
നവരാത്രി നമ്മുക്ക് നല്‍കുന്നത്
ദേവി മഹിഷാസുരനെ വധിച്ച ദിവസമാണു വിജയദശമിയായി ആഘോഷിക്കുന്നത്. മഹിഷന് എന്ന ഒരു അസുരന് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി സ്ത്രീയാല്‍ മാത്രമേ മരണം സംഭവിക്കാവൂ എന്നു വരം നേടി. അനന്തരം മഹിഷന് എല്ലാ ദേവന്മാരെയും കീഴ്പെടുത്തി ഭരണം നടത്തി. പൊറുതിമുട്ടിയ ദേവന്മാര് വിഷ്ണുവിനെ അഭയം പ്രാപിച്ചു.
മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു.
എന്തു ചെയ്യണമെന്ന് ഏവരും ചിന്തിച്ചു നില്ക്കുമ്പോള് ബ്രഹ്മാവിന്റെ മുഖത്തുനിന്നും അതിയായ ഒരു തേജസുണ്ടായി. രക്തനിറത്തിലുള്ള അതിന്റെ പ്രകാശം സഹിക്കുവാന്‍ കഴിയാത്തതായിരുന്നു. അപ്പോള്‍ മഹേശ്വരന്റെ ദേഹത്തുനിന്നും ഉഗ്രവും ഭയങ്കരവുമായ വെളുത്ത നിറത്തില്‍ ഒരു ഘോരരൂപിണി, മലപോലെ തമോഗുണിയായി പ്രത്യക്ഷയായി. തുപോലെ, വിഷ്ണുശരീരത്തില്‍നിന്നും നീല നിറത്തില്‍ ആശ്ചര്യമായ ഒരു രൂപവും ഉണ്ടായി. അതുകണ്ട ദേവന്മാര് ഓരോരുത്തരും ആശ്ചര്യചകിതരായി.
അപ്പോള്‍ വീണ്ടും ഇന്ദ്രന്, വരുണന്, കുബേരന്, യമന്‍, വഹ്നി മുതലായ ദിക്പാലകരില്‍നിന്നും തേജസുകള്‍ ഉണ്ടായി. ഇവയെല്ലാം ഒന്നായിത്തീര്‍ന്നു. അത് എല്ലാ ശ്രേഷ്ഠമായ ഗുണങ്ങളുമുള്ള ഒരു സ്ത്രീയായിത്തീര്‍ന്നു. സകലദേവന്മാരില്‍നിന്നുമുണ്ടായ അവള്ശ്രീ മഹാലക്ഷ്മി മൂന്ന് ഗുണങ്ങളുള്ളവളാണ്. മൂന്ന് ലോകത്തേയും വശീകരിക്കുന്ന സൗന്ദര്യത്തോടുകൂടിയ അവള്‍ക്ക് പതിനെട്ട് ഭുജങ്ങളും, ആയിരം കൈകളുമുണ്ടായി.
ശങ്കരന്റെ തേജസില്‍നിന്ന് വെളുത്ത ശോഭയുള്ള മുഖവും, യമതേജസില്‍നിന്ന് കറുത്ത ഇടതൂര്‍ന്ന നീണ്ട മുടിയുണ്ടായി. അഗ്നിതേജസില്‍നിന്ന് മൂന്ന് കണ്ണുകളും വായുതേജസില്‍നിന്ന് ചുവന്ന ചുണ്ടുകളും, വിഷ്ണുതേജസില്‍നിന്ന് പതിനെട്ട് കൈകളും ഇന്ദ്രതേജസില്‍നിന്ന് സുന്ദരീലക്ഷണമായ മൂന്ന് മടക്കുള്ള വയറും ലഭിച്ചു. വരുണ തേജസില്‍നിന്ന് അതിമനോഹരമായ കണങ്കാലുകളും തുടയും അഗ്നിതേജസില്‍നിന്ന് നല്ല ആകാരവും ശബ്ദവും ഉണ്ടായി. ആ തേജോരൂപം കണ്ട വിഷ്ണുഭഗവാന് ദേവന്മാരോട് പറഞ്ഞു ഹേ, ദേവന്മാരെ നിങ്ങളുടെ പക്കലുള്ള എല്ലാ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ഈ ദേവിക്ക് കൊടുന്ന്.
