ക്ഷേത്ര വാർത്തകൾ
ഇനി ശരണം വിളിയുടെ നാളുകള്‍; ശബരിമല നട ഇന്ന് തുറക്കും

ശബരിമല: വ്രതാനുഷ്ഠാനത്തിന്റെ പുണ്യത്തില്‍ ശരണഘോഷങ്ങളോടെ ഇന്നു വൈകിട്ട് അഞ്ചിന് പൊന്നമ്പല നട തുറക്കും. ഇനി എല്ലാ വഴികളും അയ്യപ്പസന്നിധിയിലേക്ക്. തൊഴുകൈകളുമായി കാത്തുനില്‍ക്കുന്ന ഭക്തലക്ഷങ്ങള്‍ക്ക് സുക്യതദര്‍ശനം നല്‍കാന്‍ തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി തിരുനട തുറന്ന് യോഗനിദ്രയില്‍നിന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി ശ്രീലകത്ത് നെയ്വിളക്ക് തെളിക്കും. തുടര്‍ന്ന് ഗണപതിനടയും നാഗര്‍നടയും തുറക്കും. ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും.

വൈകിട്ട് ഏഴിന് പുതിയ മേല്‍ശാന്തിയുടെ അവരോധന ചടങ്ങ് നടക്കും. സോപാനത്ത് പത്മം വരച്ച് കലശം പൂജിച്ചശേഷം നിയുക്ത മേല്‍ശാന്തിയെ അഭിഷേകം ചെയ്യും. തുടര്‍ന്ന് തന്ത്രി മേല്‍ശാന്തിയെ കൈപിടിച്ച് ശ്രീലകത്തേക്കാനയിക്കും. കാതില്‍ ഭഗവാന്റെ മൂലമന്ത്രം ഓതുന്നതോടെ അടുത്ത ഒരു വര്‍ഷത്തെ പുറപ്പെടാ മേല്‍ശാന്തിയായി അദ്ദേഹം അവരോധിക്കപ്പെടും.

രാത്രി പത്തിന് നടയടച്ചശേഷം സ്ഥാനമൊഴിയുന്ന മേല്‍ശാന്തി ശ്രീകോവിലിന്റെ താക്കോല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ഏല്‍പ്പിക്കും. തുടര്‍ന്ന് താക്കോല്‍ പുതിയ മേല്‍ശാന്തിക്കു കൈമാറും. വൃശ്ചികപ്പുലരിയായ നാളെ പുലര്‍ച്ചെ പുതിയ മേല്‍ശാന്തിയാണു നട തുറക്കുക. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറക്കും.നിര്‍മാല്യ ദര്‍ശനത്തിനുശേഷം നെയ്യഭിഷേകവും ഗണപതിഹോമവും ആരംഭിക്കും. 7.30 ന് ഉഷപൂജ, 12.30 ന് ഉച്ചപൂജ, 1 ന് നടയടയ്ക്കല്‍. വൈകിട്ട് മൂന്നിന് നടതുറക്കും.

6.30 ന് ദീപാരാധന, 7 ന് പുഷ് പാഭിഷേകം, 10.30ന് അത്താഴപൂജ, 11ന് ഹരിവരാസനം പാടി നട യടയ്ക്കും. ഇത്തവണ 40 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായുണ്ട്. രണ്ടുലക്ഷം കവര്‍ അപ്പവും സ്റ്റോക്കുണ്ട്. അരവണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിച്ചതിനാല്‍ പ്രതിദിനം 300 കൂട്ട് അരവണ നിര്‍മിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ഇത് 220 കൂട്ട് ആയിരുന്നു. തീര്‍ഥാടകര്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടിസി വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ട്.

 

Related Posts