
റാന്നി തോട്ടമണ്‍കാവ് ക്ഷേത്രത്തില്‍ അംബായാഗം; സ്വാഗതസംഘം ഓഫീസ് തുറന്നു
റാന്നി: തോട്ടമണ്‍കാവ് ഭഗവതിക്ഷേത്രത്തിലെ അംബായാഗം സ്വാഗതസംഘം ഓഫീസ് ദേവീധ്യാന ശ്ലോകം ചൊല്ലി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
‘സിന്ദൂരാരുണ വിഗ്രഹാം…’ എന്ന ധ്യാനശ്ലോകം ചൊല്ലിയാണ് ക്ഷേത്രത്തില്‍ ആരംഭിച്ച സ്വാഗതസംഘം ഓഫീസില്‍ ഭദ്രദീപം തെളിച്ചത്.

ക്ഷേത്ര ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡോ. യോഗിരാജ് മുഖ്യാതിഥിയായിരുന്നു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാര്‍, ഖജാന്‍ജി സി.എന്‍. പ്രസാദ്, മേല്‍ശാന്തി അജിത്ത് കുമാര്‍ പോറ്റി, പി.എസ്. ആനന്ദമ്മ, ആചാര്യ വിജയലക്ഷ്മി, കെ.ജി. രാജീവ്, സന്തോഷ് പാങ്ങാട്ട്, രാജേഷ് ചന്ദ്രാലയം, ബിനോജ് മോന്‍, സുനില്‍ കുമാര്‍, ബിനു എസ്.നായര്‍, വിജയകുമാര്‍ മാളിയേക്കല്‍, ഉഷാ വിജയന്‍, വത്സലാ വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഒക്ടോബര്‍ ഒന്‍പത് മുതല്‍ 18 വരെയാണ് ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹ സത്രം- അംബായാഗം 2026 നടക്കുന്നത്. സമ്പൂര്‍ണ്ണ നാരായണീയ പാരായണം, നവാക്ഷരീ ഹോമം, സര്‍പ്പബലി, ചാമുണ്ഡിഹോമം, ശ്രീചക്രപൂജ തുടങ്ങിയ വിശേഷാല്‍ പൂജകള്‍, 25-ലധികം സന്ന്യാസി ശ്രേഷ്ഠന്മാരുടെയും ആധ്യാത്മിക നേതാക്കളുടെയും പ്രഭാഷണം, നന്ദഗോവിന്ദം ഭജന്‍സ്, വാരാഹി ഭജന്‍സ്, മുത്തപ്പന്‍ വെള്ളാട്ട്, മുടിയേറ്റ്, തോറ്റംപാട്ട്, കുത്തിയോട്ടപ്പാട്ടും ചുവടും എന്നിവയൊക്കെ സത്രഭാഗമായി നടക്കും.

സത്രത്തിന് നാഗേരി വിഷ്ണു ആനന്ദ്, റാന്നി ഹരിശങ്കര്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രമുഖ ക്ഷേത്രങ്ങളുടെ തന്ത്രിമാരും പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പറഞ്ഞു.


