
ഋഗ്വേദ മഹായാഗം നവംബര്‍ 6 മുതല്‍ 13 വരെ അരൂക്കുറ്റിയില്‍
ആലപ്പുഴ: അരൂക്കുറ്റി ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രസന്നിധിയില്‍ സ്‌കന്ദസേനയുടെ ആഭിമുഖ്യത്തില്‍ ഋഗ്വേദ മഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 6 മുതല്‍ 13 വരെയാണ് ഋഗ്വേദ മഹായാഗം നടക്കുന്നത്.
പത്രസമ്മേളനത്തില്‍ സ്‌കന്ദസേന സെക്രട്ടറി ഡോ. അഖില്‍ തേവര്‍മഠം ഋഗ്വേദ മഹായാഗത്തിന്റെ ലക്ഷ്യങ്ങളും പരിപാടികളും സ്‌കന്ദസേനയുടെ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
വേദസംരക്ഷണം, ഭാരതീയ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സംരക്ഷണം, അതോടൊപ്പം ”മാനവസേവ മാധവസേവ” എന്ന ആശയത്തെ അടിസ്ഥാനമാക്കി സമൂഹസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയാണ് സ്‌കന്ദസേനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഋഗ്വേദ മഹായാഗത്തോടനുബന്ധിച്ച് സ്‌കന്ദ ജീവധാര രക്തദാന പദ്ധതി, സ്‌കന്ദ വിദ്യാവരം വിദ്യാഭ്യാസ സഹായനിധി, ശരവണ ജീവസ്പര്‍ശം ചികിത്സാ സഹായ പദ്ധതി, ഷണ്മുഖ വള്ളി മംഗല്യം സമൂഹവിവാഹ പദ്ധതി, വേദ ആയുര്‍വേദ വിദ്യാപഠന പദ്ധതി തുടങ്ങിയ വിവിധ സാമൂഹിക സേവന പദ്ധതികളും നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ സ്‌കന്ദസേന പ്രസിഡന്റ് സനു സുബ്രഹ്‌മണ്യന്‍, വൈസ് പ്രസിഡന്റ് സുധീഷ് ടി. എസ്., ജോയിന്റ് സെക്രട്ടറി അമര്‍നാഥ് കെ. എസ്., ട്രഷറര്‍ ആദിത്യന്‍ മഹേഷ്, പ്രോഗ്രാം കണ്‍വീനര്‍ അമര്‍നാഥ് പി. എസ്., എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ദര്‍ശന്‍ റാം മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

