേത്രത്തില്‍ 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ ഗണപതിഹോമവും സംഘടിപ്പിച്ചിട്ടുണ്ട്.
യജ്ഞത്തില്‍ പങ്കാളികളാകാനും വഴിപാടുകള്‍ സമര്‍പ്പിക്കാനും ഭക്തജനങ്ങള്‍ക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം അസിസ്റ്റന്റ് കമ്മീഷണറും ദേവസ്വം മാനേജരും അറിയിച്ചു.