ശബരിമല സ്‌പെഷ്യല്‍
ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം നിത്യവും ജപിച്ചാല്‍

ശ്രീധര്‍മ്മശാസ്താവിന്റെ കേശംമുതല്‍ പാദംവരെ വര്‍ണ്ണിച്ചു സ്തുതിക്കുന്ന അതിമനോഹര സ്‌തോത്രമാണു ശ്രീധര്‍മ്മശാസ്തൃസ്തുതിദശകം. ശ്രീധര്‍മ്മശാസ്തൃ കേശാദിപാദാന്തവര്‍ണ്ണനാസ്‌തോത്രം എന്നും ഇത്അറിയപ്പെടുന്നു. ശ്രീശങ്കരാചാര്യസ്വാമികളാണു ഈ സ്‌തോത്രം രചിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

ആശാനുരൂപഫലദംചരണാരവിന്ദ
ഭാജാമപാരകരുണാര്‍ണ്ണവ പൂര്‍ണ്ണചന്ദ്രം
നാശായസര്‍വ്വവിപദാമപി നൗമി നിത്യ
മീശാനകേശവഭവം ഭുവനൈകനാഥം

ചുവന്ന താമരപ്പൂവുകളേപ്പോലെ മനോഹരമായ തന്റെ തൃപ്പാദങ്ങളെ ഭജിക്കുന്ന ഭക്തര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം നല്‍കുന്നവനും, അപാരമായ കരുണാസാഗരത്തില്‍ നിന്ന് ഉയര്‍ന്നു വന്ന പൂര്‍ണ്ണചന്ദ്രനേപ്പോലെ ശോഭിക്കുന്നവനും, ഈശാനന്‍(ശിവന്‍) കേശവന്‍(വിഷ്ണു) എന്നിവരില്‍ നിന്ന്ഉത്ഭവിച്ചവനുമായ ഭുവനൈകനാഥനെ(ധര്‍മ്മശാസ്താവിനെ) സകലവിധത്തിലുമുള്ള ആപത്തുകള്‍ നശിക്കുന്നതിനായി ഞാന്‍ നിത്യവും നമിക്കുന്നു.

പിഞ്ഛാവലീവലയിതാകലിതപ്രസൂന
സഞ്ജാതകാന്തിഭരഭാസുരകേശഭാരം
ശിഞ്ജാനമഞ്ജുമണിഭൂഷിതരഞ്ജിതാംഗം
ചന്ദ്രാവതംസഹരിനന്ദനമാശ്രയാമി

മനോഹരമായ മുടിക്കെട്ടില്‍ മയില്‍പ്പീലികളും സുഗന്ധപുഷ്പങ്ങളും തിരുകിയിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന കാന്തിയാല്‍ കൂടുതല്‍ സുന്ദരമാക്കപ്പെട്ട കേശഭാരത്തോടുകൂടിയവനും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ മൃദുശബ്ദം പുറപ്പെടുവിക്കുന്ന രത്‌നഖചിതമായ സ്വര്‍ണ്ണാഭരണങ്ങളുടെ പ്രഭയാല്‍തിളങ്ങുന്ന അംഗങ്ങളോടുകൂടിയവനും ചന്ദ്രക്കലാധരന്റേയും ഹരിയുടേയും പുത്രനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.

ആലോലനീലലളിതാളകഹാരരമ്യ
മാകമ്രനാസമരുണാധരമായതാക്ഷം
ആലംബനം ത്രിജഗതാം പ്രമഥാധിനാഥ
മാനമ്രലോകഹരിനന്ദനമാശ്രയാമി

നീലനിറമാര്‍ന്ന് ഇളകുന്ന സുന്ദരമായ അളകങ്ങളാല്‍(നെറ്റിയിലേക്കുവീണുകിടക്കുന്ന ചെറിയമുടിക്കൂട്ടങ്ങളാല്‍) ശോഭിക്കുന്ന ഭഗവാന്റെ ചുണ്ടുകള്‍ അരുണ(രക്ത) വര്‍ണ്ണമാര്‍ന്നും കണ്ണുകള്‍ നീണ്ടുമനോഹരമായും തിളക്കമേറിയും നാസിക(മൂക്ക്) അതിസുന്ദരമായും വിളങ്ങുന്നു. കോമളാകാരനായി വിളങ്ങുന്നവനും മൂന്നുലോകങ്ങള്‍ക്കും ആലംബമായവനും പ്രമഥനാഥനും(ഭൂതനാഥനും) സമസ്തലോകരാലും നമിക്കപ്പെടുന്നവനും ഹരിനന്ദനനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ ആശ്രയിക്കുന്നു.

