
തിരുവില്വാമല പുനര്‍ജ്ജനി നൂഴല്‍ അറിയേണ്ട കാര്യങ്ങള്‍; ഇത്തവണ 23ന്;
തൊഴൂർ നാരായണൻ കുട്ടി
തിരുവില്വാമല പുനർജ്ജനി നൂഴൽ 2023 നവംബർ 23 വ്യാഴാഴ്ച.. പുനർജ്ജനി ഗുഹയെപ്പറ്റി ചില അറിവുകൾ പങ്ക് വെക്കാം : തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടു വില്വമലയിലൂടെ ഉദ്ദേശം രണ്ട് കിലോമീറ്റർ പോയാൽ തെക്കുമാറിയാണ് പുനർജ്ജനി ഗുഹ..
ഏകദേശം 150 -200 മീറ്റർ നീളം വരുന്ന ഈ ഗുഹ താണ്ടിക്കടക്കാൻ വളരെ സമയമെടുക്കും. വൃശ്ചികമാസത്തിൽ വെളുത്ത പക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) ദിവസം മാത്രമാണ് ഇതിലൂടെയുള്ള നൂഴൽ.
ഐതിഹ്യപ്രകാരം ദേവശില്പിയായ വിശ്വകർമ്മാവ് പരശുരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ് ഈ ഗുഹ.
പരമശിവൻ കൈലാസത്തിൽ പൂജിച്ചിരുന്ന ചതുർബാഹുവായ മഹാവിഷ്ണു വിഗ്രഹം ശിഷ്യനായ പരശുരാമന് കൊടുത്ത് ഉചിതമായ സ്ഥലത്ത് പ്രതിഷ്ഠ നടത്താൻ ആവശ്യപ്പെട്ടതനുസരിച്ചു പരശുരാമൻ ശ്രീ വില്വാദ്രിയിലെത്തി കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠ നടത്തുന്നു. താൻ തന്നെ മൂവേഴു വട്ടം നിഗ്രഹം നടത്തിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് മഹാവിഷ്ണുദർശനം സാധ്യമായെങ്കിലും മോക്ഷം ലഭിക്കുകയുണ്ടായില്ല. ഇക്കാരണത്താൽ ദുഃഖിതനായ പരശുരാമൻ പരിഹാരമാരായാൻ ദേവഗുരുവായ ബൃഹസ്പതിയെ ചെന്നുകണ്ടു. പ്രേതങ്ങൾക്കു ജന്മങ്ങളെടുത്തു കർമ്മഫലത്തിലൂടെയുള്ള പാപം നീക്കി മോക്ഷം നേടാൻ സാധിക്കില്ല എന്നതിനാൽ വില്വമലയിൽ പുനർജ്ജനി ഗുഹ നിർമ്മിക്കാനും അതിലൂടെ പ്രേതാത്മാക്കൾ നൂണാൽ ജന്മമൊടുങ്ങി മുക്തി ലഭിക്കുമെന്നും ദേവഗുരു ഉപദേശിക്കുന്നു. ഉടൻ തന്നെ പരശുരാമൻ വിശ്വകർമ്മാവിനെ ഗുഹ നിർമ്മിക്കാനായി വിളിച്ചു. അദ്ദേഹം ദേവേന്ദ്രന്നും ബൃഹസ്പതിയ്ക്കുമൊപ്പം വില്വാദ്രിയിലെത്തി.
