ക്ഷേത്ര വാർത്തകൾ
വേദമന്ത്രങ്ങളുടെ ശക്തി; വെട്ടിക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രഫ.സരിത അയ്യരുടെ പ്രഭാഷണം 26ന്

തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ മെയ് 26 തിങ്കളാഴ്ച രാവിലെ 9.30ന് വേദമന്ത്രങ്ങളുടെ ശക്തി എന്ന വിഷയത്തില്‍ പ്രഫ.സരിത അയ്യരുടെ പ്രഭാഷണം നടക്കും. ക്ഷേത്രത്തില്‍ മെയ് 27 മുതല്‍ ജൂണ്‍ 3 വരെ നടക്കുന്ന വേദലക്ഷാര്‍ച്ചനയ്ക്കു മുന്നോടിയായിട്ടാണ് പ്രഭാഷണം നടത്തുന്നത്.

വേദോത്സവം നടക്കുന്ന ഈ ദിവസങ്ങളിലെ ക്ഷേത്രദര്‍ശനം അതിവിശേഷമാണ്. വേദമന്ത്രങ്ങള്‍ ഉരുക്കഴിക്കുന്ന ലക്ഷാര്‍ച്ചനയുടെ ദൈവീക മുഹൂര്‍ത്തത്തില്‍ ഓരോ ഭക്തര്‍ക്കും തല്‍സമയം പങ്കാളിയാകാം. ദേവീചൈതന്യ പ്രസരിതമായ ലക്ഷാര്‍ച്ചന യജ്ഞസന്നിധിയില്‍ സൂക്താര്‍ച്ചനകളും വഴിപാടുകളും നടത്തുന്നത് ആയുരാരോഗ്യ സൗഖ്യത്തിനും സമ്പല്‍സമൃദ്ധിക്കും അത്യുത്തമമാണ്.
വേദലക്ഷാര്‍ച്ചനയിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് വേദമുറ പുഷ്പാഞ്ജലി. ഭഗവാന്റെ ശബ്ദസ്വരൂപമായ വേദം ഒരാവര്‍ത്തി ജപിച്ച് പുഷ്പാഞ്ജലി ചെയ്യുന്നതാണ് വേദമുറ പുഷ്പാഞ്ജലി. അതിനാല്‍ സര്‍വ്വാഭീഷ്ടവും പ്രദാനം ചെയ്യുന്ന കാമധേനുവായ വേദമുറ പുഷ്പാജലി സര്‍വ്വ അഭീഷ്ടസിദ്ധിക്കായി ഈ സമയം ചെയ്യാന്‍ സാധിക്കുന്ന അത്യപൂര്‍വ വഴിപാടാണ്.

യജ്ഞത്തോനുബന്ധിച്ച് സമ്പൂര്‍ണ അര്‍ച്ചനകളും കുടുംബാര്‍ച്ചനകളും സൂക്താര്‍ച്ചനകളും വഴിപാടായി നടത്താം. തന്ത്രി പൂജിക്കുന്ന കലശത്തിലേക്കാണു വേദഞ്ജര്‍ വേദാര്‍ച്ചനകള്‍ നടത്തുന്നത്. ദിവസവും പുലര്‍ച്ചെ 4.30ന് ബ്രഹ്‌മകലശ പൂജ നടക്കും. രാവിലെ 5.30 മുതല്‍ 10.30 വരെയും വൈകിട്ട് 4.30 മുതല്‍ 6.30 വരെയും വേദലക്ഷാര്‍ച്ചന നടക്കും. 6.30ന് അധിവാസ ഹോമം, 7ന് നമസ്‌ക്കാര മണ്ഡപത്തില്‍ വാരമിരിക്കല്‍ എന്നിവ നടക്കും. ഓരോ ദിവസവും പൂജിച്ച കലശം പിറ്റേന്നു രാവിലെ അഭിഷേകം ചെയ്യും. ജൂണ്‍ 13ന് രാവിലെ 9ന് നടക്കുന്ന ബ്രഹ്‌മകലശാഭിഷേകത്തോടെ ചടങ്ങുകള്‍ അവസാനിക്കും.

രാവിലെ മുതല്‍ ഉച്ച വരെയുള്ള സമ്പൂര്‍ണ അര്‍ച്ചന, ഒരു ദിവസത്തെ സമ്പൂര്‍ണ അര്‍ച്ചന, എട്ടു ദിവസത്തെ സമ്പൂര്‍ണ അര്‍ച്ചന എന്നിവയാണു വഴിപാടുകള്‍. ഇതേ ക്രമത്തില്‍ ഗൃഹനാഥന്റെ പേരില്‍ കുടുംബാര്‍ച്ചനകളും പുരുഷസൂക്തം, ഭാഗ്യസൂക്തം, വിവാഹസൂക്തം, മംഗളസൂക്തം തുടങ്ങി വിവിധ സമ്പൂര്‍ണ സൂക്താര്‍ച്ചനകളും സമ്പൂര്‍ണ കലശാഭിഷേകവും വഴിപാടായി നേരാം.
ക്ഷേത്രത്തിലെ ഫോണ്‍നമ്പര്‍: 85471 78755, 9249796100

 

Related Posts