
രാമായണ വിചാരം 1: രാമായണ മഹത്വം | ഇ പി ഗോപീകൃഷ്ണൻ
ഹരിശ്രീ ഗണപതായേ നമ:
അവിഘ്‌നമസ്തു
ഞാനത്ഭുതപ്പെടുകയാണ്. തുഞ്ചത്താചാര്യന്‍ പോലും വേദശാസ്ത്രങ്ങള്‍ക്കധികാരിയല്ലെന്നും, ഏവം ചൊല്‍വാന്‍ നാണമാകുന്നുവെന്നു പറഞ്ഞു മടിച്ചു നില്‍ക്കുമ്പോള്‍ രാമായണമഹത്വത്തെക്കുറിച്ചു ചിന്തിക്കുവാനും തോന്നിയതു പറയുവാനും, അജ്ഞാനിനാമാദ്യനായുള്ളൊരുവന്‍ മുതിരുന്നു. മനസ്സു മന്ത്രിക്കുന്നുണ്ട്: ‘അവിവേകി നീ ബത’, എങ്കിലും ഞാനൊന്നപേക്ഷിക്കുന്നു. ശൃണുതസുധാ മധുരം വിബുധാ, വിബുധാലയ ….
ഒരു വ്യക്തി സ്വന്തം ദുഖങ്ങളില്‍ നിന്നും മോചനം നേടിയേക്കാം. എന്നാല്‍ പ്രപഞ്ചം ഒരിക്കലും കൈവല്യം കൈവരിക്കില്ലെന്നാണു ഭാരതീയ ദര്‍ശനങ്ങളുടെ പൊതുസങ്കല്പം. സൃഷ്ടിയും, പ്രളയവും അവയ്ക്കിടയില്‍ യുഗപരിണാമങ്ങളുമായി പ്രപഞ്ചനാടകം അവിരാമം തുടരുമെന്നു ഭാരതീയ ചിന്താധാരകളില്‍ നിന്നും വിഭിന്നമാണു വൈദേശികമതങ്ങള്‍. ലോകാവസാനമെന്നൊന്നുണ്ടെന്ന് അവയെല്ലാം വിശ്വസിക്കുന്നു. മഹര്‍ഷി അരവിന്ദനും വ്യത്യസ്തമായാണു ചിന്തിക്കുന്നത്. പരിണാമത്തിന്റെ അനിവാര്യമായ പുരോഗതി നിത്യസ്വര്‍ഗ്ഗത്തിന്റെ തലത്തിലേയ്ക്ക് പ്രപഞ്ചത്തെ ഒരിക്കല്‍ എടുത്തുയര്‍ത്താതിരിക്കില്ലെന്നും, അങ്ങിനെ കൈവല്ല്യ പ്രാപ്തി നേടുമെന്നുമദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അരവിന്ദ ദര്‍ശ്ശനം ഭാരതീയ തത്വസംഹിതകളോടു കലഹിക്കുതവിടെ മാത്രമാണ്.
ഞാനിതു വിവരിച്ചത്, സൃഷ്ടിയും, പ്രളയവും അവയ്ക്കിടയില്‍ യുഗപരിണാമങ്ങളുമാവര്‍ത്തിയ്ക്കുമ്പോള്‍, ഈ യുഗപരിണാമങ്ങള്‍ക്കിടയില്‍ അവതാരങ്ങളുമാവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നു സൂചിപ്പിക്കുവാനണ്. ഹരിയുടെ അവതാരങ്ങളാണാവര്‍ത്തിയ്ക്കുന്നത് പ്രപഞ്ചത്തേ സംരക്ഷിക്കുന്നവനാണു ഹരി. അതുമൂലമാണ് ഹരിക്കവതരിക്കേണ്ടി വരുന്നത്. സര്‍വ്വവും തന്നുള്ളിലാക്കുന്നവന്‍ എന്ന് ഹരി ശബ്ദത്തിനര്‍ത്ഥമുണ്ട്. പ്രപഞ്ചനാശത്തില്‍ വിഷ്ണു ഭൂത തന്മാത്രകളെ – അതിസൂക്ഷ്മ പരമാണുക്കളേ തന്നുള്ളിലാക്കി കാരണ ജലത്തില്‍ വടപത്രശായിയായി വര്‍ത്തിക്കുമെന്നാണു മഹാഭാഗവതാദി പുരാണങ്ങളില്‍ വിവരിക്കുന്നത്. ‘സംഹൃത്യലോകാന്‍ വടപത്രമദ്ധ്യേ ശയാനമാദ്യന്ത വിഹീനരൂപം’ എന്നു സ്മരണ. നിര്‍വ്വികല്പ സ്വരൂപമായി വര്‍ത്തിക്കുന്ന ഹരിയിലെ സൂക്ഷ്മം ശരീരത്തില്‍ നിന്നും പിന്നീടു സ്ഥൂലസ്വരൂപമുണ്ടാകുന്നു. ഇതാവര്‍ത്തിക്കുന്നതിനിടയില്‍ യുഗങ്ങള്‍ വരും, കൊഴിയും. യുഗങ്ങള്‍ക്കിടയില്‍ അവതാരങ്ങളും വേണ്ടി വരും. അവതാരങ്ങള്‍ വെറുതെ സംഭവിക്കുന്നതല്ല. കാര്യമുണ്ടെങ്കില്‍ അതിനു കാരണവുമുണ്ട്.