ക്ഷേത്രത്തിന് വളരെ സമീപത്തായി (ഇന്ന് water tank സ്ഥിതി ചെയ്യുന്നതിന് സമീപം മലയിൽ വടക്ക് ഭാഗത്ത്) വിഘ്‌ന നിവാരണത്തിനായി ഗണപതിതീർത്ഥം ഉണ്ടാക്കിയെങ്കിലും പ്രേതസാന്നിദ്ധ്യം ഒരിയ്ക്കലും ക്ഷേത്രത്തിനടുത്തുണ്ടാകാൻ പാടില്ലെന്ന ചിന്തയിൽ കുറെക്കൂടി കിഴക്കോട്ടുപോയ വിശ്വകർമ്മാവിന് ഇന്ന് കാണുന്ന സ്ഥലത്ത് ത്രിമൂർത്തികളുടെ (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സാന്നിദ്ധ്യം അനുഭവപ്പെടുകയും അവിടെ ഗുഹ നിർമ്മിക്കാനായി ബൃഹസ്പതി പൂജകൾ നടത്തുകയും തുടർന്ന് വിശ്വകർമാവ് ഗുഹ നിർമിക്കുകയും ചെയ്തു. ഗുഹയോട് ചേർന്ന് തന്നെ, പാപനാശിനി തീർത്ഥം, പാതാള തീർത്ഥം എന്നിവയിലും കൂടാതെ ദേവേന്ദ്രൻ അമ്പ് എയ്തുണ്ടാക്കിയ അമ്പ് തീർത്ഥം, ഐരാവതം കൊമ്പ് കുത്തി ഉണ്ടാക്കിയ കൊമ്പ് തീർത്ഥം എന്നിവയിലും പരശുരാമൻ ശിവശിരസ്സിൽ നിന്നും വിഷ്ണുപാദത്തിൽ നിന്നും ഗംഗാ സാന്നിധ്യം വരുത്തി പുണ്യമാക്കി. തുടർന്ന്, പ്രേതാത്മാക്കൾ പുണ്യ തീർത്ഥങ്ങളാടി ഗുഹയിലൂടെ നൂഴ്ന്നിറങ്ങി മോക്ഷം പ്രാപിച്ചു.
അതേ സമയം, അവിടെ എത്തിയ ദേവഗണങ്ങളും, ബ്രാഹ്മണരും പരശുരാമനോട് തങ്ങൾക്കും നൂഴണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അപ്രകാരം ദേവന്മാരും ബ്രാഹ്മണരും ഗുഹ നൂണത് വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ ആയിരുന്നുവെന്ന് പറയപ്പെടുന്നു. അതേ ദിവസം തന്നെ സാധാരണക്കാരായ ഇന്നത്തെ ജനങ്ങളും പുനർജ്ജനി നൂണ് സായൂജ്യം അടയുന്നു. കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ കൊല്ലപ്പെട്ട ബന്ധുക്കൾക്കും ബലിയിടാനായി തിരുവില്വാമല ദേശത്തു ഐവർമഠത്തിൽ വന്നിരുന്നു എന്നും . തങ്ങൾ ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി നേടാനായി പുനർജ്ജനി നൂഴൽ നടത്തുകയും ചെയ്തു എന്നും പറയപ്പെടുന്നുണ്ട്. പുനർജ്ജനി നൂഴൽ ചടങ്ങിന് മുൻപായി താന്ത്രിക ക്രിയകൾ ഒന്നുമില്ല. തന്ത്രിക്ക് അതിൽ role ഉം ഇല്ല. വിശ്വാസത്തിലൂന്നിയ ചടങ്ങ് ആണത്. അമ്പലത്തിൽ നിന്നും ഏതെങ്കിലും ഒരു ശാന്തിക്കാരൻ പോയി ഗുഹാമുഖത്തു പൂജ നടത്തി ഗുഹാമുഖത്ത് ശംഖ് തീർത്ഥം തളിച്ച് പവിത്രമാക്കുന്നതും 23 കൊല്ലം മുൻപ് മാത്രം അന്നത്തെ ദേവസ്വം ഓഫീസർ മുൻകൈ എടുത്ത് തുടങ്ങിയതാണ്.
ദേവസ്വം വക ചുക്ക് വെള്ളം കൊടുക്കലും അക്കാലത്തു തുടങ്ങിയതാണ്. തലേ ദിവസം തന്നെ എത്തി പുനർജ്ജനി ഗുഹയുടെ അടുത്ത് പോയി എല്ലാ കഷ്ടതകളും സഹിച്ച് ക്യു നിൽക്കുന്നവർക്ക് ഏകാദശി നാളിൽ അതികാലത്തെത്തുന്ന ദേവസ്വം ഉദ്യോഗസ്ഥർ turn അനുസരിച്ചു ടോക്കൺ കൊടുത്തു തുടങ്ങിയതും അക്കാലത്തു തന്നെ. പരിചയക്കുറവ് കൊണ്ടോ ദേഹാസ്വാസ്ഥ്യം കൊണ്ടോ ആരെങ്കിലും ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അത് ആരാണ് എന്ന് മനസ്സിലാക്കാനായിട്ടാണ് ആദ്യം ഗുഹാമുഖത്തു register വെച്ചും പിന്നീട് ടോക്കൺ വെച്ചും മനസ്സിലാക്കിയിരുന്നത്. പിന്നീടാണ് അത് പരിഷ്ക്കരിച്ച് തലേ ദിവസം തന്നെ ദേവസ്വം ഓഫീസിൽ കൊടുത്തു തുടങ്ങിയത്.
