
ശബരിമല ഉത്സവം; മാര്‍ച്ച് 23ന് കൊടിയേറ്റ്
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
ശബരിമലയിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് തുടക്കം കുറിച്ച് മാര്‍ച്ച് 22-ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും. മാര്‍ച്ച് 23-ന് രാവിലെ 11.30-നും 12-നും ഇടയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടക്കുക.
പ്രധാന ചടങ്ങുകളും പള്ളിവേട്ടയും:
മാര്‍ച്ച് 23 മുതല്‍ 31 വരെ ഉച്ചപ്പൂജയ്ക്ക് ശേഷമുള്ള ഉത്സവബലിയും അത്താഴപ്പൂജയ്ക്ക് ശേഷമുള്ള ശ്രീഭൂതബലിയുമാണ് പ്രധാന ചടങ്ങുകള്‍.
മാര്‍ച്ച് 31-നാണ് പള്ളിവേട്ട. അന്ന് രാത്രി 8.30-ന് ശരംകുത്തിയിലേക്ക് വാദ്യമേളങ്ങളില്ലാതെ എഴുന്നള്ളത്ത് പുറപ്പെടും. രാത്രി 9.30-ന് വാദ്യമേളങ്ങളുടെയും ദീപപ്രഭയുടെയും അകമ്പടിയോടെ തിരിച്ചെത്തുന്ന എഴുന്നള്ളത്തിന് ശേഷം പള്ളിക്കുറുപ്പ് നടക്കും.
ആറാട്ടും കൊടിയിറക്കവും (ഏപ്രില്‍ 1):
ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പുറപ്പെടും. 11 മണിക്ക് പമ്പയിലെ പ്രത്യേക കടവിലാണ് ആറാട്ട്.
വൈകുന്നേരം 4 മണിക്ക് തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. നീലിമലയിലെ ഭക്തരുടെ പറയെടുപ്പ് സ്വീകരിച്ച് വൈകീട്ട് 6.30-ന് എഴുന്നള്ളത്ത് സന്നിധാനത്ത് തിരിച്ചെത്തും.
തുടര്‍ന്ന് ദീപാരാധന. രാത്രി 9 മണിക്ക് കൊടിയിറക്കുന്നതോടെ പത്തുദിവസത്തെ ഉത്സവത്തിന് സമാപനമാകും. രാത്രി 10 മണിക്ക് ക്ഷേത്രനട അടയ്ക്കും.
ഭക്തര്‍ ശ്രദ്ധിക്കേണ്ട പ്രത്യേക ക്രമീകരണങ്ങള്‍
ഉത്സവബലിയും മറ്റ് പ്രത്യേക ചടങ്ങുകളും നടക്കുന്നതിനാല്‍ ദര്‍ശനത്തിനും വഴിപാടുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്:
നെയ്യഭിഷേകം രാവിലെ 7 വരെ മാത്രം: കൊടിയേറ്റ് ദിവസം ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 5.30 മുതല്‍ 7 മണി വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുകയുള്ളൂ.
പതിനെട്ടാം പടി കയറുന്നതിന് നിയന്ത്രണം: രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവം വരെ രാവിലെ 9 മണിക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി ചവിട്ടാന്‍ അനുവദിക്കില്ല. പിന്നീട് ഉച്ചയ്ക്ക് 12.30-ന് ആകും ഉത്സവബലി ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കുക.
വെര്‍ച്വല്‍ ക്യൂ നിര്‍ബന്ധം: ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ബന്ധമാണ് (www.sabarimalaonline.org).
ദര്‍ശനാനുമതി: ഉത്സവ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേര്‍ക്കും, ആറാട്ട് ദിവസമായ ഏപ്രില്‍ ഒന്നിന് 10,000 പേര്‍ക്കും മാത്രമായിരിക്കും ദര്‍ശനം അനുവദിക്കുക.

