
ശബരിമല പടിപൂജ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ വഴിപാട് അവസരം 2038-ല്‍
ശബരിമല അയ്യപ്പ സന്നിധിയിലെ ഏറ്റവും ചിലവേറിയ പൂജകളാണ് പടി പൂജയും, ഉദയാസ്തമയ പൂജയും. ഈ രണ്ട് പൂജകള്‍ നടത്തണമെങ്കില്‍ മുന്‍കൂട്ടി പണം നല്‍കി ബുക്ക് ചെയ്യണം. പടിപൂജ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 2038-ല്‍ മാത്രമേ ഭക്തര്‍ക്ക് അവസരം ലഭിക്കുകയുള്ളൂ. എന്നാല്‍ ഉദയാസ്തമയ പൂജ ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 2029 ആകുമ്പോഴേക്കും അവസരം ലഭിക്കും. പടിപൂജയ്ക്ക് 1,37,900 രൂപയും, ഉദയാസ്തമയ പൂജയ്ക്ക് 61,800 രൂപയും ചിലവ് വരും. ശബരിമലയിലെ ഭക്തരുടെ തിരക്ക് പരിഗണിച്ച് പടിപൂജയും ഉദയാസ്തമയ പൂജയും ഇത്തവണ തീര്‍ത്ഥാടന കാലത്തു നിന്നു ഒഴിവാക്കിയിട്ടുണ്ട്.
ദീപാരാധന കഴിഞ്ഞാണ് പടിപൂജ തുടങ്ങുന്നത്. പതിനെട്ടാംപടി കഴുകി പട്ടു വിരിച്ച് എല്ലാ പടിയിലും നിലവിളക്കും ഒരുക്കുകളും വച്ചാണ് പൂജ നടത്തുന്നത്. ഈ ഒരുക്കങ്ങള്‍ക്ക് മാത്രം കുറഞ്ഞത് 30 മിനിറ്റ് എടുക്കും. അതുകൊണ്ടുതന്നെ ഒന്നര മണിക്കൂറെങ്കിലും തീര്‍ത്ഥാടകരുടെ പടികയറ്റം മുടങ്ങും. ഉദയാസ്തമയ പൂജയ്ക്ക് 18 ഭാഗമുണ്ട്. ഓരോ തവണയും ക്ഷേത്രനട അടച്ച് നിവേദ്യത്തോടെ പൂജനടത്തും. ഇതും തീര്‍ത്ഥാടകരുടെ ദര്‍ശനം നടത്താനുള്ള സമയം കുറയ്ക്കും. മാത്രമല്ല ഭക്തര്‍ക്ക് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിയും വരും. അതിനാലാണ് തീര്‍ത്ഥാടനകാലത്ത് ഈ രണ്ടു പൂജകളും ഒഴിവാക്കിയിരിക്കുന്നത്.