നെല്ലിക്ക ഉരുട്ടൽ എന്നത് ഒരു പക്ഷേ വാമൊഴി വഴി പ്രചാരത്തിൽ ആയതാണെന്ന് അനുമാനിക്കാം. ഉരുട്ടിയാലും അത് ഇപ്പുറത്തു എത്തില്ല എന്നത് പറയാതെ അറിയുന്ന കാര്യം. പൂജ ചെയ്യുന്ന രീതിയിൽ ആള് മാറുമ്പോൾ ഒരു പക്ഷേ മാറ്റങ്ങൾ ഉണ്ടാകാം. ചടങ്ങിന് നെല്ലിക്ക മുകളിൽ നിന്നും just ഉരുട്ടിവിടലും ഉണ്ടാകാം. പൂജയും ഗുഹാമുഖങ്ങളിൽ കർപ്പൂരം കത്തിക്കലും ശംഖ് തീർത്ഥം തളിക്കലും ഒക്കെ എന്തായാലും ഉണ്ട്.
കുറച്ച് കാലമായി സുഹൃത്ത് ചന്തുവും ദേവസ്വം ജീവനക്കാരും പതിവുള്ളവരിൽ ചിലരും ആദ്യം നൂഴ്ന്നു മറ്റുള്ളവർക്ക് ധൈര്യവും കൊടുക്കുന്നു.
പണ്ടുകാലത്തു ഏകാദശി ദിവസം നാട്ടിലെ ചില ധൈര്യശാലികളായ ചെറുപ്പക്കാർ ഗുഹാ മുഖത്ത് ഒത്തു കൂടി കുറച്ച് പേരായാൽ നൂണ് പുറത്തു വരുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഗുഹാമുഖം ഏകദേശം 5-6 അടി ഉയരമുള്ളതാണ്. ഗുഹക്കകത്ത് കയറിയാൽ കുമ്പിട്ടും, പിന്നെ നിന്നും ഇരുന്നും നിരങ്ങിയും ഒക്കെ വേണം യാത്ര. ചിലയിടങ്ങളിൽ വായുസഞ്ചാരവും വെളിച്ചവും തീരെയില്ല. അതുകൊണ്ട് ഒരാൾക്ക്, മുന്നിലും പിന്നിലുമുള്ള ആളുകളുടെ സഹായത്തോടെ മാത്രമേ പോകാൻ കഴിയൂ. ഭക്തിയോടൊപ്പം അപാരമായ മനഃസാന്നിദ്ധ്യം കൂടിയുണ്ടെങ്കിലേ പുനർജ്ജനി നൂഴ്ന്നുകടക്കാൻ പറ്റൂ. ഗുഹയ്ക്കകത്ത് കടുത്ത ഇരുട്ടും ഭീകരതയുമുണ്ടായിട്ടും ഇഴജന്തുക്കളോ ക്രൂരമൃഗങ്ങളോ ഇല്ലാത്തത് അത്ഭുതമാണ്. ഒരു തരത്തിലുമുള്ള casualty യും ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ദൈവാനുഗ്രഹം മാത്രമാണ്.
ഒരുപക്ഷെ, ശരിക്കും ഒരു ജീവൻ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു അനുഭവിക്കുന്ന മാതിരിയുള്ള പ്രയാസങ്ങൾ മുഴുവൻ ഗുഹക്കുള്ളിൽ അനുഭവിച്ചു വേണം നൂഴുന്നവർ പുറംലോകത്തെത്താൻ എന്നത് കൊണ്ടാകാം അന്വർത്ഥമായ പുനർജ്ജനി എന്ന പേര് വന്നത്. ഒരു പ്രാവശ്യം നൂണാൽ ഒരു ജന്മത്തെ പാപം തീർന്നു പുതിയൊരു ജന്മം ആകുമെന്നാണ് വിശ്വാസം. 2023 നവംബർ 23 വ്യാഴാഴ്ചയാണ് ഇക്കുറി പുനർജ്ജനി നൂഴൽ. ശ്രീ വില്വാദ്രി നാഥന്റെ അനുഗ്രഹത്താൽ എല്ലാം പതിവുപോലെ നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.