
ശ്രീകൃഷ്ണനെന്ന പൂര്‍ണാവതാരത്തെ അറിഞ്ഞാല്‍
മാനുഷവും അതിമാനുഷവും അമാനുഷവുമായ അനേകം അദ്ഭുതപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയെന്ന നിലയിലാണു പുരാണേതിഹാസങ്ങള്‍ മുതല്‍ സാഹിത്യസൃഷ്ടികളില്‍വരെ ഭഗവാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാരതത്തിലൊന്നാകെ സവിശേഷമായ ആദരവും ഭക്തിവാത്സല്യങ്ങളും നേടിയിട്ടുള്ള മറ്റൊരു പുരാണകഥാപാത്രവുമില്ല.
നാസ്തികനും യുക്തിവാദിക്കും പോലും കൃഷ്ണനെന്ന സങ്കല്പത്തോട് ആകര്‍ഷണം തോന്നാനിടയായിട്ടുണ്ടെങ്കില്‍ അതിനു മുഖ്യനിദാനം അദ്ഭുതകൃത്യങ്ങള്‍ക്കിടയിലും ആ പുരാണകഥാപാത്രത്തില്‍ തെളിഞ്ഞു കാണുന്ന മാനുഷികതയും പ്രായോഗിക ജീവിതദര്‍ശനവുമാണ്. മത്സ്യം മുതല്‍ അനുക്രമമായി വികാസം പ്രാപിച്ചു എന്ന ആധുനിക ജീവപരിണാമസിദ്ധാന്തം വിഷ്ണുവിന്റെ പൂര്‍ണാവതാരമാണു കൃഷ്ണന്‍ എന്നുള്ള ഭാരതീയ സങ്കല്‍പ്പവുമായി യോജിക്കുന്നതാണുതാനും.
ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളില്‍ ഒന്നായാണു ശ്രീകൃഷ്ണനെ വിശേഷിപ്പിക്കുന്നത്. ശ്രീമദ് ഭാഗവതത്തില്‍ ഇരുപത്തിയൊന്നു അവതാരങ്ങളെപ്പറ്റിയും അതില്‍ ഇരുപതാമത്തേതായി കൃഷ്ണനെക്കുറിച്ചും വര്‍ണിക്കുന്നുണ്ടെങ്കിലും ദശാവതാരസങ്കല്പത്തിലെ കൃഷ്ണനാണ് പ്രസിദ്ധിയും പ്രാമുഖ്യവും ലഭിച്ചിട്ടുള്ളത്. പ്രസിദ്ധമായ കൃഷ്ണാവതാരകഥ ഇപ്രകാരമാണ്.
ദുര്‍ജനങ്ങളുടെ പീഡനം അസഹനീയമായിത്തീര്‍ന്നപ്പോള്‍ ഭൂമീദേവി ദേവന്മാരുമൊത്ത് മഹാവിഷ്ണുവിന്റെ സന്നിധിയിലെത്തി സങ്കടം അറിയിച്ചു. താന്‍ യാദവവംശത്തില്‍ വസുദേവരുടെയും ദേവകിയുടെയും പുത്രനായി ജനിച്ചു സങ്കടനിവൃത്തി വരുത്തിക്കൊള്ളാമെന്ന് തദവസരത്തില്‍ മഹാവിഷ്ണു അവരെ ആശ്വസിപ്പിച്ചുവെന്നും അതാണ് കൃഷ്ണാവതാരമെന്നും ഭാഗവതം പറയുന്നു.
ഏതവസ്ഥയിലും ആരാധിക്കപ്പെടുന്ന ദൈവമാണ് കൃഷ്ണന്‍. കാലിലെ പെരുവിരല്‍ കുടിച്ചുകൊണ്ടു ആലിലയില്‍ ശയിക്കുന്ന കൃഷ്ണന്റെ ശിശുരൂപം നയനാനന്ദകരമാണ്. ബാലലോകത്തിന്റെ പ്രതീകമാണ് ബാലകൃഷ്ണന്‍. ഗോപസ്ത്രീകളുടെ സ്‌നേഹഭാജനമാണ് മുരളീധരനായ കൃഷ്ണന്‍. കൃഷ്ണന്റെ ബാലലീലകളും പ്രേമലീലകളും മധുരമനോഹരങ്ങളാണ്. ഇവ പ്രതിപാദിക്കുന്ന കവിതകളും ഗാനങ്ങളും ചിത്രരചനകളും രംഗാവതരണങ്ങളും ഭാരതീയ സാഹിത്യത്തിലും കലയിലും സജീവമാണ്.