കര്‍ണ്ണാവലംബിമണികുണ്ഡലഭാസമാന
ഗണ്ഡസ്ഥലംസമുദിതാനനപുണ്ഡരീകം
അര്‍ണ്ണോജനാഭഹരയോരിവമൂര്‍ത്തിമന്തം
പുണ്യാതിരേകമിഹ ഭൂതപതിം നമാമി

കാതുകളെ ആശ്രയിച്ചു നിലകൊള്ളുന്ന രത്‌നസമൂഹങ്ങളുടെ(രത്‌നകുണ്ഡലങ്ങളുടെ) പ്രകാശത്താല്‍തിളങ്ങുന്ന മനോഹരങ്ങളായ കവിള്‍ത്തടങ്ങളും വിടര്‍ന്ന ചെന്താമരപോലുള്ളമുഖവും ഉള്ളവനും അര്‍ണ്ണോജനാഭന്റേയും(ശ്രീപദ്മനാഭന്റേയും) ഹരന്റേയും(ശിവന്റേയും) പുണ്യം ഒന്നുചേര്‍ന്ന്മൂര്‍ത്തിമത്തായവനും(രൂപം കൈക്കൊണ്ടവനും) ആയ ഭൂതനാഥനെ ഞാന്‍ നമസ്‌ക്കരിക്കുന്നു.

ഉദ്ദണ്ഡചാരുഭുജദണ്ഡയുഗാഗ്രസംസ്ഥ
കോദണ്ഡബാണമഹിതാന്തമതാന്തവീര്യം
ഉദ്യത്പ്രഭാപടലദീപ്രമദ്രഭസാരം
നിത്യം പ്രഭാപതിമഹം പ്രണതോ ഭജാമി

അതീവബലമേറിയതും മനോഹരവുമായ ഇരുകൈകളില്‍കോദണ്ഡവും(വില്ല്) ബാണവും(അമ്പ്) ധരിച്ച്‌സകല ദുഷ്ടന്‍മാരേയും സംഹരിക്കുവാനുള്ളഅത്യത്ഭുതകരമായ വീര്യത്തോടുകൂടിയവനും വെട്ടിത്തിളങ്ങുന്ന പ്രഭാപടലത്താല്‍(പ്രകാശത്താല്‍) ചുറ്റപ്പെട്ടവനും ആയ പ്രഭാപതിയെ(പ്രഭാദേവിയുടെ ഭര്‍ത്താവായവനും സകലപ്രകാശങ്ങളുടേയും അധിനാഥനായവനും) ഞാന്‍ നിത്യവുംവന്ദിക്കുന്നു.

മാലേയപങ്കസമലംകൃതഭാസമാന
ദോരന്തരാളതരളാമലഹാരജാലം
നീലാതിനിര്‍മ്മലദുകൂലധരംമുകുന്ദ
കാലാന്തകപ്രതിനിധിം പ്രണതോസ്മി നിത്യം

സുഗന്ധം പ്രസരിപ്പിക്കുന്ന ചന്ദനം അണിഞ്ഞ വിസ്തൃതമായ തിരുമാറില്‍ ഇളകിയാടുന്ന നിരവധി മാലകളോടുകൂടിയവനും അതീവ നിര്‍മ്മലമായ നീല പട്ടുവസ്ത്രം അണിഞ്ഞവനും മുകുന്ദന്റേയും(മുക്തി നല്‍കുന്നവനായ വിഷ്ണുവിന്റേയും) കാലാന്തകന്റേയും(കാലനെ സംഹരിച്ച മഹാദേവന്റേയും) പ്രതിനിധിയായവനുമായ ധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.

