
ശാന്തസ്വരൂപിണിയായി ബാലാഭഗവതി കുടികൊള്ളുന്ന റാന്നി തോട്ടമണ്‍കാവ് ക്ഷേത്രം
ശബരിമലയില്‍ നിന്ന് ഉത്ഭവിക്കുന്ന പുണ്യനദിയായ പമ്പയുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ റാന്നിയുടെ മണ്ണിലെ ഒരു പ്രധാന ആരാധനാകേന്ദ്രമാണ് തോട്ടമണ്‍കാവ് ഭഗവതീ ക്ഷേത്രം. ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ചരിത്രവും ഐതിഹ്യവും ആചാരനുഷ്ഠാനങ്ങളും ഇഴചേര്‍ന്നു കിടക്കുന്ന ഈ ക്ഷേത്രം റാന്നിയുടെ ഗ്രാമീണ വിശുദ്ധിക്ക് മാറ്റുകൂട്ടുന്നു.
ഐതിഹ്യവും ചരിത്രവും
ദാരികവധം കഴിഞ്ഞ് കോപമടങ്ങി വാഴുന്ന ശാന്തസ്വരൂപിണിയായ ഭദ്രകാളിയാണ് തോട്ടമണ്‍കാവില്‍ കുടികൊള്ളുന്നത്. പണ്ട് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നമ്പൂതിരിക്ക് ഭഗവതിയുടെ ദര്‍ശനം ലഭിക്കുകയും, തുടര്‍ന്ന് അദ്ദേഹം ഭഗവതീചൈതന്യം ഒരു ശ്രീചക്രത്തില്‍ ആവാഹിച്ച് ഓലക്കുടയുടെ പാളികള്‍ക്കിടയിലാക്കി റാന്നിയിലേക്ക് കൊണ്ടുവരികയും ചെയ്തു എന്നാണ് ഐതിഹ്യം.
തുടര്‍ന്ന്, പാങ്ങാട്ട്, കേറുകാട്ട്, മീമ്പള്ളില്‍, ചെറുതാലേത്ത് എന്നീ നാല് ഊരാഴ്മ കുടുംബങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കാണുന്ന സ്ഥാനത്ത് ക്ഷേത്രം പണിതത്. കാലക്രമേണ ക്ഷേത്രഭരണം നായര്‍-വെള്ളാള വിഭാഗങ്ങള്‍ അടങ്ങുന്ന ദേവസ്വം ഭരണസമിതിയുടെ കീഴിലായി. ശബരിമല തന്ത്രിമാരായ താഴമണ്‍ മഠത്തിനാണ് ക്ഷേത്രത്തിന്റെ തന്ത്രവിദ്യകള്‍ക്കുള്ള അവകാശം. ബ്രഹ്‌മശ്രീ കണ്ഠര് രാജീവര് ആണ് ഇപ്പോഴത്തെ ക്ഷേത്രം തന്ത്രി.

പ്രതിഷ്ഠയും ഉപദേവതകളും
ശ്രീ ഭദ്രകാളിയുടെ സങ്കല്‍പ്പത്തിലുള്ള നിത്യപൂജകളാണ് ഇവിടെ നടക്കുന്നത്. പ്രധാന പ്രതിഷ്ഠയെക്കൂടാതെ ഗണപതി, ശിവന്‍, മലര്‍മൂര്‍ത്തി, രക്ഷസ്സ്, യക്ഷി, രക്തേശ്വരി, കരിങ്കാളി, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവതകള്‍ക്കും ഇവിടെ പ്രത്യേക സ്ഥാനവും പൂജകളുമുണ്ട്. കൂടാതെ നവഗ്രഹ പ്രതിഷ്ഠയുമുണ്ട്.
