
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 23-ന്
ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പുനഃപ്രതിഷ്ഠാ വാര്‍ഷികം ജൂണ്‍ 23 ചൊവ്വാഴ്ച (1201 മിഥുനം 9) വിവിധ ചടങ്ങുകളോടെയും പൂജകളോടെയും ആഘോഷിക്കും. ബ്രഹ്‌മശ്രീ. കണ്മംഗലത്തില്ലത്ത് ബ്രഹ്‌മദത്തന്‍ നമ്പൂതിരി, കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ നടക്കുക.
പുലര്‍ച്ചെ 5 മണിക്ക് നടതുറക്കലും നിര്‍മ്മാല്യ ദര്‍ശനവുമുണ്ടാകും. തുടര്‍ന്ന് 5.15-ന് അഭിഷേകവും 5.30-ന് ഗണപതിഹോമവും നടക്കും. 5.45-ന് ലക്ഷാര്‍ച്ചനകുംഭം പൂജയ്ക്ക് ശേഷം ലക്ഷാര്‍ച്ചന സമാരംഭിക്കും. രാവിലെ 8.30-ന് കളഭപൂജയും 11.30-ന് കളഭാഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചപൂജയും 12.30-ന് പ്രസാദമൂട്ടും നടക്കും.
വൈകിട്ട് 4.30-ന് വീണ്ടും നടതുറക്കുന്നതോടെ ലക്ഷാര്‍ച്ചന ചടങ്ങുകള്‍ തുടരും. ത്രിസന്ധ്യയ്ക്ക് ദീപാരാധനയും തുടര്‍ന്ന് രാത്രി 7 മണിക്ക് പൂജിച്ച കുംഭം ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ഭഗവാന് അഭിഷേകവും നടത്തുന്നതാണ്. 7.30 മുതല്‍ ശ്രീകൃഷ്ണസ്വാമിയുടെ വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 8.30-ന് തൃപ്പുകയോടെ നട അടയ്ക്കുന്നതാണ്. എല്ലാ ഭക്തരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഊരാഴ്മ അവകാശി പ്രഭാ അന്തര്‍ജ്ജനം, അഡ്മിനിസ്‌ട്രേറ്റര്‍ ഓമനക്കുട്ടന്‍ പറത്താനം എന്നിവര്‍ അറിയിച്ചു.
ലക്ഷാര്‍ച്ചന വഴിപാടിന് 75 രൂപയാണ് നിരക്ക്. കൂടാതെ, ഈ വര്‍ഷത്തെ കര്‍ക്കിടകവാവ് ആഗസ്റ്റ് 12-ന് ആയിരിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 90376 79495, 94953 51799 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

