ക്ഷേത്ര വാർത്തകൾ
റാന്നി അംബായാഗത്തിന് പ്രൗഢഗംഭീര തുടക്കം

റാന്നി: തോട്ടമണ്‍കാവ് ദേവീ ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന അംബായാഗ സത്രത്തിന് പ്രൗഢമായ തുടക്കം. ഭക്തിയും ത്യാഗവും സമര്‍പ്പണവും ജീവിതത്തിന്റെ ഭാഗമാക്കി സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും അംബായാഗം നാടിന്റെ സര്‍വതോമുഖമായ ഐശ്വര്യത്തിനും ആത്മീയ ഉണര്‍വിനും വഴിയൊരുക്കട്ടെയെന്നും ചടങ്ങില്‍ സംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു. വിശ്വാസികള്‍ക്കു മാത്രമല്ല, നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും സകല ജീവജാലങ്ങള്‍ക്കും സൗഖ്യവും സന്തോഷവും ഐശ്വര്യവും പകരുന്ന മഹത്തായ ആത്മീയ സംഗമമായി അംബായാഗം മാറട്ടെയെന്നും അവര്‍ പ്രാര്‍ത്ഥിച്ചു.

റാന്നി തോട്ടമണ്‍കാവ് ദേവീക്ഷേത്രത്തില്‍ നടക്കുന്ന അംബായാഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സത്രസമാരംഭ ചടങ്ങ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ. രാമചന്ദ്രന്‍ അഡിഗ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അംബായാഗം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി പി. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു.

ദീപജ്യോതി അജ്ഞാനത്തിന്റെ ഇരുട്ടകറ്റി അറിവിന്റെയും ആത്മീയ ചൈതന്യത്തിന്റെയും പ്രകാശം ജീവിതത്തില്‍ നിറയ്ക്കുന്നതാകണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. രാമചന്ദ്രന്‍ അഡിഗ ആഹ്വാനം ചെയ്തു. ദേവിയുടെ അനുഗ്രഹം എല്ലാവര്‍ക്കും ലഭിക്കട്ടെയെന്നും ഇത്തരം ആത്മീയ സംഗമങ്ങള്‍ മനുഷ്യജീവിതത്തില്‍ പുതിയ ഉണര്‍വും ഉയര്‍ച്ചയും പകരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ആത്മീയ ചടങ്ങുകള്‍ കേവലം ആചാരങ്ങളില്‍ ഒതുങ്ങാതെ ഭക്തിസാന്ദ്രമായ അനുഭവങ്ങളായി മാറണമെന്നും ശിവഗിരി മഠത്തിലെ ചക്കുപള്ളം മഠാധിപതി സ്വാമികള്‍ അഭിപ്രായപ്പെട്ടു. സാഹചര്യങ്ങള്‍ക്കനുസരിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും സമൂഹത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കാനുമുള്ള മനസ്സ് വളര്‍ത്തണം. നല്ലത് കേള്‍ക്കാനും കാണാനും ശരീരവും മനസ്സും ബുദ്ധിയും ഉണര്‍ന്നിരിക്കാനും കഴിയണം. ഏറ്റെടുത്ത കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ സമര്‍പ്പണബോധത്തോടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അംബായാഗം നാടിന്റെ സമഗ്രമായ ഐശ്വര്യത്തിന് കാരണമായി മാറട്ടെയെന്ന് അഡ്വ. പഴകുളം മധു എം.എല്‍.എ. ആശംസിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുന്ന ഈ മഹത്തായ ആത്മീയ സംഗമത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

യാഗം വിജയകരമായി പൂര്‍ത്തിയാകുന്നതിനൊപ്പം ജനങ്ങളുടെ ദുഃഖങ്ങള്‍ക്ക് ആശ്വാസവും ആഗ്രഹങ്ങള്‍ക്ക് സാഫല്യവും ലഭിക്കട്ടെയെന്നും തോട്ടമണ്‍കാവിലമ്മയുടെ അനുഗ്രഹവും കാരുണ്യവും എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.

ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് ശിവഗിരി മഠത്തിലെ ചക്കുപള്ളം മഠാധിപതി സ്വാമികള്‍, എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ സെക്രട്ടറി മഹേഷ് കെ.എസ്., അഡ്വ. പഴകുളം മധു എം.എല്‍.എ., റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരന്‍, ആചാര്യ വിജയലക്ഷ്മിയമ്മ എന്നിവര്‍ സംസാരിച്ചു. ദേവസ്വം ട്രഷറര്‍ സി.എം. പ്രസാദ് കൃതജ്ഞതാ രേഖപെടുടുത്തി .

അംബായാഗത്തിന്റെ ഭാഗമായി നടക്കുന്ന ആത്മീയ ചടങ്ങുകള്‍ക്കും ഭക്തജന പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കുന്ന സത്രസമാരംഭം, നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ക്ഷേമത്തിനും വഴിയൊരുക്കുന്ന ആത്മീയ സംഗമമായി മാറുമെന്ന പ്രതീക്ഷയും ചടങ്ങില്‍ പങ്കെടുത്തവര്‍ പങ്കുവച്ചു. ചടങ്ങുകള്‍ സ്വസ്തി മീഡിയ, സ്വസ്തി മലയാളം ചാനലുകളില്‍ തല്‍സമയം കാണാവുന്നതാണ്.

 

Related Posts