അതുകേട്ട പാലാഴി, ദേവിക്ക് ദിവ്യവും പുതിയതും, നേര്‍ത്തതുമായ ചുകന്ന പട്ടുവസ്ത്രവും നല്ല പവിഴമാലയും കൊടുത്തു. വിശ്വകര്‍മ്മാവ്, കോടിസൂര്യപ്രഭയുള്ള ചൂഡാമണി മുടിയില്‍ ചൂടാന്‍ നല്കി.
പിന്നീട് നാനാ രത്നങ്ങള്‍ പതിച്ച കുണ്ഡലങ്ങള്‍ കാതിലണിയാനും, വളകള്‍, തോള്‍വളകള്‍ മുതലായവയും ആഭരണങ്ങളായി വിശ്വകര്‍മ്മാവ് കൊടുത്തു. കാലുകളില്‍ അണിയാന്‍ ശബ്ദിക്കുന്ന, സൂര്യനെപ്പോലെ തിളങ്ങുന്ന പൊന്‍ചിലമ്പുകള്‍ ത്വഷ്ടാവു കൊടുത്തു.
കഴുത്തിലണിയാന്‍ തിളങ്ങുന്ന രത്നമാലയും മോതിരങ്ങളും വണ്ടുവരുന്നതും വാടാത്തതുമായ അതിദിവ്യമായ താമരമാലയും മഹാര്‍ണവം കൊടുത്തു.
ഇതെല്ലാം കണ്ട ഹിമവാനാകട്ടെ, തന്റെ ഗുഹകളില്‍ പാര്‍ക്കുന്ന നല്ല ലക്ഷണമൊത്ത സിംഹത്തേയും ദേവിക്ക് വാഹനമായി കൊടുത്തു. അങ്ങനെ സര്‍വാഭരണവിഭൂഷിതയായി സ്വര്‍ണവര്‍ണമുള്ള ആ സിംഹത്തിന്റെ പുറത്ത് ദേവി ആസനസ്ഥയായി.
അപ്പോള്‍ മഹാവിഷ്ണു തന്റെ സുദര്‍ശനചക്രം ദേവിക്ക് നല്കി. ശ്രീ പരമേശ്വരന് തൃശൂലവും ഇന്ദ്രന് വജ്രായുധവും ബ്രഹ്മാവ് ഗംഗാജലം നിറച്ച കമണ്ഡലുവും വരുണന് പാശവും (കയറ്) വാളും പരിചയും കൊടുത്തു. വിശ്വകര്‍മ്മാവ് തന്റെ മൂര്‍ച്ചയുള്ള മഴുവും അമൃത് നിറച്ച രത്നപാത്രം കുബേരനും ദേവിക്ക് നല്കി.
വിഷ്ണുഭഗവാന് എല്ലാവരോടുമായി പറഞ്ഞു ‘നിങ്ങള്‍ക്കുള്ളതെല്ലാം ദേവിക്ക് സമര്‍പ്പിക്കൂ. നിങ്ങളെ ഭയത്തില്‍നിന്നും മോചിപ്പിച്ച് ദേവി നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിപ്പിച്ചു തരും’ എന്ന്. ഹിമവാന് ദേവിക്ക് വാഹനമായി സിംഹത്തെ നല്കി ഇരിപ്പിടം കൊടുത്തതിനാലാണ് ദേവിതന്നെ ഹിമവാന്റെ പുത്രിയായി പാര്‍വതി (പര്‍വതനന്ദിനി) എന്ന പേരില്‍ ജനിച്ച് പിതൃസ്ഥാനം നല്കി ഹിമവാനെ അനുഗ്രഹിച്ചത്.
എല്ലാ ദേവചൈതന്യങ്ങളുമുള്‍ക്കൊണ്ട് എല്ലാ കൈകളിലും നാനാവിധത്തിലുള്ളവരാല്‍ നല്കപ്പെട്ട ആയുധങ്ങളുമായി സിംഹത്തിന്റെ പുറത്തിരിക്കുന്ന ദേവിയെ ദേവന്മാര് സ്തുതിച്ചുകൊണ്ട് പരമേശ്വരീ മഹിഷാസുരനില്‍നിന്ന് ഞങ്ങളെ രക്ഷിക്കണേ എന്നപേക്ഷിച്ചു. ദേവി പറഞ്ഞു.