നിത്യപൂജകളും വിശേഷ വഴിപാടുകളും
പുലര്‍ച്ചെ പള്ളിയുണര്‍ത്തലോടെ ആരംഭിക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ നിര്‍മ്മാല്യം, അഭിഷേകം, മലര്‍നിവേദ്യം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയോടെയാണ് പൂര്‍ത്തിയാകുന്നത്. ഹൈന്ദവ വിശ്വാസത്തില്‍ ഈശ്വരപ്രീതിക്കും ഐശ്വര്യലബ്ധിക്കുമായി നടത്തുന്ന ‘ഭഗവതിസേവ’ ഇവിടുത്തെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. ദീപാരാധനയ്ക്ക് ശേഷം ലളിതാസഹസ്രനാമം ജപിച്ച്, പ്രകൃതിദത്തമായ പൊടികള്‍ കൊണ്ട് കോലമെഴുതിയാണ് ഭഗവതിസേവ നടത്തുന്നത്. കൂടാതെ, ഭക്തര്‍ക്ക് ഏറെ പുണ്യകരമായ അന്നദാനത്തിനും ക്ഷേത്രത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

പ്രധാന ഉത്സവങ്ങളും ആഘോഷങ്ങളും
വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നിരവധി വിശേഷ ദിവസങ്ങള്‍ തോട്ടമണ്‍കാവ് ക്ഷേത്രത്തിലുണ്ട്.
ധനുമാസത്തിലെ ഭരണി: ഭഗവതിയുടെ തിരുനാളായ ധനുമാസത്തിലെ ഭരണി നാള്‍ വളരെ ഗംഭീരമായി ഇവിടെ ആഘോഷിക്കുന്നു. അന്ന് ആപ്പിണ്ടി വിളക്കും താലപ്പൊലിയും നടക്കാറുണ്ട്.
കളമെഴുത്തും പാട്ടും: മണ്ഡലകാലത്തും ഉച്ചപ്പാട്ടോടുകൂടി ആരംഭിക്കുന്ന കളമെഴുത്തും പാട്ടും ഇവിടുത്തെ ഒരു പ്രത്യേകതയാണ്. കരിപ്പൊടി, മഞ്ഞള്‍പ്പൊടി, വാകപ്പൊടി, ഉമിക്കരി തുടങ്ങിയ പഞ്ചവര്‍ണ്ണപ്പൊടികള്‍ ഉപയോഗിച്ച് ഭദ്രകാളിയുടെ രൂപം വരച്ചുള്ള ഈ അനുഷ്ഠാനം പ്രകൃതിയോടുള്ള മനുഷ്യന്റെ ഇഴയടുപ്പം വ്യക്തമാക്കുന്നു.
മകരത്തിലെ രേവതി മഹോത്സവം: ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ രേവതി നാളില്‍ ഗംഭീരമായ ഉത്സവവും പറയെടുപ്പും നടക്കുന്നു.
കുംഭത്തിലെ ശിവരാത്രി: ക്ഷേത്രത്തില്‍ നിന്ന് അകലെയുള്ള ആനപ്പാറമലയിലെ കോട്ടയിലേക്ക് എഴുന്നള്ളത്തും അവിടെ പ്രത്യേക പൂജകളും ശിവരാത്രി നാളിലെ സവിശേഷതയാണ്.
ഇതിനുപുറമെ, വിനായക ചതുര്‍ത്ഥി, നവരാത്രി (വിദ്യാരംഭം), തുലാമാസത്തിലെ ആയില്യപൂജ, വിഷു, കര്‍ക്കിടകത്തിലെ രാമായണ മാസാചരണം എന്നിവയും ഇവിടെ ഭക്തിപൂര്‍വ്വം ആചരിക്കുന്നു.
ക്ഷേത്രത്തില്‍ 2026 ഒക്ടോബര്‍ 9 മുതല്‍ 18 വരെ അംബായാഗം നടക്കും. ശ്രീചക്രപൂജ, ചണ്ഡികഹോമം തുടങ്ങി നിരവധി പൂജകളും പ്രഭാഷണങ്ങളും ഈ ദിവസങ്ങളില്‍ നടക്കും.
ക്ഷേത്രത്തിലെ ഫോണ്‍: 94958 08514.

