
വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി ഊട്ട്
ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ശിവരാത്രി ഊട്ട് ഫെബ്രുവരി 16ന് നടക്കും.
അന്ന് രാവിലെ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. വൈകിട്ട് ചുറ്റുവിളക്ക്, ദീപാരാധന എന്നിവ ഉണ്ടാകും.
ആചാര്യ തപസാ ആമ്‌നായജപേനനിയമേനചഃ
ഉത്സവേനന്നദാനെനക്ഷേത്രാവൃദ്ധിസ്തു പഞ്ചധാ.
ക്ഷേത്രത്തിലെ ദേവചൈതന്യം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും അതുവഴി നാടിനും നാട്ടാര്‍ക്കും അഭിവൃദ്ധി ഉണ്ടാകാനും ഉദ്ദേശിച്ചു പൂര്‍വികരായ ആചാര്യന്മാര്‍ അഞ്ചു ഉപായങ്ങള്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആചാര്യന്റെ തപസ്സിദ്ധി, വേദ ഉപാസന, നിത്യ കര്‍മ്മങ്ങളില്‍ ഉള്ള കൃത്യ നിഷ്ഠ, ഉത്സവം, അന്നദാനം. എല്ലാ മഹാ ക്ഷേത്രങ്ങളിലും ഈ അഞ്ചു കാര്യങ്ങളും പ്രാവര്‍ത്തികമാക്കുന്നുണ്ട്. ഇതില്‍ ഏറെ പ്രാധാന്യമുള്ളതാണ് അന്നദാനം. അന്നദാനത്തിന്റെ മാഹാത്മ്യത്തെപറ്റി പറയുന്നതെന്തെന്നാല്‍
‘ഗജ തുരഗ സഹസ്രം ഗോകുലം കോടി ദാനം കനക രജിത പാത്രം
മേദിനി സാഗരാന്തം ഉദയകുല വിശുദ്ധം കോടി കന്യാപ്രദാനം
നഹി നഹി ബഹുദാനം അന്നദാനസുസമാനം
അതായത്, ആയിരം കൊമ്പന്മാര്‍, ആയിരം പടക്കുതിരകള്‍, ഒരുകോടി പശുക്കള്‍, രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ്ണ പാത്രങ്ങള്‍, സമുദ്ര ത്തോളം ഭൂമി എന്നിങ്ങനെ നിരവധി ദാനം ചെയ്താലും അതൊന്നും അന്നദാന ഫലത്തിന് തുല്യമല്ല എന്നാണ്.
ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭക്തരുടെ യശ്ശസ്സിനും, ദീര്‍ഘായുസ്സിനും, കുടുംബ ഐശ്വര്യത്തിനുമായിട്ടാണ് ദേവീ പ്രസാദ ഊട്ട് നടന്നുവരുന്നത്.
ദേവീ പ്രസാദ ഊട്ട് വഴിപാടായി ഇവിടെ ഭക്തര്‍ക്ക് നടത്താവുന്നതാണ്. ഭക്തജനങ്ങളുടെ കുടുംബത്തിലെ വിശേഷദിവസങ്ങളിലും മറ്റു മംഗളകാര്യങ്ങള്‍ നടക്കുന്ന
അവസരങ്ങളിലും ദേവീ പ്രസാദ ഊട്ട് വഴിപാടായി നടത്തുന്നത് ഏറെ ഉത്തമവും ശ്രേയസ്‌കരവുമാണ്. ദേവീ പ്രസാദ ഊട്ട് വഴിപാടുകള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്രവുമായി മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ – 8547178755, 9249796100.
ആശ്രിത വത്സലയും അഭീഷട വരദായിനിയുമായ ഭഗവതിയുടെ ശക്തി ചൈതന്യം കൊണ്ട് പ്രസിദ്ധി ആര്‍ജിച്ചിട്ടുള്ള വേദക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. കേരളത്തിലെ അപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നായ ഇവിടം അശരണരായ ഭക്തരുടെ ഏറ്റവും വിശേഷപ്പെട്ട അഭയ സങ്കേതമാണ്.
ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള അപൂര്‍വ്വ ക്ഷേത്രമാണിത്. ആഗ്രഹ സാഫല്യത്തിനും ജീവിത വിജയത്തിനും വെട്ടിക്കാവ് ഭഗവതിയെ പ്രീതിപ്പെടുത്തിയാല്‍ മതി എന്നാണ് വിശ്വാസം. പടിഞ്ഞാറോട്ട് ദര്‍ശനമായി കുടികൊള്ളുന്ന ഭഗവതിയെ പ്രതിഷ്ടിച്ചിട്ടുള്ളത് മഹിഷാസുര മര്‍ദ്ദിനീ ഭാവത്തിലാണ്. എന്നാല്‍, മഹിഷാസുരന്റെ തലയില്‍ ചവുട്ടി നിന്ന് കുന്തം കൊണ്ട് നിഗ്രഹിക്കുന്ന ഭഗവതിയുടെ രൂപം ഉഗ്ര കോപിയുടേതല്ല. മറിച്ച് ധ്യാനാത്മകമായ ശാന്തി തുടിക്കുന്ന രൂപമാണത്.
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ദിനവും നിരവധി ഭക്തരാണ് ഇങ്ങോട്ടേക്ക് ഒഴുകി എത്തുന്നതും. അതി വിശേഷപ്പെട്ട ധാരാളം പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളും ക്ഷേത്രത്തിലുണ്ട്. ഗുരുതികൂടാതെ ത്രികാലപൂജ, ഉദയാസ്തമായ പൂജ എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.