ഗോപികമാരുമായുള്ള ലീലകള്‍ ശൃംഗാരാത്മകമായിട്ടാണു വര്‍ണിച്ചിട്ടുള്ളതെങ്കിലും ആ സമയത്ത് കൃഷ്ണന്റെ പന്ത്രണ്ടു വയസ്സിനു താഴെയുള്ള പ്രായവും ഗോപസ്ത്രീകളുടെ സംഖ്യയും ഓര്‍ത്താല്‍ അതില്‍ കാമത്തിന്റെ അംശം കാണാന്‍ സാധ്യമല്ല. ഭാരതീയ സിദ്ധാന്തമനുസരിച്ച് ഈശ്വരവിഷയകമായ രതി തന്നെയാണു ഭക്തി. കൃഷ്ണന്‍ അറുപത്തിനാലു കലകളും അഭ്യസിച്ചിരുന്നുവെന്നും പ്രസ്താവമുണ്ട്. മയില്‍പ്പീലിയും പീതാംബരവും ധരിച്ച വേഷവും സകലചരാചരങ്ങളെയും മോഹിപ്പിക്കുന്ന വേണുവാദനസാമര്‍ഥ്യവും രാസലീലയിലെ നൃത്തപാടവവും അതിനു സാക്ഷ്യം വഹിക്കുന്നു.
ദൈവിക പരിവേഷമില്ലാതെ മനുഷ്യന്റെ സകലവിധ ശക്തിദൗര്‍ബല്യങ്ങളോടുകൂടിയ കൃഷ്ണനെയും ഈ പുരാണകഥകളില്‍ കാണാം. ഗോപബാലന്മാരുമൊത്ത് ചെറുപ്പത്തില്‍ കാലിമേച്ച് നടന്നപ്പോഴും കുളിച്ചുകൊണ്ടിരുന്ന ഗോപസ്ത്രീകളുടെ ഉടുതുണികള്‍ കൈക്കലാക്കി മരക്കൊമ്പുകള്‍ക്കിടയില്‍ മറയുമ്പോഴും അയല്‍വീടുകളില്‍ കയറി പാലും വെണ്ണയും കട്ടുഭുജിച്ചപ്പോഴും പ്രത്യക്ഷപ്പെടുന്ന ഉണ്ണിക്കൃഷ്ണന്റെ ശൈശവചാപല്യങ്ങള്‍ യുദ്ധഭൂമിയിലെത്തിയപ്പോഴേക്കും ഉദഗ്രവും അധൃഷ്യവുമായ ആജ്ഞാശക്തിയായി പരിപക്വമാകുന്നു. യുദ്ധതന്ത്രങ്ങള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി പ്രയോഗിക്കുന്നതില്‍ കൃഷ്ണനുള്ള ചാതുര്യം ഗീതയില്‍ ഉടനീളം കാണാം.
സര്‍വധര്‍മസംസ്ഥാപനമാണ് കൃഷ്ണന്റെ ലക്ഷ്യം. തന്റെ ജീവിതകാലത്തുതന്നെ കൃഷ്ണന്‍ ആരാധ്യനായിത്തീര്‍ന്നിരുന്നുവെന്നു കരുതാം. രാജസൂയയാഗത്തില്‍ ഇദ്ദേഹത്തിനു ധര്‍മപുത്രര്‍ അഗ്രപൂജ നല്കുന്നതും ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ ഇദ്ദേഹത്തെ സ്തുതിക്കുന്നതും ഇതു വ്യക്തമാക്കുന്നു. ഏറ്റവും വലിയ തത്ത്വചിന്തകനാണ് കൃഷ്ണനെന്നതിനു ഭഗവദ്ഗീത തന്നെ ഉദാഹരിക്കാം. മതത്തിന്റെ പരിവേഷത്തില്‍ നിന്നു മാറ്റിനിര്‍ത്തിയാലും ഗീതയുടെ മഹത്ത്വം അല്പവും കുറയുന്നിമില്ല.
സാധുക്കളെ പരിത്രാണം ചെയ്തും ദുഷ്ടരെ നശിപ്പിച്ചും ധര്‍മസംസ്ഥാപനം ചെയ്യുകയാണ് തന്റെ ജീവിതലക്ഷ്യമെന്നു യുദ്ധഭൂമിയില്‍ പ്രഖ്യാപിച്ച കൃഷ്ണനോട് ആധുനിക രാഷ്ട്രതന്ത്രജ്ഞത പോലും ഒത്തുപോകുന്നു. അതോടൊപ്പം സമസ്ത ഭൗതികവിജയങ്ങളുടെയും പ്രതീകമെന്ന നിലയില്‍ എടുത്ത് കാണിക്കാവുന്ന ഒരു വ്യക്തിത്വം കൂടിയായി ഭഗവാന്‍ മാറുന്നു. പാണ്ഡവരുടെ ജീവിതയാത്രയില്‍, പ്രത്യേകിച്ചും കുരുക്ഷേത്രയുദ്ധത്തില്‍, കൃഷ്ണന്‍ വഹിച്ച പങ്കു വ്യക്തമാക്കുന്നതു ലക്ഷ്യം നേടിയെടുക്കുന്നതിന് ഉചിതമായ മാര്‍ഗങ്ങള്‍ വേണ്ടസമയത്ത് കണ്ടെത്താന്‍ തന്റെ മുമ്പില്‍ ഒന്നും തടസ്സമല്ലായിരുന്നുവെന്ന് മാത്രമാണ്.
ലോകരുടെയെല്ലാം യോഗക്ഷേമത്തില്‍ തത്പരനായ കൃഷ്ണന്‍ ഒരിക്കല്‍ നാരദനോടു തന്റെ അവസ്ഥ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ‘എനിക്ക് ഐശ്വര്യമുള്ളതുകൊണ്ടു ബന്ധുക്കള്‍ എന്റെ ദാസ്യം ചെയ്യണമെന്നു ഞാന്‍ വിചാരിക്കുന്നില്ല. സമ്പത്തിന്റെ ഒരംശം മാത്രമേ ഞാന്‍ അനുഭവിക്കുന്നുള്ളൂ. അവരുടെ ചീത്ത വാക്കുകളെല്ലാം ഞാന്‍ സഹിക്കുന്നു. അവരുടെ ദുഷ്പ്രവര്‍ത്തികള്‍ എന്റെ ഹൃദയത്തെ മഥിക്കുകയും ദഹിപ്പിക്കുകയും ചെയ്യുന്നു. ജ്യേഷ്ഠനായ ബലരാമന്‍ എപ്പോഴും ബലംകൊണ്ട് അഹങ്കരിക്കുന്നു.
അനുജനായ ഗദന്‍ കോമളനായി ചമഞ്ഞു നടക്കുന്നു. മകന്‍ പ്രദ്യുമ്‌നന്‍ സുന്ദരനായി വിലസുന്നു. അവരാരും എന്നെ സഹായിക്കുന്നില്ല. ബലവാന്മാരും പരാക്രമികളും സമ്പന്നരുമായ വൃഷ്ണികളും അന്ധകന്മാരും പരസ്പരം സ്പര്‍ധാലുക്കളായി മാറിയിരിക്കുന്നു. അക്രൂരനും ആഹുകനും എന്റെ കൂടെ ഉണ്ടായിരുന്നാലും ദുഃഖം; ഇല്ലാതിരുന്നാലും ദുഃഖം. ചൂതുകളിക്കാരായ മക്കളുടെ അമ്മ എന്നപോലെ ഞാന്‍ ഒരാള്‍ക്കു വിജയം ആശംസിക്കുന്നു, അപരന്‍ തോല്ക്കരുതേ എന്ന് പ്രാര്‍ഥിക്കുന്നു’.
