പൈതൃകം
മുപ്പെട്ടുശനിയും പ്രദോഷവും; നാളെ മഹാദേവനെ ഭജിക്കേണ്ടതിങ്ങനെ

മഹാദേവന് ഏറെ പ്രധാനപ്പെട്ട ദിവസമാണ് പ്രദോഷം. എല്ലാമലയാളമാസത്തെയും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും പ്രദോഷം വരും. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണല്ലോ ശിവപുരാണത്തില്‍ പറയുന്നത്. ഒക്ടോബര്‍ 22 അതിവിശിഷ്ടമായ പ്രദോഷമാണ്. കാരണം, ഇത്തവണത്തെ പ്രദോഷം, കറുത്തപക്ഷത്തിലെ ശനി പ്രദോഷമാണ്. തുലാമാസത്തിലെ മുപ്പെട്ടു ശനിയെന്നതും ഇത്തവണത്തെ പ്രദോഷത്തിന്റെ പ്രധാന്യം ഇരട്ടിയാക്കുന്നു. അതുകൊണ്ട്, കഴിയുന്നവരെല്ലാം ഈ വ്രതമെടുക്കാന്‍ ശ്രദ്ധിക്കണം. വളരെ പ്രധാന്യമുള്ള ഈ പ്രദോഷവ്രതം എങ്ങനെയെടുക്കണമെന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ഫലദായകമാണ് പ്രദോഷവ്രതം. ദോഷം ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രദോഷ ദിവസം സന്ധ്യയില്‍ പാര്‍വതിദേവിയെ സന്തോഷിപ്പിക്കാന്‍ ശിവഭഗവാന്‍ നടരാജനായി നൃത്തം ചെയ്യുമ്പോള്‍ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം. അതിനാല്‍ പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് ശിവന് അര്‍ച്ചന നടത്തുന്നതും സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സമ്മാനിക്കും.

പ്രദോഷദിനത്തില്‍ രാവിലെ എണ്ണ തേക്കാതെ കുളിക്കണം. പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദര്‍ശനം നടത്തി കൂവളത്തില കൊണ്ട് അര്‍ച്ചന, കൂവളമാല സമര്‍പ്പണം, പിന്‍വിളക്കില്‍ എണ്ണ, ജലധാര എന്നിവ നടത്തുക. പകല്‍ മുഴുവന്‍ ഉപവാസം നന്ന്. അതിന് സാധിക്കാത്തവര്‍ക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യം കഴിക്കാം. പഞ്ചാക്ഷരി സ്‌തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ചൊല്ലുക, ശിവപുരാണ പാരായണം നടത്തുക എന്നിവ നല്ലതാണ്. സന്ധ്യയ്ക്ക് മുന്‍പ് കുളിച്ച് ക്ഷേത്ര ദര്‍ശനം നടത്തി ആറര മണിയോടെ തുടങ്ങുന്ന പ്രദോഷ പൂജ, ദീപാരാധന ഇവയില്‍ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ മലരോ പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നുള്ള ചോറു വാങ്ങി കഴിച്ച് വ്രതം പൂര്‍ത്തിയാക്കാം.

ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാല്‍ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ഈ വ്രതം അനുഷ്ഠിച്ചാല്‍ സകല ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. വ്രതം അനുഷ്ഠിക്കാന്‍ സാധിക്കാത്തവര്‍ അന്നേദിവസം ശിവക്ഷേത്രദര്‍ശനം നടത്തി ശക്തിയാല്‍ കഴിയുന്ന വഴിപാടുകള്‍ സമര്‍പ്പിക്കുന്നത് അതിവിശിഷ്ഠമാണ്. പുണ്യപ്രവര്‍ത്തികള്‍ക്ക് ഏറ്റവും ഉത്തമമായ ദിനമാണിത്.

അത്യപൂര്‍വമായി വരുന്ന ഈ പ്രദോഷവ്രതമെടുക്കാനും വ്രതമെടുക്കാത്തവര്‍ ഭഗവാനെ ഭക്തിയോടെ ഭജിക്കാനും ഈ ദിവസം പ്രയോജനപ്പെടുത്തൂ.

Related Posts