
അപൂര്‍വ്വമായ ശ്രീ പുരുഷോത്തമ ഏകാദശി: ഇന്ന് മുതല്‍ ചെയ്യേണ്ട കാര്യങ്ങളും സമയക്രമവും അറിയാം
എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.
ഹൈന്ദവ വിശ്വാസപ്രകാരം വ്രതങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായതാണ് ഏകാദശി വ്രതം. സാധാരണയായി എല്ലാ മാസത്തിലും രണ്ട് ഏകാദശികള്‍ വീതം വരാറുണ്ടെങ്കിലും, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കടന്നുവരുന്ന അത്യന്തം പുണ്യദായകമായ ഒരു ഏകാദശിയുണ്ട്; അതാണ് പുരുഷോത്തമ ഏകാദശി അഥവാ കമല ഏകാദശി. മെയ് 27-ാം തീയതി, അതായത് ഇടവമാസം പതിമൂന്നാം തീയതി ബുധനാഴ്ചയാണ് ഈ അപൂര്‍വ്വ ഏകാദശി വന്നെത്തുന്നത്.
സൂര്യന്റെ രാശിമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള സൗര കലണ്ടറില്‍ 365 ദിവസങ്ങളുള്ളപ്പോള്‍, ചന്ദ്രന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്ര കലണ്ടറില്‍ 354 ദിവസങ്ങള്‍ മാത്രമാണുള്ളത്. ഈ പതിനൊന്ന് ദിവസത്തെ വ്യത്യാസം പരിഹരിക്കുന്നതിനായി മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനെയാണ് അധികമാസം അഥവാ പുരുഷോത്തമ മാസം എന്ന് വിളിക്കുന്നത്. ഉത്തരേന്ത്യയില്‍ വൈഷ്ണവര്‍ ഈ മാസത്തെ നമ്മുടെ കര്‍ക്കടകമാസം പോലെ വ്രതാനുഷ്ഠാനങ്ങള്‍ക്കും നാമജപങ്ങള്‍ക്കുമായി മാത്രമായി മാറ്റിവെക്കാറുണ്ട്. ഈ പുരുഷോത്തമ മാസത്തില്‍ വരുന്ന ശുക്ലപക്ഷ ഏകാദശിയെയാണ് പത്മിനി ഏകാദശി അഥവാ പുരുഷോത്തമ ഏകാദശി എന്ന് പറയുന്നത്.
വ്രതമനുഷ്ഠിക്കുന്ന ഭക്തര്‍ പ്രധാനപ്പെട്ട ചില സമയക്രമങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. 2026 മെയ് ഇരുപത്താറാം തീയതി പുലര്‍ച്ചെ അഞ്ചു മണി പത്ത് മിനിറ്റിന് ആരംഭിക്കുന്ന ഏകാദശി തിഥി, മെയ് ഇരുപത്തേഴാം തീയതി രാവിലെ ആറു മണി ഇരുപത്തിയൊന്ന് മിനിറ്റ് വരെയാണ് നീണ്ടുനില്‍ക്കുന്നത്. ഈ ഏകാദശിയുടെ ഏറ്റവും വിശേഷപ്പെട്ട ഹരിവാസര സമയം മെയ് ഇരുപത്തേഴാം തീയതി പുലര്‍ച്ചെ രണ്ടു മണി മുപ്പത്തിയാറ് മിനിറ്റിന് ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടു മണി നാല്‍പ്പത്തിയാറ് മിനിറ്റിന് അവസാനിക്കുന്നു. വ്രതമെടുക്കുന്നവര്‍ വ്യാഴാഴ്ച കൃത്യസമയത്ത് തന്നെ പാരണ വിടേണ്ടതുണ്ട്. മെയ് ഇരുപത്തെട്ടാം തീയതി രാവിലെ ആറു മണി രണ്ടു മിനിറ്റിനും ഏഴു മണി അന്‍പത്തിയാറ് മിനിറ്റിനും ഇടയിലുള്ള സമയത്താണ് പാരണ വിടേണ്ടത്. തുളസി തീര്‍ത്ഥത്തില്‍ അല്പം മലരോ, അവലോ, ഉണക്കലരിയോ ചേര്‍ത്ത് ഈശ്വരസ്മരണയോടെ സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.