നാരദന്റെ മറുപടിയും ശ്രദ്ധേയമാണ്. ‘ആപത്തു രണ്ടുവിധംസ്വന്തക്കാരില്‍ നിന്നുണ്ടാകുന്നതും മറ്റുള്ളവരില്‍ നിന്നുണ്ടാകുന്നതും. സ്വയംകൃതമെന്നും പരാകൃതമെന്നും വീണ്ടും രണ്ടായി പിരിക്കാം. നിനക്കുണ്ടായിരിക്കുന്നത് സ്വന്തക്കാരില്‍ നിന്നാണ്. അതു സ്വയംകൃതവുമാണ്. നിനക്കു കിട്ടിയ അധികാരം നീ ലോകാപവാദം ഭയന്നോ മറ്റുകാരണത്താലോ മറ്റുള്ളവര്‍ക്കു കൊടുത്തു.
ഛര്‍ദിച്ച ഭക്ഷണംപോലെ അത് ഇനി തിരികെ എടുക്കാന്‍ സാധ്യമല്ല. അതുകൊണ്ട് നാക്ക് മയപ്പെടുത്തി അവരുടെ കുത്തുവാക്കുകള്‍ക്കു പകരം ശാന്തവും മധുരവും ആയ വാക്കു പറഞ്ഞ് അവരുടെ നാവ് അടക്കുകയേ നിവൃത്തിയുള്ളൂ’. കണ്‍മുമ്പില്‍ അവര്‍ തമ്മില്‍ത്തല്ലി നശിച്ചു. എങ്കിലും ആ യോഗേശ്വരന്‍ താന്‍ ഗീതയില്‍ ഉപദേശിച്ചതുപോലെ സമചിത്തത കൈവെടിയാതെ സംഗം വെടിഞ്ഞു. തന്റെ ധര്‍മമെന്ന ബുദ്ധിയോടുകൂടി ഫലാപേക്ഷ കൂടാതെ തന്റെ അവതാരകൃത്യം നിര്‍വഹിച്ചു.
കരയുന്ന കൃഷ്ണനോ ചിരിക്കുന്ന രാമനോ ഭാരതീയ സങ്കല്പത്തിലില്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യനിഷ്ഠനായി പുഞ്ചിരിക്കുന്ന കൃഷ്ണനെയാണ് എവിടെയും കാണുന്നത്.
ദുരാചാരനായ മാതുലനെ കൊല്ലുമ്പോഴും കൊലയാനയെ നേരിടുമ്പോഴും ചാണൂരന്റെ അശനിപ്രഹരങ്ങള്‍ ഏല്ക്കുമ്പോഴും ശിശുപാലന്റെ ക്രൂരഭര്‍ത്സനങ്ങള്‍ കേള്‍ക്കുമ്പോഴും പുത്രശോകാര്‍ത്തയായ ഗാന്ധാരിയുടെ ശാപം ശിരസാ ഏറ്റുവാങ്ങുമ്പോഴും സ്വന്തം മക്കള്‍ മദാന്ധരായി തമ്മില്‍ത്തല്ലി മരിച്ചുവീഴുമ്പോഴും ഒടുവില്‍ വേടന്റെ അമ്പേല്ക്കുമ്പോഴും ആ മുഖത്തില്‍ മായാത്ത പുഞ്ചിരിയാണ് കളിയാടിയിരുന്നത്.
‘പ്രസന്നനായ മനുഷ്യന്‍’ അവനാണ് പൂര്‍ണമനുഷ്യന്‍. അങ്ങനെ പ്രസന്നനായ കൃഷ്ണന്‍ പൂര്‍ണാവതരമായി ഗണിക്കപ്പെടുന്നു. പിതാവ്, പുത്രന്‍, ശിഷ്യന്‍, ബന്ധു, പതി, നയതന്ത്രവിശാരദനായ പ്രഭു, സുഹൃത്ത്, സതീര്‍ഥ്യന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം അനുകരണാദര്‍ശഭൂതനായ ഒരു പൂര്‍ണമനുഷ്യനായി കൃഷ്ണനെ വിഭാവനം ചെയ്യാവുന്നതാണ്. ഐശ്വര്യാദിഷാഡ് ഗുണ്യപരിപൂര്‍ണനായ കൃഷ്ണനാണ് ‘ഭഗവാന്‍’ എന്ന പേരിനു യഥാര്‍ഥാശ്രയമെന്നു നാരായണീയത്തില്‍ പറഞ്ഞിട്ടുള്ളത് ഈ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ നമുക്ക് ഓര്‍ക്കാവുന്നതാണ്.