ഈ പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ലോകത്ത് അസ്വസ്ഥതകളുടലെടുക്കുമ്പോള്‍, ആ ലോകത്തിന്റെ അധിഷ്ഠാന ദേവതയ്ക്ക്; പ്രപഞ്ചത്തിന്റെ മുഴുവനും സര്‍വ്വാധികാരിയായ ബ്രഹ്മദേവനെ നേരില്‍ കാണുവാനും സങ്കടമറിയിക്കുവാനും വ്യവസ്ഥയുണ്ട്. അപ്പോഴാണ് ബ്രഹ്മാവിനും വിഷ്ണു ഭഗവാനേ (ഹരിയേ) സമീപിക്കുവാന്‍ കഴിയുന്നത്. പ്രപഞ്ചത്തിലെ പല ലോകങ്ങളില്‍ പലതരം കടലുകളുണ്ടെന്നു പറയപ്പെടുന്നു. ഭൂമിയില്‍ ഉപ്പുകടലുണ്ട്. മറ്റൊരു ലോകത്തു മദ്യസാഗരമുണ്ടെന്നു പറയുന്നു. അപ്രകാരം ശ്വേതദീപമെ ലോകത്തില്‍ പാല്‍ക്കടലാണുള്ളത്. ഈ പാല്‍ കടല്‍ തീരത്തു നിന്നാണ് ബ്രഹ്മദേവന്‍ ഹരിയെ സ്തുതിക്കുന്നത്. ഒറ്റയ്ക്കല്ല. മുഴുവന്‍ ദേവന്മാരോടും ശ്രീ പരമേശ്വരനോടും, അസ്വസ്ഥമായ ലോകത്തിന്റെ അധിഷ്ടാന ദേവതയോടും (ഇവിടെ ഭൂമി ദേവി) ചേര്‍ന്നു പുരുഷസൂക്തം ചൊല്ലി ദേവനേ വഴി പോലെ സേവിച്ചിരുന്നിടുമ്പോള്‍, ഒരു പതിനായിരമാദിത്യന്മാരൊന്നിച്ചുദിച്ചുയരുന്നതുപോലെ പത്മലോചനനായ പത്മനാഭന്റെ ദുര്‍ദശമായ ഭഗവത്‌രൂപം പത്മസംഭവന്റെ ഹൃദയപത്മത്തില്‍ തെളിഞ്ഞു വരുന്നു. ജ്ഞാനം ആദ്യം പകര്‍ന്നു കിട്ടുന്നതു ബ്രഹ്മഹൃദയത്തിലേക്കാണ്. അതിനാലാണ് ‘തേനേ ബ്രഹ്മഹൃദാ’യെന്നു ശ്രീമദ് ഭാഗവതത്തില്‍ വിവരിക്കുന്നത്. പരമാത്മസ്വരൂപത്തില്‍ നിന്നും ലഭിച്ച അറിവ് ബ്രഹ്മദേവന്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുക്കുന്നു. ശ്രീ ഹരിയുടെ അവതാരം സംഭവിക്കാന്‍ പോകുന്നുവെന്ന വിവരവും അതിനായി നടത്തേണ്ട ദിനാചരണങ്ങളേക്കുറിച്ചും ദേവന്മാരെ ബോധവാന്മാരാക്കി, ഭൂമിദേവിയുള്‍പ്പടെയുള്ളവരേ മധുരകോമള പദങ്ങളാല്‍ സാന്ത്വനിപ്പിച്ച്, ബ്രഹ്മദേവന്‍ സ്വധാമത്തിലേയ്ക്ക് – ബ്രഹ്മലോകത്തിലേയ്ക്ക് മടങ്ങുന്നതോടെ അവതാരത്തിന്റെ പ്രാരംഭ ചടങ്ങുകള്‍ക്കു തിരിശ്ശീലയായി.
ഈ നിലയില്‍ രാമായണം വിരിഞ്ച വിരചിതം തന്നെയാണ്. ഇതു രാമായണത്തിന്റെ മഹത്വമാണ്. അവതാരവും, സീതാഹരണവും, വിച്ഛിന്നാഭിഷേകവും, തപോവനാനുഗമനവും, വൈദേഹിഹരണവും, സുഗ്രീവസംഭാഷണവും, സമുദ്രതരണവും, ലങ്കാപുരീദാഹനവുമെല്ലാം ഉദേശപൂര്‍ണ്ണിമയിലേയ്ക്കുള്ള പ്രയാണമാണ്. രാവണ, കുംഭകര്‍ണ്ണ നിഗ്രഹത്തോടെ അതു പൂര്‍ണ്ണതയിലേക്കെത്തുമ്പോള്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചു മനസ്സിനെ വരുതിയിലാക്കി ജീവാത്മാവിനെ വീണ്ടെടുക്കുന്നുവെങ്കിലും അവതാര സാഫല്യത്തിനു ശേഷം പരമാത്മ സ്വരൂപത്തിനു ജീവാത്മാവില്‍ നിന്നും മടങ്ങിയേ പറ്റൂ എന്ന സൂചനയും നല്‍കുന്നുണ്ട്. മര്‍ത്ത്യജന്മികള്‍ക്കു മുക്തി സാധനമായി, അദ്ധ്യാത്മപ്രദീപകമായ രാമായണം ഭക്തിമാര്‍ഗ്ഗത്തില്‍ അദ്ധ്യാത്മരാമായണമായി ഉപദേശിക്കുമ്പോള്‍ അതു മുത്യുശാസനപ്രോക്തമാണ് എന്നതു വലിയ മഹത്വം.
ആപദാമപഹര്‍ത്താരം
ദാതാരം സര്‍വ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം
ഭൂയോ ഭൂയോ നമാമ്യഹം.
ഇ പി ഗോപീകൃഷ്ണൻ
റിട്ട. അസിസ്റ്റൻ്റ് – ദേവസ്വം കമ്മീഷണർ
തിരുവിതാംകൂർ ദേവസ്വം ബോർഡ്
ഫോൺ: 9446122815