ദേവന്മാരേ കഠിനവരം ലഭിച്ച അഹങ്കാരത്താല്‍ മഹിഷന്റെ ബുദ്ധി മന്ദിച്ചിരിക്കുന്നു. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ നിര്‍വഹിക്കുന്ന ബ്രഹ്മവിഷ്ണുമഹേശ്വരന്മാര് പോലും മഹിഷാസുരനെ എങ്ങനെ വധിക്കാം എന്ന് ചിന്തിച്ച് ദുഃഖിക്കുന്നു. അവര്‍ കൊടുത്ത വരത്താലാണ് മഹിഷാസുരന് ഇത്രയും അഹങ്കരിക്കുന്നത് എന്നുപറഞ്ഞ് ദേവി മന്ദഹസിച്ചുകൊണ്ട് അതിഭീകരമായി അട്ടഹസിച്ചു. അതുകേട്ട് കടലും മലയും ഭൂമിയും വിറച്ചു.
യുദ്ധത്തിനൊരുങ്ങിയ അസുരപ്പടയെയും മമഹിഷാസുരനേയും കണ്ട ദേവി തന്റെ നിശ്വാസ വായുവില്‍നിന്നും അനേകായിരം ഭൂതഗണങ്ങളെ ഉണ്ടാക്കി. അവര്‍ യുദ്ധം തുടങ്ങി അസുരസൈന്യത്തെ ഒന്നാകെ നശിപ്പിച്ചുകഴിഞ്ഞപ്പോള്‍ മഹിഷാസുരനും ദേവിയും തമ്മില്‍ യുദ്ധം ചെയ്തു. മഹിഷാസുരനെ ദേവി തന്റെ ഖഡ്ഗംകൊണ്ട് വധിച്ചു. ദേവന്മാര് ആരവത്തോടെ പുഷ്പവൃഷ്ടി നടത്തി.
മഹിഷാസുരന് അഹങ്കാരമാണ്. മദം അഥവാ അഹങ്കാരം ആര്‍ക്കുണ്ടായാലും അതു നാശത്തിലെ കലാശിക്കൂ. സാക്ഷാല്‍ ദേവി തന്നെ തന്റെ മുന്നില്‍ വന്നിട്ടും മഹിഷന് ജ്ഞാനമല്ല ആഗ്രഹിച്ചത്. അതിലെ വിഷയത്തെ സ്ത്രീരൂപത്തെയാണ് കാമിച്ചത്.
അന്യരെ ഉപദ്രവിച്ച് വിഷയങ്ങളില്‍ മതിവരാത്തവരുടെ കഥയാണ് മഹിഷാസുരന്റെ കഥയിലൂടെ പറയുന്നത്. കഠിന തപസ്സു ചെയ്ത് ബ്രഹ്മാവിനെയും ഒപ്പം ദേവിയേയും ഭജിച്ചു പ്രത്യക്ഷപ്പെടുത്തി. എന്നിട്ടും മരണത്തെപ്പോലും തനിക്ക് കീഴ്പ്പെടുത്താനാകും എന്ന അഹങ്കാരത്താല്‍ അവന് സ്ത്രീ തീര്‍ത്തും അബലയെന്നു കരുതിയാണു സ്ത്രീയാല്‍ മാത്രമേ തനിക്ക് മരണമുണ്ടാകൂവെന്നു വരം വാങ്ങിയത്. അതുകൊണ്ടുതന്നെ അവന് അഹങ്കാരിയുമായി;
മൂന്നു ലോകങ്ങളേയും തന്റെ കരബലത്താല്‍ തനിക്കധീനമാക്കി. തപസ്സും ദാനവും ധനവും ഒന്നുമല്ല വിനയവും വിവേകവുമാണ് വേണ്ടതെന്ന് മഹിഷാസുര വധം നമ്മെ മനസ്സിലാക്കിത്തരുന്നു. അഹങ്കാരമില്ലാതെ വിനയത്തോടെ ജീവിക്കണം. വിദ്യാ വിനയ സമ്പന്ന എന്നാണ്. വിനയമാണ് സമ്പത്തെന്നും വിദ്യയെന്നത് വിനയമാണെന്നുമാണ് ഇതിനര്‍ത്ഥം. അതു മനസ്സിലാക്കാന്‍ ജ്ഞാനം വേണം; വിദ്യ വേണം. ആ ജ്ഞാനം നേടാന്‍ വേണ്ടിയാകണം നമ്മുടെ ജീവിതമെന്നാണു നവരാത്രി നല്കുന്ന സന്ദേശം.