ക്ഷേത്ര വാർത്തകൾ
സ്‌കന്ദഷഷ്ഠി മഹോത്സവം: പറവൂരില്‍ മഹാശക്തി വേല്‍ ഘോഷയാത്രയും മുരുക വേഷ മത്സരവും നവംബര്‍ 15-ന്

പറവൂര്‍: നവംബര്‍ 15-ന് നടക്കുന്ന സ്‌കന്ദഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് വൈശാഖം ശ്രീമുരുക ഭജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 5 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകളുടെ പ്രധാന ആകര്‍ഷണം മഹാശക്തി വേല്‍ ഘോഷയാത്രയും ആകര്‍ഷകമായ മുരുക വേഷ മത്സരവുമാണ്.

അഖണ്ഡ സ്‌കന്ദ ഷഷ്ഠി കവച പാരായണം

നവംബര്‍ 5 വ്യാഴാഴ്ച മുതല്‍ 14 ശനിയാഴ്ച വരെ വൈശാഖം ഹാളില്‍ അഖണ്ഡ സ്‌കന്ദ ഷഷ്ഠി കവചം പാരായണം നടക്കും. പ്രതിദിനം 36 തവണ എന്ന കണക്കില്‍ 10 ദിവസം കൊണ്ട് 360 തവണയും, ഷഷ്ഠി ദിനമായ നവംബര്‍ 15 ഞായറാഴ്ച ബാക്കി 6 തവണ കൂടി ഉള്‍പ്പെടുത്തി ആകെ 366 തവണ കവചം പാരായണം ചെയ്താണ് ചടങ്ങ് പൂര്‍ത്തിയാക്കുക.

മഹാശക്തി വേല്‍ ഘോഷയാത്രയും മുരുക വേഷ മത്സരവും

നവംബര്‍ 15 വൈകുന്നേരം 3 മണിക്ക് മന്ദം വൈശാഖം വരാഹി ക്ഷേത്രത്തില്‍ നിന്നും മന്ദം ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് മഹാ ശക്തി വേല്‍ ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങളും വൈശാഖം വേല്‍ കുത്ത് സംഘം അവതരിപ്പിക്കുന്ന വേല്‍ യാത്രയും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

ഘോഷയാത്രയില്‍ വര്‍ണ്ണാഭമായ മുരുക വേഷ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. പഴനിയിലെ വിശ്വരൂപ ദര്‍ശനം, ബാലമുരുകന്‍, വേടന്‍, വൈദികന്‍, രാജാ അലങ്കാരം, സ്വാമി മലയിലെ ഓംകാരം ഉപദേശിക്കുന്ന ഭാവം, തിരിച്ചെന്തൂരിലെ ശക്തിവേല്‍ മുരുകന്‍, മയില്‍ വാഹനത്തിലും ഗജ വാഹനത്തിലും ഇരിക്കുന്ന ഭാവം തുടങ്ങി ഭഗവാന്റെ വിവിധ സങ്കല്‍പ്പങ്ങള്‍ മനോഹരമായി അണിഞ്ഞൊരുങ്ങി വരുന്നവര്‍ക്ക് കാഷ് പ്രൈസും മൊമെന്റോയും സമ്മാനമായി നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് പുറമെ മികച്ച വേഷങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. മന്ദം ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് സമ്മാനദാനം നടക്കുക.

ശത്രു സംഹാര വേല്‍ സമര്‍പ്പണവും വിശേഷപ്പെട്ട ഉപ്പ് വഴിപാടും

സന്ധ്യയ്ക്കു മുമ്പായി ഘോഷയാത്ര മന്ദം ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ എത്തിച്ചേരുകയും ശൂരപദ്മാസുരനെ നിഗ്രഹിക്കാനുള്ള വേല്‍ എന്ന സങ്കല്പത്തില്‍ ഭഗവാന് ‘ശത്രു സംഹാര വേല്‍’ സമര്‍പ്പിക്കുകയും ചെയ്യും.

തുടര്‍ന്ന് ക്ഷേത്രത്തിലെ അതിവിശേഷ വഴിപാടായ ഉപ്പ് സമര്‍പ്പണം നടക്കും. കൈ വണ്ടികളില്‍ നിറച്ച് ഘോഷയാത്രയായി കൊണ്ടുവരുന്ന ഉപ്പ് ക്ഷേത്ര മണ്ഡപത്തില്‍ നിറയ്ക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും നേരിട്ട് ഉപ്പ് സമര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നതിനുമായി 9447811618, 8893132299 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് വൈശാഖം ശ്രീമുരുക ഭക്ത ജന സംഘം മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് അറിയിച്ചു.

 

Related Posts