
റാന്നി അംബായാഗം; തോട്ടമണ്‍കാവിലേക്ക് ഭക്തിസാന്ദ്രമായി മൂന്ന് രഥയാത്രകള്‍ പര്യടനം ആരംഭിച്ചു
റാന്നി: റാന്നി തോട്ടമണ്‍കാവ് ഭഗവതീക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്ന അംബായാഗം 2026-ന് മുന്നോടിയായി വിവിധ പുണ്യസങ്കേതങ്ങളില് നിന്നുള്ള വിശേഷാല്‍ പ്രയാണ രഥങ്ങള്‍ പര്യടനം ആരംഭിച്ചു. മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍ നിന്നുള്ള രഥയാത്ര രാവിലെ 9 മണിക്ക് ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ യാത്ര ആരംഭിച്ചു.
ചരിത്രപ്രസിദ്ധമായ പരുമല പനയനാര്‍കാവ് ദേവീക്ഷേത്രത്തില്‍ നിന്നുള്ള രഥയാത്രയും, തിരുവല്ല മുത്തൂര്‍ ശ്രീ മുത്തൂരാന് കാവ് പ്രദേശത്ത് നിന്നുള്ള രഥയാത്രയും അതത് കേന്ദ്രങ്ങളില്‍ നിന്നും പ്രയാണം തുടങ്ങി.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന ഈ മൂന്ന് മഹാ രഥങ്ങളും വൈകുന്നേരം 5 മണിക്ക് റാന്നി ഇട്ടിയപ്പാറ ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് ഇട്ടിയപ്പാറയില്‍ നിന്നും കൈകളില്‍ ദീപമേന്തി, കേരളീയ പരമ്പരാഗത വേഷവിധാനങ്ങളായ സെറ്റും സാരിയും അണിഞ്ഞ ആയിരക്കണക്കിന് അമ്മമാരും ഭക്തജനങ്ങളും അണിനിരക്കുന്ന മഹാ സംയുക്ത രഥയാത്രയും ശോഭായാത്രയും തോട്ടമണ്‍കാവ് ഭഗവതീക്ഷേത്ര സന്നിധിയിലേക്ക് ആനയിക്കപ്പെടും.
വൈകുന്നേരം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരുന്ന രഥങ്ങളെ ദീപക്കാഴ്ചകളോടെയും നാമസങ്കീര്ത്തനങ്ങളോടെയും എതിരേല്ക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധന, പുഷ്പാഞ്ജലി, മഹാപ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കും.


