ക്ഷേത്ര വാർത്തകൾ
അരൂക്കുറ്റിയില്‍ ഋഗ്വേദ മഹായജ്ഞം; നവംബര്‍ 6 മുതല്‍ 13 വരെ

അരൂക്കുറ്റി: സ്‌കന്ദസേനയുടെ ആഭിമുഖ്യത്തില്‍ അരൂക്കുറ്റി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സന്നിധിയില്‍ നവംബര്‍ 6 മുതല്‍ 13 വരെ ഋഗ്വേദ മഹായജ്ഞം നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും യാഗാചാര്യന്‍ ബ്രഹ്‌മശ്രീ ചെറുമുക്ക് മന വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെയും പഴനി ക്ഷേത്രം മുഖ്യ അര്‍ച്ചകസ്ഥാനികന്‍ ബ്രഹ്‌മശ്രീ അര്‍ദ്ധനാരി ഗുരുക്കളുടെയും കാര്‍മ്മികത്വത്തിലാണ് വിപുലമായ യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തില്‍ എല്ലാ ദിവസവും പുലര്‍ച്ചെ ഗണപതിഹോമത്തോടെയും ഋഗ്വേദ മഹായജ്ഞാരംഭത്തോടെയുമാണ് ചടങ്ങുകള്‍ ആരംഭിക്കുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ഭക്തര്‍ക്കായി പ്രസാദ ഊട്ടും (അന്നദാനം) ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ സായന്തന യാഗസമര്‍പ്പണവും ദീപാരാധനയും ഭഗവതി സേവയും ഉണ്ടായിരിക്കും.

വിവിധ ദിവസങ്ങളിലായി സുദര്‍ശന ഹോമം, ഉഗ്രനരസിംഹ ഹോമം, നവഗ്രഹ ഹോമം, ത്രിശതി ഹോമം, ധന്വന്തരി ഹോമം, ശാസ്തൃ ഹോമം, ലക്ഷ്മി ഹോമം, വിദ്യാരാജഗോപാല ഹോമം, വീരഭദ്ര ഹോമം, സുബ്രഹ്‌മണ്യ ഹോമം, ശ്രീ രുദ്ര ഹോമം എന്നിവ യാഗശാലയില്‍ നടക്കും.

സര്‍പ്പബലി, പുളളുവന്‍ പാട്ട്, വലിയ ഗുരുതി തുടങ്ങിയ വിശേഷാല്‍ ചടങ്ങുകളും യജ്ഞത്തോടനുബന്ധിച്ച് നടക്കും. നവംബര്‍ 9 തിങ്കളാഴ്ച സന്യാസി സംഗമവും നവംബര്‍ 10 ചൊവ്വാഴ്ച തന്ത്രി സംഗമവും നടക്കും.

യാഗദിനങ്ങളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ക്ക് പുറമെ സോപാന സംഗീതം, കൈകൊട്ടിക്കളി, സെമി ക്ലാസിക്കല്‍ ഡാന്‍സ്, തോറ്റംപാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറും.

Related Posts