യത്പാദപങ്കജയുഗംമുനയോപ്യജസ്രം
ഭക്ത്യാ ഭജന്തി ഭവരോഗനിവാരണായ
പുത്രം പുരാന്തകമുരാന്തകയോരുദാരം
നിത്യം നമാമ്യഹമമിത്രകുലാന്തകംതം

ആരുടെ പാദപങ്കജങ്ങളെയാണോ മുനിമാര്‍ ഭവരോഗംശമിക്കുന്നതിനായി നിത്യവും ഭക്തിയോടുകൂടി ഭജിക്കുന്നത്; പുരാന്തകന്റേയും(ത്രിപുരസംഹാരകനായശിവന്റേയും) മുരാന്തകന്റേയും(മുരന്‍ എന്ന അസുരനെ വധിച്ച വിഷ്ണുവിന്റേയും) പ്രിയപുത്രനും ശത്രുസമൂഹങ്ങളെ കുലത്തോടെ സംഹരിക്കുന്നവനും ആയ ആ ശ്രീധര്‍മ്മശാസ്താവിനെ ഞാന്‍ നിത്യവും നമിക്കുന്നു.

കാന്തംകളായകുസുമദ്യുതിലോഭനീയ
കാന്തിപ്രവാഹവിലസത്കമനീയരൂപം
കാന്താതനൂജസഹിതം നിഖിലാമയൗഘ
ശാന്തിപ്രദം പ്രമഥനാഥമഹം നമാമി

കാന്തസ്വരൂപനും കളായകുസുമത്തിന്റെ(കാശാവിന്‍ പൂവിന്റെ) നീലനിറത്തിനെ പോലും പ്രലോഭിപ്പിക്കുന്ന തേജസ്സുമൂലം കമനീയമായ രൂപത്തോടുകൂടിയവനും ഭാര്യയായ പ്രഭാദേവിയോടും പുത്രനായ സത്യകനോടുംകൂടി ഇരിക്കുന്നവനും സമസ്തദുഃഖങ്ങള്‍ക്കും ശാന്തിപ്രദാനം ചെയ്യുന്നവനും ആയ പ്രമഥ(ഭൂതഗണ) നാഥനെ ഞാന്‍ വന്ദിക്കുന്നു.

ഭൂതേശ! ഭൂരികരുണാമൃതപൂരപൂര്‍ണ്ണ
വാരാന്നിധേവരദ! ഭക്തജനൈകബന്‌ധോ!
പായാദ് ഭവാന്‍ പ്രണതമേനമപാരഘോര
സംസാരഭീതമിഹമാമഖിലാമയേഭ്യഃ

സകലഭൂതങ്ങളുടേയും ഈശനായവനേ, കാരുണ്യാമൃതം നിറഞ്ഞ സമുദ്രമായിവിളങ്ങുന്നവനേ, വരദായകനായവനേ, ഭക്തജനങ്ങള്‍ക്ക് ഏക ബന്ധുവായവനേ,വീണ്ടുംവീണ്ടും നമസ്‌ക്കരിക്കുന്നവനും അപാരവും ഘോരവുമായ സംസാരദുഃഖത്താല്‍ വലയുന്നവനുമായ എന്നെ അവിടുന്ന് സകലവിധത്തിലുള്ള ആമയങ്ങളില്‍(ദുഃഖങ്ങളില്‍) നിന്നും രക്ഷിക്കണേ.

ഹേ ഭൂതനാഥ ഭഗവന്‍ ഭവദീയചാരു
പാദാംബുജേ ഭവതു ഭക്തിരചഞ്ചലാ മേ
നാഥായസര്‍വ്വജഗതാം ഭജതാം ഭവാബ്ധി
പോതായ നിത്യമഖിലാംഗഭുവേ നമസ്‌തേ

അല്ലയോ ഭൂതനാഥാ, അവിടുത്തെ മനോഹരമായ പാദപങ്കജയുഗ്മങ്ങളില്‍ ഒരിക്കലും ഇളകാത്ത( അചഞ്ചലമായ) ഭക്തി ഉണ്ടാകുവാന്‍ എന്നെ അനുഗ്രഹിക്കണേ. അതിനുവേണ്ടി സര്‍വജഗത്തിനും നാഥനായവനും ഭജിക്കുന്നവരെ സംസാരസാഗരത്തില്‍നിന്നു കരകയറ്റുന്നവനും നിത്യനും എല്ലാചരാചരങ്ങളിലും പ്രകാശിക്കുന്നവനുമായ അങ്ങയെ ഞാന്‍ നിത്യവും നമസ്‌ക്കരിക്കുന്നു.

നിത്യ പാരായണത്തിനു അനുയോജ്യമായ സ്‌തോത്രമാണിത്. ഇതു നിത്യവും ജപിക്കുന്ന ഭക്തരെ ധര്‍മ്മശാസ്താവ് കാത്തുരക്ഷിക്കുമെന്നാണു വിശ്വാസം.

Related Posts