മറ്റ് ഏകാദശികളേക്കാള്‍ ആയിരം മടങ്ങ് ഫലം നല്‍കുന്നതാണ് പുരുഷോത്തമ ഏകാദശി. മഹാഭാരതത്തില്‍ യുധിഷ്ഠിര മഹാരാജാവിന്റെ ചോദ്യത്തിന് മറുപടിയായി ശ്രീകൃഷ്ണ പരമാത്മാവ് ഈ വ്രതത്തിന്റെ മഹാത്മ്യം വിവരിച്ചു കൊടുക്കുന്നുണ്ട്. ഈ വ്രതം സ്വന്തം ഭവനത്തില്‍ വെച്ച് അനുഷ്ഠിച്ചാല്‍ സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടി ഫലവും, നദീതീരത്ത് വെച്ചായാല്‍ രണ്ടിരട്ടി പുണ്യഫലവും ലഭിക്കുമെന്നാണ് വിശ്വാസം. ഗോശാലയില്‍ വെച്ചാണെങ്കില്‍ ആയിരം ഇരട്ടി ഫലവും, തീര്‍ത്ഥസ്ഥാനങ്ങളിലോ ശിവക്ഷേത്രത്തിലോ വെച്ചാണെങ്കില്‍ പതിനൊന്നിരട്ടി പുണ്യവും ലഭിക്കുന്നു. കൂടാതെ, തുളസിത്തറയ്ക്ക് സമീപമിരുന്ന് ഭജിച്ചാല്‍ ലക്ഷം ഇരട്ടി ഫലവും, സാക്ഷാല്‍ വിഷ്ണു ക്ഷേത്രത്തില്‍ വെച്ചാണെങ്കില്‍ കണക്കാക്കാനാവാത്തത്ര അനന്തമായ പുണ്യഫലവും ഭക്തര്‍ക്ക് ലഭിക്കുമെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പത്മപുരാണത്തില്‍ ഈ ഏകാദശിയുമായി ബന്ധപ്പെട്ട് വളരെ ശ്രദ്ധേയമായ ഒരു കഥയുണ്ട്. അവന്തി രാജ്യത്ത് ശിവശര്‍മ്മാവ് എന്നൊരു ബ്രാഹ്‌മണനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് മക്കളില്‍ ഇളയവനായ ജയശര്‍മ്മാവ് ദുര്‍വൃത്തനായതിനാല്‍ കുടുംബാംഗങ്ങള്‍ അവനെ വീട്ടില്‍ നിന്ന് പുറത്താക്കി. അനാഥനായി അലഞ്ഞ അവന്‍ പശ്ചാത്താപ വിവശനായി ഒരു ത്രിവേണി സംഗമത്തില്‍ എത്തിച്ചേര്‍ന്നു. വിശപ്പും ദാഹവും സഹിക്കാനാവാതെ അവന്‍ ആ പുണ്യതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുകയും തീര്‍ത്ഥം പാനം ചെയ്യുകയും ചെയ്തു. ആ പുണ്യത്താല്‍ അവന്‍ നേരെ ചെന്നെത്തിയത് ഹരിമിത്ര മഹര്‍ഷിയുടെ ആശ്രമത്തിലാണ്.
അന്ന് പുരുഷോത്തമ ഏകാദശി ദിനമായിരുന്നതിനാല്‍ സജ്ജനങ്ങളുടെ പ്രഭാഷണങ്ങള്‍ കേട്ടും, അറിയാതെയാണെങ്കിലും വ്രതമെടുത്തും അവന്‍ അവിടെ കഴിഞ്ഞുകൂടി. അര്‍ദ്ധരാത്രിയോടെ ലക്ഷ്മീദേവി അഥവാ കമലാദേവി അവന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും, ത്രിവേണി സംഗമത്തിലെ സ്‌നാനവും, സജ്ജന സംസര്‍ഗ്ഗവും, കമല ഏകാദശി വ്രതാനുഷ്ഠാനവും അവനെ സകല പാപങ്ങളില്‍ നിന്നും മുക്തനാക്കിയെന്ന് അരുളിച്ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സകല ഐശ്വര്യങ്ങളും വരമായി നല്‍കിയതോടെ പാപമുക്തനായ ജയശര്‍മ്മാവിനെ പിതാവ് സന്തോഷത്തോടെ തിരികെ വീട്ടിലേക്ക് സ്വീകരിച്ചു. കൂടാതെ, പുരാണങ്ങളില്‍ രാവണനെപ്പോലും തടവിലാക്കിയ കാര്‍ത്തവീര്യാര്‍ജ്ജുനന്‍ ജനിച്ചത് അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഉപകൃതവര്യനും പ്രമതയും ഈ ഏകാദശി വ്രതം അനുഷ്ഠിച്ചതിന്റെ ഫലമായിട്ടാണെന്നും പറയപ്പെടുന്നു.
പൂര്‍ണ്ണമായ ശ്രദ്ധയോടും ഭക്തിയോടും കൂടി വ്രതമനുഷ്ഠിച്ചാല്‍ ഏത് ആഗ്രഹവും സാധിച്ച് തരുന്നതാണ് പുരുഷോത്തമ ഏകാദശി. ആരോഗ്യവും സാഹചര്യവും അനുവദിക്കുന്ന രീതിയില്‍ വ്രതമെടുത്ത്, സജ്ജനങ്ങളുമായി സത്സംഗത്തില്‍ ഏര്‍പ്പെട്ട് ഏവര്‍ക്കും ഈ ദിവസത്തെ ധന്യമാക്കാം. സര്‍വ്വ പാപങ്ങളും നശിപ്പിച്ച് ഭഗവാന്‍ സകലര്‍ക്കും മോക്ഷവും ഐശ്വര്യവും നല്‍കി അനുഗ്രഹിക്കട്ടെ. ഓം നമോ നാരായണായ!
വീഡിയോ കാണാന്‍:

